നാളെയിത് ആർക്കും സംഭവിക്കാം
Tuesday, August 26, 2025 12:00 AM IST
വർഷങ്ങൾ പിന്നിട്ടിട്ടും അവഗണനയുടെ സമരത്തുരുത്തുകളിൽ ഒറ്റപ്പെട്ടുപോയവരെക്കുറിച്ച് ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. അതു വായിക്കേണ്ടതു സമരക്കാരല്ല, സർക്കാരാണ്.
നീതിക്കും ന്യായത്തിനുംവേണ്ടിയുള്ള സമരങ്ങൾ വിജയിക്കുന്നത് അതിൽ പങ്കെടുക്കുന്നവരുടെ കരുത്തുകൊണ്ടു മാത്രമല്ല, ഭരണകൂടത്തിന്റെ നീതിബോധംകൊണ്ടുമാണ്.
ദുർബലരായ സമരക്കാരെ അടിച്ചമർത്തുകയോ അവഗണിക്കുകയോ ചെയ്തു തോൽപ്പിക്കാൻ ഒരു സർക്കാരിനും ബുദ്ധിമുട്ടില്ല. പക്ഷേ, ജനാധിപത്യം ആവശ്യപ്പെടുന്നത് അതല്ല. വർഷങ്ങളായി വിവിധ ആവശ്യങ്ങളുന്നയിച്ചു കേരളത്തിൽ സമരം ചെയ്തുകൊണ്ടിരിക്കുന്നവരെക്കുറിച്ച് ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. അതു വായിക്കേണ്ടതു സമരക്കാരല്ല, സർക്കാരാണ്. തങ്ങളുടെ ഭരണത്തിന്റെ ഇരുണ്ട മൂലകൾ കണ്ടെത്താൻ അതുപകരിക്കും.
പത്തും പതിനാറും വർഷങ്ങളായ സമരങ്ങൾപോലും സംസ്ഥാനത്തുണ്ട്. പലരും നീതി കിട്ടാതെ മരിച്ചുപോയി. ബാക്കിയുള്ളവർ അവരുടെ കൊച്ചുകൊച്ചു സന്തോഷങ്ങൾപോലും മാറ്റിവച്ച് എന്നെങ്കിലും നീതി കിട്ടുമെന്നു കരുതി സമരപ്പന്തലുകളിൽ കാത്തിരിക്കുകയാണ്. അതിലൊന്നാണ് ആശമാരുടെ സമരം.
അവരുടെ അധ്വാനത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന തുച്ഛമായ പ്രതിഫലം കേട്ടു മലയാളി തലയിൽ കൈവച്ചു. പക്ഷേ, സർക്കാരും അവരുടെ ‘അധ്വാനവർഗ പാർട്ടി’യും ആ സ്ത്രീകളെ കൂക്കിവിളിച്ചു. പട്ടിണിപ്പാവങ്ങളുടെ ജീവിതയാഥാർഥ്യങ്ങൾ മനസിലാക്കാൻ പറ്റാത്തത്ര ഉയർന്ന സാന്പത്തികസ്ഥിതിയിലാണ് നേതാക്കളിലേറെയും. അതുകൊണ്ട് ആശമാരെ മനസിലായില്ലെങ്കിലും ലക്ഷങ്ങൾ മാസവരുമാനമുള്ള പിഎസ്സി അംഗങ്ങളുടെ ആർത്തി പെട്ടെന്നു മനസിലായി.
ലക്ഷങ്ങൾ കൂട്ടിക്കൊടുത്തു. ആശമാരോടു പോയി കേന്ദ്രത്തോടു ചോദിക്കാൻ പറഞ്ഞവർ, കേന്ദ്രത്തോടു ചോദിച്ചിട്ടാണോ പ്രകടനപത്രികയിൽ ആശമാരുടെ പ്രതിഫലം വർധിപ്പിക്കാമെന്നു വാഗ്ദാനം ചെയ്തതെന്നു പറഞ്ഞില്ല. സമരംതന്നെ ജീവിതമാക്കിയത് സത്യത്തിൽ നേതാക്കളല്ല, അവർ പുറംകാലിനു തൊഴിച്ചെറിഞ്ഞ സാധാരണക്കാരാണ്.
2007ൽ യുഡിഎഫ് സർക്കാരിന്റെ കാലത്തു തുടങ്ങിയ ചെങ്ങറ ഭൂസമരം 18 വർഷം പിന്നിട്ടു. കോഴിക്കോട് മാനാഞ്ചിറ ചത്വരത്തിൽ കോംട്രസ്റ്റ് തൊഴിലാളികൾ സംയുക്ത സമരം തുടങ്ങിയിട്ട് 16 വർഷം. കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി ഏറ്റെടുക്കല് ബില്ല് രാഷ്ട്രപതി അഗീകരിക്കുകയും സംസ്ഥാന സര്ക്കാര് ഗസറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തിട്ടും ഫലമുണ്ടായില്ല.
ഒന്നും ചെയ്യില്ലെന്നു പറയില്ല; പക്ഷേ ചെയ്യില്ല. എൻഡോസൾഫാൻ ഇരകളുടെ കാര്യവും ഇതാണ്. അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം കൊടുക്കാൻ സുപ്രീംകോടതി 2007ൽ ഇടക്കാല ഉത്തരവും 2022ൽ അന്തിമവിധിയും പുറപ്പെടുവിച്ചതാണ്.
18 വർഷമായെങ്കിലും വിതരണം പൂർത്തിയായിട്ടില്ല. മുനന്പം, കേരളത്തെ ഇളക്കിമറിച്ച സമരമായിരുന്നു. കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും പ്രതിപക്ഷവുമൊക്കെ മാറിമാറി സമരപ്പന്തലിലെത്തി. ഭേദഗതി വരുത്തിയിട്ടും വഖഫ് നിയമത്തിന്റെ മനുഷ്യ-ജനാധിപത്യവിരുദ്ധ പഴുതിൽ കുടുങ്ങിപ്പോയ നൂറുകണക്കിനു മനുഷ്യർ, പണം കൊടുത്തു വാങ്ങിയ സ്വന്തം മണ്ണിന്റെ കൈവശാവകാശത്തിനുവേണ്ടി 300 ദിവസമായി സമരത്തിലാണ്.
കാലഹരണപ്പെട്ട മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരിസരത്തുപോലും വീടില്ലാത്ത രാഷ്ട്രീയക്കാരും ന്യായാധിപരും ചില വിദഗ്ധരുമൊക്കെ അതു പൊട്ടില്ലെന്ന് ‘ഉറപ്പു’കൊടുത്തതാണ് മറ്റൊരു ദുരന്തം.
അണക്കെട്ടിനോടനുബന്ധിച്ച് തുരങ്കമുണ്ടാക്കാൻ 2014ൽ സുപ്രീംകോടതി നടത്തിയ ഉത്തരവ് നടപ്പാക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഭയചകിതരായവർ സമരം തുടങ്ങിയിട്ട് ഒരു വർഷത്തോടടുക്കുന്നു. പതിനായിരക്കണക്കിനു മനുഷ്യരുടെ ജീവിതത്തെ അനിശ്ചിതത്വത്തിലാക്കിയ സിൽവർലൈൻ സമരം, വയനാട്-നിലന്പൂർ-പാലക്കാട് ആദിവാസി ഭൂസമരങ്ങൾ, കോട്ടയത്തെയും ആലപ്പുഴയിലെയും നെൽകർഷക സമരങ്ങൾ, ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണലൂറ്റ് വിരുദ്ധ സമരം, വയനാട്ടിൽ വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി തിരികെ കിട്ടാൻവേണ്ടി ഒരു കുടുംബത്തിന്റെ 10 വർഷം പിന്നിട്ട സമരം... അവകാശസമരങ്ങളെ അധികാരത്തിലേക്കുള്ള വഴിയാക്കിയവർ അധികാരത്തിലെത്തിയപ്പോൾ തിരിഞ്ഞുകുത്തിയതിന്റെ നന്പർ വൺ ഉദാഹരണങ്ങളിൽ ചിലതാണ് പറഞ്ഞത്.
ജനാധിപത്യ ധാർമികതകളും ഉത്തരവാദിത്വവും മറന്നതിൽ പ്രതിപക്ഷവുമുണ്ട്. എന്തിനാണ്, ആരെ കാത്താണ് നിങ്ങളിങ്ങനെ വർഷങ്ങളായി വഴിയിൽ നിൽക്കുന്നതെന്ന് ആരും ചോദിക്കാനില്ലാത്തവരുടെ നിസഹായാവസ്ഥ അഭിസംബോധന ചെയ്യപ്പെടണം.
പഞ്ചായത്ത് തലത്തിൽ പരിഹരിക്കാവുന്നത് അങ്ങനെയും സംസ്ഥാന തലത്തിൽ പരിഹരിക്കാവുന്നത് അങ്ങനെയും തീർക്കണം. ഉദ്യോഗസ്ഥരല്ല, ജനപ്രതിനിധികളാണ് ഈ മനുഷ്യരോടു സംസാരിക്കേണ്ടത്. ഗതികേടിന്റെ പാരമ്യതയിലാവാം അവർ സമരത്തിനിറങ്ങിയത്. ഇതു തെരഞ്ഞെടുപ്പുകാലത്ത് ചർച്ച ചെയ്യപ്പെടണം. ആ കടന്പയും കടന്നാൽ ഇവരൊന്നും തിരിഞ്ഞുനോക്കില്ല. നാളെയിത് ആർക്കും സംഭവിക്കാമെന്ന് സഹപൗരരും ചിന്തിക്കണം.