ഇംഫാൽ: മണിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്ന് അവലോകന യോഗം ചേരും. ഉച്ചയ്ക്ക് 12 നാണ് യോഗം. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കിയാണ് അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങിയത്.
ഇതിനിടെ, മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ആസാമിൽ നദിയിൽനിന്ന് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. വിവസ്ത്രയായ നിലയില്‍ ഒരു സ്ത്രീയുടേയും ഒരു പെണ്‍കുട്ടിയുടേയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ഞായറാഴ്ച വൈകുന്നേരം രണ്ട് എംഎൽഎമാരുടെ വീടുകൾക്ക് കൂടി തീയിട്ടു. രണ്ടു ദിവസത്തിനിടെ മന്ത്രിമാരുടേയും, 13 എംഎല്‍എമാരുടെയും വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി വീടുകള്‍ക്ക് തീയിട്ടു.
അതിനിടെ സംഘർഷം തുടരുന്ന മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ബീരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ എൻപിപി പിൻവലിച്ചിരുന്നു. സർക്കാറിന് സംസ്ഥാനത്ത് യാതൊരു നിയന്ത്രണവുമില്ലെന്ന് വ്യക്തമായെന്നും എൻപിപി ആരോപിച്ചു. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം മണിപ്പുരിലെ ബിജെപിക്ക് അകത്തും ശക്തമാവുകയാണെന്നാണ് റിപ്പോർട്ടുകൾ.