തിരുവനന്തപുരം: നഗരത്തില്‍ നാലാംദിനവും കുടിവെള്ളം കിട്ടാതെ വലഞ്ഞ് നഗരവാസികള്‍. തിരുവനന്തപുരം - കന്യാകുമാരി റെയിൽവേ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിന് വാട്ടര്‍ അഥോറിറ്റി തുടങ്ങിവച്ച പണിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചത്.
നാൽപ്പത്തെട്ട് മണിക്കൂര്‍ കൊണ്ട് തീർത്തുതരാം എന്നു പറഞ്ഞ് ആരംഭിച്ച പണി നാലു ദിവസമായിട്ടും തീര്‍ന്നില്ല. ഞായറാഴ്ച ഉച്ചയോടെ കുടിവെള്ള വിതരണം പൂര്‍വസ്ഥിതിയിലാകുമെന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും ഒന്നും നടന്നില്ല. ശനിയാഴ്ച രാത്രി നഗരത്തില്‍ പമ്പിംഗ് തുടങ്ങിയെങ്കിലും ചിലയിടങ്ങളില്‍ പൈപ്പിൽ ലീക്ക് കണ്ടെത്തിയതിനാല്‍ തുടരാനായിരുന്നില്ല.
തകരാര്‍ പരിഹരിച്ചതിന് ശേഷം പമ്പിംഗ് പൂര്‍ണ തോതില്‍ തുടങ്ങുമെന്നാണ് വാട്ടര്‍ അഥോറിറ്റി അറിയിക്കുന്നത്. 44 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിര്‍ത്തിവച്ചിരുന്നത്. പൂര്‍ണമായും പമ്പിംഗ് തുടങ്ങുന്നത് വരെ ഈ പ്രദേങ്ങളില്‍ ടാങ്കറുകളില്‍ ജലവിതരണം തുടരുമെന്ന് നഗരസഭ അറിയിച്ചു.
എന്നാൽ ടാങ്കറുവഴി ആവശ്യത്തിന് വെള്ളം കിട്ടുന്നില്ലെന്ന് നഗരവാസികൾ പറയുന്നു. പ്രശ്നം രൂക്ഷമായതിനെ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലത്ത് എത്തി. കുടിവെള്ളം മുടങ്ങിയതിനെ വിമർശിച്ച് വി.കെ.പ്രശാന്ത് എംഎൽഎ ഉൾപ്പടെയുള്ളവർ രംഗത്ത് എത്തി.
കുടിവെള്ള വിതരണം കാര്യക്ഷമമല്ലാത്തതിനാൽ കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.