ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ തോല്‍വിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ രൂക്ഷവിമർശനം. സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനം കേന്ദ്ര കമ്മിറ്റി നിരാകരിച്ചു.
സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകനം നടത്തിയത് മാർക്സിയൻ രീതിയിലല്ലെന്ന് കേന്ദ്ര കമ്മിറ്റിയിൽ വിമർശനം ഉയർന്നു. ആഴത്തിലുള്ള തിരുത്തല്‍ നടപടികള്‍ വേണമെന്ന് നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ പാർട്ടിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച പോളിറ്റ് ബ്യൂറോ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ജാതി- മത സംഘടനകളുടെ സമീപനം മാത്രമാണ് തോൽവിക്ക് കാരണമെന്ന സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ആഴത്തിലുള്ള പരിശോധന വേണമെന്ന് കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചു.