പോക്സോ ഇരകളെ വീണ്ടും പീഡിപ്പിക്കരുത്
Saturday, September 20, 2025 12:00 AM IST
ഫോറൻസിക് റിപ്പോർട്ടുകൾ വൈകുന്നതിനാൽ സംസ്ഥാനത്ത് പോക്സോ കേസുകൾ കെട്ടിക്കിടക്കേണ്ടിവരുന്നത് ഇരകൾക്കുള്ള തുടർപീഡനമാണ്.
ലൈംഗികാതിക്രമങ്ങളിൽ ഏറ്റവും ക്രൂരമാണ് കുട്ടിക്കൾക്കെതിരേയുള്ളത്. എത്രയും വേഗം കേസുകൾ പൂർത്തിയാക്കി കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും നീതി ലഭ്യമാക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
കള്ളക്കേസിൽ കുടുക്കപ്പെട്ട നിരപരാധികളുടെ മോചനവും തുല്യപ്രാധാന്യമുള്ളതാണ്. എന്നാൽ, ഫോറൻസിക് റിപ്പോർട്ടുകൾ വൈകുന്നതിനാൽ സംസ്ഥാനത്ത് പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നെന്ന വാർത്ത അസ്വസ്ഥജനകമാണ്. ഈ കെടുകാര്യസ്ഥത, പോക്സോ കേസുകളിലെ മാത്രമല്ല, അവയുടെ ദുരുപയോഗത്തിന്റെ ഇരകൾക്കും നീതി വൈകിക്കുന്ന തുടർപീഡനമാണ്.
ആഭ്യന്തരവകുപ്പില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജൂലൈ 31 വരെ തീര്‍പ്പാക്കാനുള്ള പോക്സോ കേസുകളുടെ എണ്ണം 6,522 ആണ്. കൂടുതലും ഭരണസിരാകേന്ദ്രം ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിലാണ്. 1,370 കേസുകൾ. 704 കേസുകളുമായി എറണാകുളവും 642 കേസുകളുമായി കോഴിക്കോടും തൊട്ടുപിന്നാലെയുണ്ട്.
ഫോറന്‍സിക് ലാബുകളിലെ ഉദ്യോഗസ്ഥരുടെ കുറവു മൂലമാണ് പലപ്പോഴും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളില്‍ 28 ഫോറന്‍സിക് ഓഫീസര്‍ തസ്തികകള്‍ ആഭ്യന്തരവകുപ്പ് അടുത്തിടെ അനുവദിച്ചിരുന്നു. അനുവദിച്ച തസ്തികകളിൽ എത്രയും വേഗം നിയമനം നടത്തിയാൽ കേസുകളുടെ കാലതാമസം ഒരു പരിധിവരെ ഒഴിവാക്കാം.
പോക്സോ കേസുകളിലെ ഇരകൾ സമൂഹത്തിലെ ഏറ്റവും ദുർബലരായതിനാൽ നിയമത്തിന്റെ നൂലാമാലകളിൽ കുടുക്കിയിടുന്നത് ലൈംഗികാതിക്രമത്തിന്റെ മാനസിക മുറിവുകളെ ഉണങ്ങാതെ നിലനിർത്തുന്നതിനു തുല്യമാണ്. മാത്രമല്ല, വ്യക്തിവൈരാഗ്യവും പകയും തീർക്കാൻ കെട്ടിച്ചമച്ച കള്ളക്കേസുകളും സമീപകാലത്ത് വർധിച്ചിട്ടിട്ടുണ്ട്. സമൂഹത്തിൽ അങ്ങേയറ്റം വെറുക്കപ്പെട്ടവരായി ചിത്രീകരിക്കപ്പെടുന്ന നിരപരാധികളും എത്രയും വേഗം മോചിപ്പിക്കപ്പെടേണ്ടതാണ്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഈ ശ്രമം പരാജയപ്പെടുന്നത് സംസ്ഥാനത്തിന് അപമാനകരമാണ്.
മുടി, രക്തം, സ്രവങ്ങൾ, വിരലടയാളം എന്നിവയും കൈയക്ഷര വിശകലനവും ഫോറൻസിക് തെളിവുകളുടെ ഭാഗമാകാം. മെഡിക്കൽ പരിശോധന, മൊഴികൾ, സാഹചര്യ തെളിവുകൾ തുടങ്ങിയവയെ കൂടുതൽ ആധികാരികമാക്കുകയോ അധിക തെളിവുകൾ നൽകുകയോ ചെയ്യുന്നവയാണ് ഫോറൻസിക് പരിശോധനാഫലങ്ങൾ. വിചാരണവേളയിൽ കുറ്റവാളികളെയും നിരപരാധികളെയും വേർതിരിച്ചറിയാനും ഈ ശാസ്ത്രീയ തെളിവുകൾ സഹായിക്കും.
ബലാത്സംഗ-പോക്സോ കേസുകൾ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി 14 എക്സ്ക്ലൂസീവ് പോക്സോ കോടതികള്‍ ഉള്‍പ്പെടെ 56 അതിവേഗ പ്രത്യേക കോടതികളാണു സംസ്ഥാനത്തുള്ളത്. ഇവ കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതികളെയും മറ്റു ജില്ലകളിലെ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതികളെയും കുട്ടികളുടെ കോടതിയായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതായത്, ആവശ്യത്തിനു നിയമസംവിധാനങ്ങളുണ്ടെങ്കിലും അനുബന്ധ രേഖകൾ യഥാസമയം നൽകാനാകുന്നില്ല. എത്ര സജ്ജമായ യന്ത്രത്തെയും ഊരിപ്പോയ ഒരാണി നിശ്ചലമാക്കുന്നതുപോലെ.
കുട്ടികളുടെ സംരക്ഷകരായിരിക്കേണ്ട കുടുംബാംഗങ്ങളും അധ്യാപകരുമൊക്കെ പോക്സോ കേസുകളിൽ കൂടുതലായി ഉൾപ്പെടുന്ന ഭയാനക സ്ഥിതി നിലവിലുണ്ട്. ഇരകളാകുന്ന ആൺകുട്ടികളുടെ എണ്ണവും വർധിച്ചു. വിദ്യാഭ്യാസ വകുപ്പിലെ 77 പോക്സോ കേസുകളിൽ വകുപ്പുതല ശിക്ഷാനടപടി നേരിടുന്നത് 65 അധ്യാപകരാണ്. 12 പേർ മറ്റു ജീവനക്കാരാണ്. സ്നേഹത്തിന്റെ കരങ്ങളെന്നു കരുതിയവതന്നെ ഞെരിച്ചെന്ന യാഥാർഥ്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് പോക്സോ ഇരകൾ.
ലൈംഗികാതിക്രമങ്ങൾ കുട്ടികളുടെ വർത്തമാനകാലത്തെ തരിപ്പണമാക്കിയെങ്കിൽ നീതി വൈകിക്കുന്നതിലൂടെ സർക്കാർ അവരുടെ ഭാവിയെയും ഭയത്തിനു പണയപ്പെടുത്തുകയാണ്. ബാക്കിയുള്ളത് ഭൂതകാലത്തിന്റെ ഉണങ്ങാത്ത മുറിവുകളാണ്. കേവലം ഫോറൻസിക് റിപ്പോർട്ടിന്റെ പേരിൽ അവരെ അവിടെ തളച്ചിടരുത്.