കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. കുട്ടിയുടെ സ്കൂള്‍ ബാഗിന്റെ ഭാഗങ്ങളും പെന്‍സില്‍ ബോക്സുമാണ് അന്വേഷണസംഘം കണ്ടെടുത്തത്.
ഒന്നാംപ്രതി പത്മകുമാറിന്റെ പോളച്ചിറയിലെ ഫാം ഹൗസില്‍ നടത്തിയ പരിശോധനയിലാണ് തെളിവുകള്‍ ലഭിച്ചത്. ബാഗ് കത്തിച്ച് കളഞ്ഞെന്നും വ്യാജ നമ്പര്‍ പ്ലേറ്റ് ആറ്റില്‍ കളഞ്ഞെന്നുമാണ് പ്രതികള്‍ നേരത്തേ മൊഴി നല്‍കിയിരുന്നത്.
കാറിന്റെ വ്യാജ നമ്പര്‍ പ്ലേറ്റ് കണ്ടെത്താന്‍ അന്വേഷണസംഘം വീണ്ടും പരിശോധന നടത്തും. കേസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് തെളിവെടുപ്പ് നടത്തുന്നത്. പോളച്ചിറയിലെ ഫാമിലും സംഭവ ദിവസം കുട്ടിക്ക് ഭക്ഷണം വാങ്ങിയ ഹോട്ടലിലും പ്രതികളെ എത്തിച്ച് തെളിവുകള്‍ ശേഖരിച്ചു.
വ്യാഴാഴ്ച ചാത്തന്നൂരിലെ വീട്ടിലും പ്രതികളുമായി എത്തി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയര്‍ കാറും ചില നിർണായക ബാങ്ക് രേഖകളും ഇവരുടെ വീട്ടിൽനിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു.
കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനം, പ്രതികള്‍ ഒളിവില്‍ താമസിച്ച തമിഴ്നാട്ടിലെ ഫാം ഹൗസ് എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും.