തൃശൂര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് അക്രമം ഉണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. കൊല്ലപ്പെട്ട മനുവും വെങ്ങിണിശേരി സ്വദേശികളായ മറ്റ് മൂന്ന് പേരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
പിന്നീട് മനു കോടന്നൂരില്‍ എത്തിയപ്പോള്‍ മൂവരും ചേര്‍ന്ന് ഇയാളെ ഹോക്കി സ്റ്റിക്കുകൊണ്ട് ആക്രമിക്കുകയായിരുന്നെന്നാണ് സൂചന. വെങ്ങിണിശേരി സ്വദേശികളായ മണികണ്ഠന്, പ്രണവ്, ആഷിക് എന്നിവരാണ് കേസിലെ പ്രതികളെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതില്‍ മണികണ്ഠന് നേരത്തെ രണ്ടു കൊലപാതകക്കേസില്‍ പ്രതിയാണ്.