തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. എട്ട് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് രാഹുൽ മോചിതനാകുന്നത്. പൂജപ്പുര സെൻട്രൽ ജയിലിന് പുറത്തെത്തിയ സംസ്ഥാന അധ്യക്ഷനെ പ്രവർത്തകർ തോളിലേറ്റിയാണ് സ്വീകരിച്ചത്. പുഷ്പവ്യഷ്ടിയും മുദ്രാവാക്യ വിളികളോടെയും പ്രവർത്തകർ ജയിൽ മോചനം ആഘോഷമാക്കി.
പിന്നാലെ ജയിൽ മോചിതനായ രാഹുൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു. ഇരുമ്പഴിക്കുള്ളിൽ അടച്ചാലും ഫാസിസ്റ്റ് സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് രാഹുല്‍ പ്രതികരിച്ചു. കേരളത്തിലെ രാജാവായി ഭരിക്കുന്ന പിണറായി വിജയൻ കിരീടം താഴെ വെക്കണം, ജനങ്ങൾ പിന്നാലെയുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി, ഷാഫി പറമ്പിൽ എംഎൽഎ, പി.സി. വിഷ്ണുനാഥ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വൻ ജനാവലിയാണ് പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ തടിച്ചു കൂടിയിരിക്കുന്നത്.
നേരത്തെ, നാല് കേസുകളിലും രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചരുന്നു. ഡിജിപി ഓഫീസ് മാര്‍ച്ച് കേസിൽ തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമ കേസിലും രാഹുലിന് ഇന്ന് ജാമ്യം ലഭിച്ചിരുന്നു.
പോലീസുകാരെ ആക്രമിച്ചു എന്നതടക്കമുള്ള ഗുരുതരവകുപ്പുകള്‍ ചുമത്തിയിരുന്ന കേസിലാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പൊതുമുതല്‍ നശിപ്പിച്ചതിന് കോടതി പറഞ്ഞ തുക കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.