ഹോസ്പിറ്റാലിറ്റി അധ്യാപനത്തിനു ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്
ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും അധ്യാപനം ഇഷ്ടമാണെങ്കിൽ ഇനി നാഷണൽ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് നിർബന്ധം. നാഷണൽ കൗണ്‍സിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ കീഴിലുള്ള ഹോട്ടൽ മാനേജ്മെന്റ്, ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അസിസ്റ്റന്റ് ലക്ചറർ, ടീച്ചിംഗ് അസോസിയറ്റ് തസ്തികകളിൽ അപേക്ഷിക്കുന്നതിനാണ് എലിജിബിലിറ്റി ടെസ്റ്റ് നിർബന്ധമാക്കിയിരിക്കുന്നത്.
നാഷണൽ കൗണ്‍സിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ കീഴിൽ 68 ഇൻസ്റ്റിറ്റ്യൂട്ടുകളും 21 കേന്ദ്ര ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും 24 സംസ്ഥാന ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും ഒരു പൊതുമേഖലാ സ്ഥാപനവും 14 സ്വകാര്യ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും നാഷണൽ കൗണ്‍സിലുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.
മാർച്ച് 24 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് മാർച്ച് 27നകം അയച്ചു കൊടുക്കണം. ഏപ്രിൽ 11 നാണ് എൻഎച്ച്ടിഇടി. കൂടുതൽ വിവരങ്ങൾക്ക്: www.thims.gov.in.
ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെന്റിൽ 60 ശതമാനം മാർക്കോടെ ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെന്റിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
പ്രായം 30 വയസ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്.
ഒബ്ജക്ടീവ് മാതൃകയിലുള്ളതാണു പരീക്ഷ. മൂന്നു ഭാഗങ്ങളുണ്ടായിരിക്കും. പേപ്പർ ഒന്നിലും രണ്ടിലും 50 ചോദ്യങ്ങൾ വീതവും പേപ്പർ മൂന്നിൽ 100 മാർക്കിന്റെ ചോദ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. പേപ്പർ ഒന്നിൽ റീസണിംഗ് എബിലിറ്റി, കോംപ്രിഹെൻഷൻ, ഡൈവർജന്റ് തിങ്കിംഗ്, ജനറൽ നോളജ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. പേപ്പർ രണ്ടിലും മൂന്നിലും ഹോട്ടൽ മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണുണ്ടായിരിക്കുക.
തിരുവനന്തപുരം ഒരു പരീക്ഷാ കേന്ദ്രമാണ്.
അപേക്ഷാ ഫീസ് 800 രൂപ. പട്ടിക ജാതിവർഗക്കാർക്ക് 400 രൂപ.