തിരുവനന്തപുരം: എൽഡിഎഫ് യോഗത്തിന് മുൻപ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എഡിജിപിയെ മാറ്റണമെന്ന ശക്തമായ നിലപാടാണ് ആദ്യം മുതൽ സിപിഐ സ്വീകരിക്കുന്നത്.
വിഷയത്തിൽ സിപിഐയുടെ നിലപാട് ഗോവിന്ദനെ വീണ്ടും ബിനോയ് വിശ്വം ധരിപ്പിച്ചെന്നാണ് വിവരം. അതിനിടെ എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ നടപടി വേണമെന്ന് ആർജെഡി നേതാവ് വർഗീസ് ജോർജ് ആവശ്യപ്പെട്ടു.
ആർജെഡി എന്നും ആർഎസ്എസിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. നിലപാട് എൽഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോളാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂട്ടിക്കാഴ്ച നടത്തിയത് ഗൗരവതരമെന്ന് എൻസിപി നേതാവ് പി.സി. ചാക്കോയും പ്രതികരിച്ചു.