ന്യൂഡൽഹി: വിദേശത്തു നിന്നുവന്ന യുവാവിന് മങ്കി പോക്സ് സ്ഥിരീകരിച്ചതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രോഗലക്ഷണങ്ങളോടെ ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്.
നിലവിൽ യുവാവിനെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യ നില മെച്ചപ്പെടുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് സ്ഥിരീകരിച്ചത്.
ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നിലവിലുള്ള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായിട്ടുള്ള വൈറസല്ല ഇതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആഫ്രിക്കയിൽ നിലവിൽ പടരുന്നത് ക്ലേഡ് 1 എംപോക്സ് വൈറസാണ്. ക്ലേഡ് 2നേക്കാൾ അപകടകാരിയായ വൈറസാണിത്.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പർക്കപ്പട്ടിക തയാറാക്കാനുള്ള നടപടി സ്വീകരിച്ചതായും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായും അധികൃതർ അറിയിച്ചു. നേരത്തെ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച യുവാവിന്റെ സാംപിളുകൾ നെഗറ്റീവായിരുന്നു.