കാക്കനാട്: സീറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച്ബിഷപ്പായി ഷംഷാനാബാദ് രൂപതാധ്യക്ഷനും മുൻ തൃശൂർ സഹായമെത്രാനുമായ മാർ റാഫേൽ തട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തിങ്കളാഴ്ച മുതൽ നടന്നുവരുന്ന സിനഡ് സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പുണ്ടായത്. റോമിൽ നിന്നും ഫ്രാൻസിസ് മാർപാപ്പയുടെ അനുമതി ലഭിച്ചതോടെയാണ് പ്രഖ്യാപനമുണ്ടായത്.
മാർ ആന്റണി പടിയറ, മാർ വർക്കി വിതയത്തിൽ, മാർ ജോർജ് ആലഞ്ചേരി എന്നിവരുടെ പിൻഗാമിയായാണ് മാർ റാഫേൽ തട്ടിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് പദവിയിൽ എത്തുന്നത്.
തൃശൂർ ബസിലിക്ക ഇടവകാംഗമായ മാർ റാഫേൽ തട്ടിൽ 1956 ഏപ്രിൽ 21-ന് തട്ടിൽ തോമ ഔസേഫ്-ത്രേസ്യ ദമ്പതികളുടെ പത്ത് മക്കളിൽ ഇളയവനായാണ് ജനിച്ചത്. തൃശൂർ സെന്റ് തോമസ് കോളജ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മാർ റാഫേൽ തട്ടിൽ 1971 തോപ്പ് സെന്റ് മേരീസ് മൈനർ സെമിനാരിയിൽ ചേർന്നു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ ഉപരിപഠനം നടത്തി.
1980 ഡിസംബർ 21-ന് മാർ ജോസഫ് കുണ്ടുകുളം അദ്ദേഹത്തെ വൈദികനായി അഭിഷേകം ചെയ്തു. അരണാട്ടുകര ഇടവക അസിസ്റ്റന്റ് വികാരിയായും മൈനർ സെമിനാരി ഫാദർ പ്രീഫെക്റ്റായും നിയമിതനായി.
റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. റോമിൽ നിന്ന് മടങ്ങിയെത്തിയ മാർ റാഫേൽ തട്ടിൽ അതിരൂപത മതബോധന വിഭാഗത്തിന്റെ ഡയറക്ടറായി പ്രവർത്തിച്ചു. 1998-ൽ മേരിമാതാ മേജർ സെമിനാരിയുടെ റെക്ടറായി നിയമിതനായി.
2010-ൽ തൃശൂർ അതിരൂപത സഹായ മെത്രാനായി. 2017 മുതൽ തെലങ്കാനയിലെ ഷംഷാബാദ് രൂപതയുടെ പ്രഥമ ബിഷപ്പായി പ്രവർത്തിച്ചു വരികയായിരുന്നു.