മലപ്പുറം: മുഖ്യമന്ത്രിയേയും എസ്എഫ്ഐയേയും വെല്ലുവിളിച്ച് വീണ്ടും കാമ്പസിലെ റോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പോലീസ്. എന്നാല്‍ കേരള പോലീസിന്റെ സംരക്ഷണം താനിക്കാവശ്യമില്ല.
കാരണം പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുന്നില്ല. പോലീസ് നിഷ്ക്രിയമാകാന്‍ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കാളിയായ കണ്ണൂരിലെ ജനങ്ങളെ ദശാബ്ദങ്ങളായി ഭയപ്പെടുത്തിയ ആള് ആരാണെന്ന് നിങ്ങള്‍ക്കറിയാമല്ലൊ. എന്നാല്‍ അദ്ദേഹത്തിന് തന്നേ ഭയപ്പെടുത്താന്‍ കഴിയില്ല.
താന്‍ ആരേയും ഭയക്കുന്നില്ല. തനിക്ക് ഇപ്പോള്‍ 70 വയസായി. 35-ാം വയസില്‍ പോലും താന്‍ പേടിച്ചിട്ടില്ല. താന്‍ കോഴിക്കോട് നഗരത്തിലേക്ക് പോവുകയാണ്. പോലീസിന്റെ സംരക്ഷണം ആവശ്യമില്ല. ഇക്കാര്യത്തില്‍ ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ട്. തന്നെ നേരിടേണ്ടവര്‍ക്ക് അവിടെ നേരിടാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചാന്‍സലറുടെ അധികാരം സുപ്രീം കോടതി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. സമീപ കാലത്ത് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിയോടെ സിപിഎമ്മിനും എസ്എഫ്ഐയ്ക്കും പോഷക സംഘടനകള്‍ക്കും സര്‍വകലാശാലകളില്‍ തന്നിഷ്ടം നടപ്പാക്കാന്‍ ആകില്ലെന്ന് തിരിച്ചറിഞ്ഞു.
ആ നിരാശയിലാണ് തനിക്കെതിരേ എസ്എഫ്ഐ വരുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ ആറ് മരപ്പണിക്കാരെ അനധികൃതമായി സിപിഎം തിരുകി കയറ്റിയാതായും അദ്ദേഹം ആരോപിച്ചു.
സര്‍വകലാശാലകള്‍ പോലീസിന്റെ സംരക്ഷണത്തിലിരിക്കെ എങ്ങനെയാണ് എസ്എഫ്ഐയ്ക്ക് കടന്നുകയറി ബാനര്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഇതേ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ ഇത്തരത്തില്‍ പ്രതിഷേധിക്കാന്‍ അനുവദിക്കുമോ എന്നും ഗവര്‍ണര്‍ തിരക്കി.
കണ്ണൂരിനെ താന്‍ ഒരര്‍ഥത്തിലും ആക്ഷേപിച്ചിട്ടില്ല. കണ്ണൂരിലെ കൊലപാതകങ്ങളെ മാത്രമാണ് താന്‍ എതിര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.