വാഷിംഗ്ടൺ ഡിസി: അദാനി ഗ്രൂപ്പിനെ വട്ടംചുറ്റിച്ച അന്വേഷണ റിപ്പോർട്ടിന് പിന്നാലെ അമേരിക്കൻ പേമെന്റ് ആപ്പ് "ബ്ലോക്കി'നെപ്പറ്റിയുള്ള റിപ്പോർട്ട് പുറത്തുവിട്ട് ഹിൻഡൻബെർഗ് റിസേർച്ച് ഗ്രൂപ്പ്.
ട്വിറ്റർ മുൻ സിഇഒ ജാക്ക് ഡോർസിയുടെ ഉടമസ്ഥതയിലുള്ള ബ്ലോക്ക് കണക്കുകളിൽ കൃത്രിമം നടത്തിയെന്നാണ് ഹിൻഡൻബെർഗിന്റെ കണ്ടെത്തൽ. ആപ്പ് ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് രേഖപ്പെടുത്തിയും ചെലവുകൾ ചുരുക്കി കാട്ടിയും കമ്പനി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
ബ്ലോക്ക് ഒരു ബില്യൺ ഡോളറിന്റെ തട്ടിപ്പ് നടത്തിയതായി രണ്ട് വർഷം നീണ്ട് നിന്ന അന്വേഷണത്തിനൊടുവിൽ തെളിഞ്ഞെന്ന് ഹിൻഡൻബെർഗ് അറിയിച്ചു. കമ്പനിയുടെ ആകെയുള്ള ഉപയോക്ത അക്കൗണ്ടുകളിൽ 40 മുതൽ 75 ശതമാനം വരെ വ്യാജമോ തട്ടിപ്പുമായി ബന്ധമുള്ളതോ ആണെന്ന് ബ്ലോക്കിലെ മുൻ ജീവനക്കാർ വിവരം നൽകിയെന്നാണ് ഹിൻഡെൻബെർഗ് റിപ്പോർട്ട് പറയുന്നത്.
റിപ്പോർട്ട് പുറത്തുവന്നയുടൻ ബ്ലോക്കിന്റെ ഓഹരിവില 18 ശതമാനം ഇടിഞ്ഞു. റിപ്പോർട്ടിനെക്കുറിച്ച് ബ്ലോക്ക് ആപ്പ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.