ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദുരുപയോഗം ചെയ്ത് ഡീപ് ഫേക്ക് വീഡിയോകള്‍ സൃഷ്ടിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി സാധാരണക്കാരെ ഈ വ്യാജ വീഡിയോകള്‍ ബാധിക്കുന്നു.
മാധ്യമങ്ങള്‍ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മോദി പറഞ്ഞു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപിയുടെ ദീപാവലി മിലന് പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇത്തരം വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുമ്പോള്‍ വേണ്ട നടപടിയെടുക്കാന്‍ ചാറ്റ്ജിപിടി ടീമിനോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
നടി രശ്മിക മന്ദാന, കത്രീന കൈഫ്, കജോള്‍ എന്നിവരുടെ മോര്‍ഫ് ചെയ്ത മുഖങ്ങളുള്ള ഡീപ്ഫേക്ക് വീഡിയോകള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നിരവധി പ്രമുഖർ വിഷയത്തിൽ പ്രതിഷേധിച്ചിരുന്നു.