തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 76.51 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ഒമ്പത് ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 13,047 സ്ത്രീകളും 11,547 പുരുഷന്മാരുമുൾപ്പെടെ ആകെ 24,504 പേരാണ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ നടന്ന പോളിംഗിൽ വോട്ട് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ 47.58 ശതമാനവും കണ്ണൂർ കോർപ്പറേഷനിലെ പള്ളിപ്രം വാർഡിൽ 73.39 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. കോട്ടയം നഗരസഭയിലെ പുത്തൻതോട് വാർഡിൽ 74.23 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ചേർത്തല നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് വാർഡിലെ 79.86 വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിച്ചു.
ബുധനാഴ്ച രാവിലെ പത്ത് മുതൽ വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.