കൊച്ചി: കളമശേരിയിൽ നടന്നത് ആസൂത്രിതമായ ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരിച്ച് പോലീസ്. ടിഫിൻ ബോക്സിലാണ് ഒന്നിലേറെ സ്ഫോടകവസ്തുക്കൾ സജ്ജീകരിച്ചിരുന്നതെന്നും സ്ഥലത്തുനിന്ന് ഐഇഡി അവശിഷ്ടങ്ങൾ ലഭിച്ചെന്നും ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് എല്ലാവശങ്ങളും പരിശോധിക്കും. ഉടൻതന്നെ പോലീസ് ആസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗം നടക്കും. അതിനു ശേഷം അന്വേഷണസംഘം രൂപീകരിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
വിവിധ അന്വേഷണ ഏജന്‍സികളുമുള്‍പ്പടെ സംഭവ സ്ഥലത്തുണ്ടെന്നും താന്‍ വൈകുന്നേരം സ്ഥലത്തെത്തുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണമെന്ന് നിലവില്‍ സ്ഥിരീകരിക്കാനായിട്ടില്ലെന്നും അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് നല്കുന്ന ഔദ്യോഗിക വിവരങ്ങളല്ലാതെ ഏതെങ്കിലും തരത്തിൽ തെറ്റായ പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും ഡിജിപി അറിയിച്ചു.
ഞായറാഴ്ച രാവിലെ 9.30നാണ് കളമശേരിക്കു സമീപമുള്ള കണ്വെന്ഷന് സെന്ററിൽ സ്ഫോടനമുണ്ടായത്. മൂന്നിലേറെ സ്ഫോടനങ്ങളിൽ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെയാണ് സംഭവം. കണ്വെന്ഷന് സെന്ററിനുള്ളില്‍ മൂന്നിലേറെ സ്ഫോടനമുണ്ടായതാണ് പ്രാഥമിക വിവരം. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്ഫോടനത്തെ തുടർന്നു ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് നിരവധി പേർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ചയാണ് യഹോവ സാക്ഷികളുടെ സമ്മേളനം ആരംഭിച്ചത്. ഇന്ന് സമാപന സമ്മേളനമായിരുന്നു. രണ്ടായിരത്തിലധികം പേരെ ഉൾക്കൊള്ളാവുന്ന ഹാളിലാണ് സമ്മേളനം പുരോഗമിച്ചിരുന്നത്.