തിരുവനന്തപുരം: തലസ്ഥാനത്തെ നാടോടിദമ്പതികളുടെ മകൾ രണ്ടുവയസുകാരി മേരിയുടെ തിരോധാനം സംബന്ധിച്ച് നിർണായക വിവരങ്ങളുമായി മറ്റൊരു കുടുംബം. കുട്ടിയെ വാഹനത്തിൽ കൊണ്ടുപോകുന്നത് കണ്ടതായി ഈഞ്ചയ്ക്കലിലുള്ള കുടുംബം പോലീസിനെ അറിയിച്ചു.
സ്റ്റേഷനിലെത്തി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഇവരുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. രണ്ട് വയസുകാരിയെ കാണാതായിട്ട് 12 മണിക്കൂർ പിന്നിടുമ്പോൾ കേസിൽ എന്തെങ്കിലും തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
അതേസമയം, കാണാതായ കുട്ടിയുടെ സഹോദരങ്ങൾ പറയുന്ന മൊഴിയിൽ വൈരുധ്യവും ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്. കുട്ടിയെ മഞ്ഞ സ്കൂട്ടറിലെത്തിയ രണ്ട് പേർ എടുത്തുകൊണ്ടുപോയി എന്നാണ് സഹോദരന്റെ ആദ്യമൊഴി. എന്നാൽ പിന്നീട് അമ്മയുംട കരച്ചിൽ കേട്ടാണ് താൻ എഴുന്നേറ്റതെന്നും വാഹനം കണ്ടിട്ടില്ലെന്നും പറഞ്ഞ സഹോദരൻ, ഇളയ സഹോദരൻ പറഞ്ഞതാണ് ഇക്കാര്യമെന്നും തിരുത്തി പറഞ്ഞു.
ഹൈദരാബാദ് സ്വദേശികളായ അമർദീപ്-റബീന ദേവി ദമ്പതികളുടെ മകളായ മേരിയെയാണ് തട്ടിക്കൊണ്ടുപോയത്. തേനെടുക്കുന്ന ജോലിയെടുക്കുന്ന ജോലി ചെയ്യുന്നവരാണ് ഇവർ. ഇവർക്ക് നാലു കുട്ടികളാണുള്ളത്.
പേട്ട ഓൾസെയിന്റ്സ് കോളജിന് സമീപം റെയിൽവേ ട്രാക്കിനരികിൽ സഹോദരങ്ങൾക്കൊപ്പം കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങാൻ കിടന്ന കുഞ്ഞിനെ രാത്രി പന്ത്രണ്ടിനു ശേഷം കാണാതാകുകയായിരുന്നു. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ കുഞ്ഞിനെ കാണാതിരുന്നതോടെ മാതാപിതാക്കള്‍ പരിഭ്രാന്തരായി സമീപത്ത് തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്ന് അവർ പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.