ന്യൂഡൽഹി: അരവിന്ദ് പനഗരിയയെ പുതിയ ധനകാര്യ കമ്മീഷൻ അധ്യക്ഷനായി നിയമിച്ച് ധനകാര്യ മന്ത്രാലയം. രാജ്യത്തെ പതിനാറാമത്തെ ധനകാര്യ കമ്മീഷൻ അധ്യക്ഷനായാണ് പനഗരിയ ചുമതലയേൽക്കുന്നത്.
ധനകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായ റിത്വിക് രഞ്ജനം പാണ്ഡെ കമ്മീഷൻ സെക്രട്ടറിയാകുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
2015 ജനുവരി മുതൽ 2017ഓഗസ്റ്റ് വരെ നീതി ആയോഗ് ഉപാധ്യക്ഷനായിരുന്നു അരവിന്ദ് പനഗരിയ. നിലവിൽ കൊളംബിയ സർവകലാശാലയിൽ പ്രഫസറായും പനഗരിയ സേവനമനുഷ്ടിക്കുന്നുണ്ട്. ലോക ബാങ്ക്, ഐഎംഎഫ്, ഡബ്ലുടിഓ എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾക്ക് നിർദേശ നല്കുന്ന ഭരണഘടന സമിതിയാണ് ധനകാര്യ കമ്മീഷൻ. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള നികുതി വിഭജനത്തിന് പുറമെ വരുമാന വർധന നിർദേശങ്ങൾ നല്കുന്നതും ധനകാര്യ കമ്മീഷനാണ്.
പുതിയ കമ്മീഷൻ അഞ്ച് വർഷകാലയളവിനുള്ള റിപ്പോർട്ട് 2025 ഒക്ടോബർ 31ന് മുമ്പായി രാഷ്ട്രപതിക്ക് സമർപ്പിക്കുമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.