അമൃത്സർ: പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ ജവാനെ മരിച്ചനിലയില്‍ കണ്ടെത്തി. സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം നടന്ന വെടിവയ്പുമായി സംഭവത്തിന് ബന്ധമില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ നാലു സൈനികരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടുപേർക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
സാധാരണ വസ്ത്രം ധരിച്ച രണ്ട് അജ്ഞാതർ സൈനികകേന്ദ്രത്തിൽ അതിക്രമിച്ചു കടക്കുകയും ആക്രമണം നടത്തിയശേഷം കാട്ടിലേക്ക് ഓടിമറയുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.
സൈനിക കേന്ദ്രത്തിലുണ്ടായതു ഭീകരാക്രമണമല്ലെന്നാണു ഭട്ടിൻഡ സീനിയർ പോലീസ് സുപ്രണ്ട് ഗുൽനീത് സിംഗ് ഖുറാൻ പറഞ്ഞത്. സൈനിക കേന്ദ്രത്തിൽ ചില ആഭ്യന്തരപ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം കൂടുതൽ പ്രതികരിക്കാൻ തയാറായില്ല.