തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാർ അടക്കമുള്ളവർക്കെതിരേ നടക്കുന്ന അന്വേഷണം അതീവ രഹസ്യമായി വേണമെന്ന് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അന്വേഷണ സംഘാംഗങ്ങൾ ആരാണെന്ന് പോലും പുറത്തു പോകരുതെന്നാണ് ഡിജിപിയുടെ നിർദേശം.
അന്വേഷണം കഴിയുംവരേ തനിക്കെതിരായ അന്വേഷണത്തിൽ ഉൾപ്പെട്ട കീഴുദ്യോഗസ്ഥർ തനിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന അജിത് കുമാറിന്റെ നിർദേശത്തിൽ നടപടികൾ വേണ്ടെന്നും ഡിജിപി നിർദേശിച്ചു. നടപടി സ്വീകരിച്ചാൽ അത് ചട്ടവിരുദ്ധമാകുന്നതിനാലാണ് ഇത് ഒഴിവാക്കൻ ഡിജിപി നിർദേശിച്ചത്.
അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഐജിയും ഡിഐജിയും തനിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്നാണ് എഡിജിപി അജിത് കുമാർ ഡിജിപിക്ക് അയച്ച കത്തിൽ പറയുന്നത്. അതേസമയം അന്വേഷണ സംഘത്തിലെ ഐജിയും ഡിഐജിയും ജില്ലകളിലെ കാര്യങ്ങൾ ഉൾപ്പെടെ ഇപ്പോൾ ഡിജിപിയെയാണ് ധരിപ്പിക്കുന്നത്.