തിരുവനന്തപുരം: നാലു ദിവസം കുടിവെള്ളത്തിനായി നെട്ടോട്ടമോടിയ തലസ്ഥാന നിവാസികൾക്ക് ആശ്വാസം. പൈപ്പ് ലൈനിന്റെ പണികൾ പൂർത്തിയായതോടെ ഞായറാഴ്ച രാത്രിയോടെ നഗരത്തിൽ പമ്പിംഗ് ആരംഭിച്ചു.
ഒന്നര മണിക്കൂർ കൊണ്ട് താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം എത്തുമെന്നും മൂന്ന് മണിക്കൂർ കൊണ്ട് എല്ലായിടങ്ങളിലും കുടിവെള്ളം എത്തുമെന്നും മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. ഐരാണിമുട്ടം ടാങ്കിൽ നിന്നും വിതരണം നടക്കുന്ന പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെയോടെ വെള്ളം എത്തുമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം - കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചതോടെയാണു നഗരത്തിൽ കുടിവെള്ളം കിട്ടാതായത്. നാൽപതിലേറെ വാർഡുകളിൽ ജലവിതരണം മുടങ്ങിയതോടെ ലക്ഷക്കണക്കിനു പേർ ദുരിതത്തിലായി.
റെയിൽവേ ട്രാക്കിന് അടിയിലൂടെ പോകുന്ന 500 എംഎം, 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിനു വേണ്ടി അഞ്ച്,ആറ് തീയതികളിൽ പമ്പിംഗ് നിർത്തും എന്നായിരുന്നു ജല അഥോറിറ്റിയുടെ അറിയിപ്പ്. എന്നാൽ പ്രവൃത്തി നീണ്ടതോടെ ശുദ്ധജലം കിട്ടാതെ ജനം വലഞ്ഞു.
പകരം സംവിധാനമൊരുക്കുന്നതിൽ ജല അഥോറിറ്റി അലംഭാവം കാട്ടിയതാണു പ്രശ്നം രൂക്ഷമാകാൻ കാരണമെന്ന് വി.കെ.പ്രശാന്ത് എംഎൽഎ ഉൾപ്പടെയുള്ളവർ പറഞ്ഞു.