തിരുവനന്തപുരം: നാല് ദിവസമായി ജലവിതരണം തടസപ്പെട്ടതോടെ നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. 44 വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് തടസപ്പെട്ടത്.
തിരുവനന്തപുരം - കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനാലാണ് നഗരത്തിൽ കുടിവെള്ളം മുടങ്ങിയത്. ഇന്ന് പുലർച്ചെ ഭാഗികമായി പമ്പിംഗ് തുടങ്ങിയിരുന്നെങ്കിലും വാൽവിൽ ലീക്ക് കണ്ടെത്തിയതോടെ വീണ്ടും ജലവിതരണം നിർത്തിവച്ചിരിക്കുകയാണ്.
തകരാർ പരിഹരിച്ചതിന് ശേഷം പമ്പിംഗ് പൂർണ തോതിൽ തുടങ്ങുമെന്നാണ് ജല അഥോറിറ്റി അറിയിക്കുന്നത്. പമ്പിംഗ് ആരംഭിക്കുന്നതു വരേ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുമെന്ന് നഗരസഭ അറിയിച്ചു.
നിലവിലെ പ്രവൃത്തികൾ വൈകിട്ടോടെ പൂർത്തിയാകുമെന്നും തുടർന്ന് ജലവിതരണം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്താക്കി.