കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭാധ്യക്ഷന്മാരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളസദസിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ക്രൈസ്തവവിശ്വാസത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടവർക്കുവേണ്ടി ചെറുവിരലനക്കാത്തവരാണ് സൗഹൃദം നടിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മണിപ്പൂരിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർ ജീവിക്കണ്ട എന്ന നിലപാടാണ് സംഘപരിവാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മതനിരപേക്ഷ ചിന്താഗതിയുള്ളവർ ആക്രമണത്തെ അപലപിച്ചെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ചില ഉന്നത സ്ഥാനീയർ പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും വികസന പദ്ധതികൾക്കുവേണ്ടി കൂട്ടായ പ്രയത്നമാണ് നടത്തേണ്ടത്. അതേസമയം, വിരുദ്ധ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും പിറവത്തെ നവകേരളസദസിൽ മുഖ്യമന്ത്രി പ്രതികരിച്ചു.
നവകേരളസദസിനെത്തിയ മുഖ്യമന്ത്രിക്കു നേരേ യുത്ത് കോണ്ഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. കൊച്ചി, പാലാരിവട്ടം, മുളന്തുരുത്തി എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്.
നേരത്തെ, സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ നവകേരള സദസുകൾ മാറ്റിവച്ചിരുന്നു.