മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ലെഗസി ടീമുകളുടെ കലാശപ്പോര്. എലിമിനേറ്റർ പോരാട്ടത്തിൽ ലീഗ് ക്രിക്കറ്റിലെ പുതുക്കക്കാരായ യുപി വാരിയേഴ്സിനെ 72 റൺസിന് തകർത്ത മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസുമായുള്ള ഫൈനൽ പോരാട്ടത്തിന് ശംഖൊലി മുഴക്കി.
72* റൺസുമായി തകർത്തടിച്ച നാറ്റ് സ്കിവറിന്റെ കരുത്തിൽ യുപിക്ക് മുമ്പിൽ 183 റൺസിന്റെ വിജയലക്ഷ്യമാണ് മുംബൈ ഉയർത്തിയത്. ഫൈനലിലേക്ക് ബാറ്റ് വീശാമെന്ന് കരുതി റൺചേസിനിറങ്ങിയ യുപിയുടെ ഇന്നിംഗ്സ് 110 റൺസിന് അവസാനിച്ചു.
സ്കോർ:
മുംബൈ ഇന്ത്യൻസ് 182/4(20)
യുപി വാരിയേഴ്സ് 110/10(17.4)
നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി ഹാട്രിക്ക് അടക്കം നാല് വിക്കറ്റ് നേടിയ ഇസി വോംഗ് ആണ് യുപിയുടെ നട്ടെല്ലൊടിച്ചത്. സൈഖ ഇസ്ഹാഖ് രണ്ടും സ്കിവർ, ഹെയ്ലി മാത്യൂസ്, ജെ. കാലിത എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
യുപി നിരയിൽ കിരൺ നാഗ്വിരെ(43) മാത്രമാണ് പിടിച്ചുനിന്നത്. ആറ് യുപി ബാറ്റർമാർ ഒറ്റയക്ക സ്കോറിനാണ് പുറത്തായത്. അലീസ ഹീലി(11), ശ്വേത സെഹ്റാവത്ത്(1), ഗ്രേസ് ഹാരിസ്(14) എന്നിവർ വേഗം മടങ്ങിയതോടെ 56/4 എന്ന നിലയിൽ പതറിയ യുപിക്ക് പിന്നീട് പിടിച്ചുകയറാൻ സാധിച്ചില്ല.
നേരത്തെ, ഒമ്പത് ഫോറുകളും രണ്ട് സിക്സും നേടിയ സ്കിവർ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്. 29 റൺസ് നേടിയ അമേലിയ കെർ ആണ് ടീമിന്റെ മികച്ച രണ്ടാമത്തെ സ്കോറിനുടമ. യുപിക്കായി സോഫി എക്ലസ്റ്റോൺ രണ്ടും പർശവി ചോപ്ര, അഞ്ജലി സർവാണി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.