ആർക്കുവേണ്ടിയാണീ ‘ശ്വാനരാഷ്ട്രീയം?’
Wednesday, August 20, 2025 12:00 AM IST
മനുഷ്യമാംസം കടിച്ചുപിടിച്ചിരിക്കുന്ന പട്ടികളെയോർത്ത് പൊട്ടിക്കരയുന്ന രാഷ്ട്രീയക്കാരും കപട മൃഗസ്നേഹികളുമല്ല കാര്യം തീരുമാനിക്കേണ്ടത്.
വ്യാജ വോട്ടർപട്ടികയാണോ വന്യജീവി-തെരുവുനായ ശല്യമാണോ വലുതെന്നു ചോദിച്ചാൽ ആദ്യത്തേത് ജനാധിപത്യത്തെയും രണ്ടാമത്തേത് ജനത്തെയും കൊല്ലുന്നുവെന്നാണ് ഉത്തരം. വന്യജീവി-തെരുവുനായ ശല്യം പരിഹരിക്കാൻ അന്പേ പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ തിരുത്താൻ പ്രതിപക്ഷവുമില്ല. ജനാധിപത്യഹത്യക്കെതിരേ ചുവപ്പുകൊടി കാണിക്കുന്ന രാഹുൽ ഗാന്ധി മറുകൈകൊണ്ട് തെരുവുനായകളുടെ ജനഹത്യക്കു പച്ചക്കൊടി കാണിക്കുന്നു. വന്യജീവി ആക്രമണത്തിൽ പ്രിയങ്ക ഗാന്ധിയും കരിനിയമങ്ങളെ പിന്തുണച്ചു.
മനുഷ്യമാംസം കടിച്ചുപിടിച്ചിരിക്കുന്ന പട്ടികളെയോർത്ത് പൊട്ടിക്കരയുന്ന രാഷ്ട്രീയക്കാരും കപട മൃഗസ്നേഹികളുമല്ല കാര്യം തീരുമാനിക്കേണ്ടത്; നിരന്തരം കൊല്ലപ്പെടാനും ചോരചിന്താനും വിധിക്കപ്പെട്ട പാവപ്പെട്ട മനുഷ്യരാണ്. പക്ഷേ, അവരോട് ഒരു സർക്കാരും ഒരു കോടതിയും അഭിപ്രായം ചോദിക്കില്ല. ഇതാണ്, യജമാനന്മാർ മാത്രം തീരുമാനങ്ങളെടുക്കുന്ന, ജനത്തെ കടിച്ചുകുടയുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ അപചയം.
കുട്ടികളെ തനിച്ചു സ്കൂളിൽ വിടാനാകാത്ത, പേവിഷബാധ സെല്ലുകളിൽ നുരയും പതയുമൊലിപ്പിച്ചു കുരച്ചു നരകിക്കേണ്ടിവരുന്ന, തുള്ളി വെള്ളം കുടിക്കാനാകാതെ അന്ത്യശ്വാസം വലിക്കേണ്ടിവരുന്ന നരകത്തിലാണ് സാധാരണക്കാർ ജീവിക്കുന്നത്. ഭരിക്കുന്നവർ നിയമനിർമാണ സഭകളിൽ കസേരയിട്ടിരുന്നു കളി കാണുകയാണ്. ഇക്കഴിഞ്ഞ മേയിൽ കേന്ദ്ര മൃഗസംരക്ഷണ മന്ത്രി ലോക്സഭയിൽ വച്ച കണക്കു കേൾക്കൂ. കഴിഞ്ഞ വർഷം 37 ലക്ഷത്തിലധികം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. 2022ൽ തെരുവുനായ്ക്കൾ കടിച്ചുകുടഞ്ഞത് 21,89,909 പേരെ ആയിരുന്നെങ്കിൽ 2023ൽ ഇത് 30,52,521ഉം 2024ൽ 37,15,713ഉം ആയി വർധിച്ചു. ഏകദേശം ഏഴുലക്ഷം പേർ ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുന്നു.
പേവിഷബാധയേറ്റുള്ള മരണവുമേറി. 2022ൽ 21, 23ൽ 50, 24ൽ 54. ഇക്കൊല്ലം കേരളത്തിൽ മാത്രം മേയ് വരെയുള്ള അഞ്ചു മാസത്തിനിടെ 19 പേർ പേവിഷബാധയേറ്റു മരിച്ചു. പലരും വാക്സിനെടുത്തവരായിരുന്നു. അഞ്ചു മാസത്തിനിടെ കേരളത്തിൽ മാത്രം 1,65,136 പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റു. വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും നായ കുറുകെച്ചാടിയുള്ള ഇരുചക്രവാഹന അപകടങ്ങളും വേറെ. ഇതിലൊന്നും ഭരിക്കുന്നവരുടെ ആരുമില്ല! മനസിലായോ, മൃഗസ്നേഹത്തിന്റെ പിന്നാന്പുറം?
മനുഷ്യർ പിടഞ്ഞുമരിക്കുന്പോൾ, സർക്കാരുകൾ കരിനിയമങ്ങൾക്കും കപടമൃഗസ്നേഹികൾക്കും മുന്നിൽ വാലാട്ടി നിന്നുകൊണ്ട് “എബിസി, എബിസി...” എന്നു കുരയ്ക്കുകയാണ്. എന്താണീ എബിസി? മൃഗങ്ങൾക്കെതിരേയുള്ള ക്രൂരത തടയുന്ന 1960ലെ നിയമത്തിന്റെ വകുപ്പ് 38ലെ ഉപവകുപ്പ് (1) ഉം (2) ഉം നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച് സ്ഥാപിച്ചതാണ് എബിസി (ആനിമൽ ബർത് കൺട്രോൾ-ഡോഗ്) പദ്ധതി. നായ്ക്കളെ നിയന്ത്രിക്കാൻ വന്ധ്യംകരണം മതിയെന്ന അപ്രായോഗിക പദ്ധതി 2003ൽ വീണ്ടും പരിഷ്കരിച്ചു. പദ്ധതിക്ക് 25 വയസായി; കോടാനുകോടി രൂപ ഖജനാവിൽനിന്ന് പൊടിച്ചെങ്കിലും തെരുവുനായ്ക്കളുടെ എണ്ണവും ആക്രമണങ്ങളും പതിന്മടങ്ങായതും പേവിഷബാധമരണം വർധിച്ചതുമാണ് ഫലം.
ഇരകളായ മനുഷ്യർ കൊടുക്കുന്ന നികുതിപ്പണംകൊണ്ട് അവരെ കൊന്നൊടുക്കുന്ന നായ്ക്കളെ സംരക്ഷിക്കുന്ന അസംബന്ധം! എബിസി പദ്ധതികൊണ്ടൊന്നും, അനിയന്ത്രിതമായി പെരുകിയ തെരുവുനായ്ക്കളെ അടുത്തകാലത്തൊന്നും നിയന്ത്രിക്കാനാവില്ലെന്നും അവയെ നശിപ്പിക്കണമെന്നും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ഘടകം പറഞ്ഞത് ഇക്കഴിഞ്ഞ മേയിലാണ്. ഒന്നും സംഭവിച്ചില്ല; രാഷ്ട്രീയത്തിനു മുകളിൽ ഒരു വിദഗ്ധനും പറക്കില്ല.
നാടുനിറഞ്ഞ തെരുവുനായ്ക്കളും വന്യജീവികളും വർഗീയ ആൾക്കൂട്ടങ്ങളുമാണ് ജനാധിപത്യ ഇന്ത്യയെ പിന്നോട്ടടിച്ചത്. ഇതാണ് യഥാർഥ ഇന്ത്യയെന്നു തീരുമാനിക്കുന്ന ഭരണക്കാർക്കൊപ്പം ആദ്യ രണ്ടു കാര്യങ്ങളിൽ പ്രതിപക്ഷവും കൈ കോർത്തിരിക്കുന്നു. ഭരണം മാറിയാലും ഈ ശാപത്തിനു മാറ്റമില്ലെന്ന മുന്നറിയിപ്പാണിത്. പേവിഷബാധ മരണങ്ങൾ ചൂണ്ടിക്കാട്ടി, ഡൽഹിയിലെ തെരുവുനായ്ക്കളെ പിടികൂടി കൂട്ടിലടയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത് ഓഗസ്റ്റ് 11നാണ്. പൗരന്മാർ വലിയ പ്രതീക്ഷയോടെയാണ് അവിശ്വസനീയമായ ആ ഉത്തരവ് കേട്ടത്. പക്ഷേ, സ്ഥിരം നായപ്രേമികളും പുത്തൻ അവതാരങ്ങളും രംഗത്തിറങ്ങി.
ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിരുടെ ബെഞ്ചിൽനിന്നു കേസ് ചീഫ് ജസ്റ്റീസ് മൂന്നംഗ ബെഞ്ചിലേക്കു മാറ്റി. നാളെ അതു പരിഗണനയ്ക്കെടുക്കും. പതിറ്റാണ്ടുകളായി നാം പിന്തുടരുന്ന മാനുഷികവും ശാസ്ത്രീയവുമായ സമീപനങ്ങളിൽനിന്നുള്ള പിന്മാറ്റമായിരിക്കും ഇതെന്നും തെരുവുനായ്ക്കളെ പിടികൂടി മാറ്റുന്നത് ക്രൂരമാണെന്നുമാണ് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചത്. ശാസ്ത്രീയ സമീപനങ്ങൾ പരാജയപ്പെട്ടിട്ടു പതിറ്റാണ്ടുകളായതും ദിവസവും ആയിരങ്ങൾ ചോരയിൽ കുളിക്കുന്നതും അദ്ദേഹം അറിഞ്ഞിട്ടില്ല.
ഇവരൊക്കെ എന്നാണ് മനുഷ്യരുടെ കഷ്ടപ്പാടുകളിലേക്കു നോക്കുന്നത്? വോട്ടവകാശം മാത്രമല്ല, വന്യജീവി-തെരുവുനായ ആക്രമണങ്ങളാൽ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശവും മോഷ്ടിക്കപ്പെടുകയാണെന്ന് ഇവരോടൊക്കെ പറഞ്ഞുകൊടുക്കാൻ നട്ടെല്ലുള്ള രണ്ടാംനിര നേതാക്കളുമില്ല. പാരീസിൽ നൂറ്റാണ്ടുകൾക്കുമുന്പ്, തെരുവുനായ്ക്കളെ കൊന്നൊടുക്കിയപ്പോൾ എലി പെരുകിയെന്ന കഥയും പൊക്കിപ്പിടിച്ചാണ് മേനക ഗാന്ധിയെത്തിയത്. ഇവരുടെ പഴങ്കഥകളും ചില്ലുമേട മൃഗസ്നേഹവുമല്ല പാവപ്പെട്ടവരുടെ വിധി നിർണയിക്കേണ്ടത്. അവരെപ്പോലെ സുരക്ഷിതരായി ജീവിക്കാൻ ശേഷിയില്ലാത്ത മനുഷ്യരുടേതുകൂടിയാണ് ഇന്ത്യ.
എബിസി പദ്ധതി, റാബീസ് വാക്സിൻ, നായസംരക്ഷണ കേന്ദ്രം എന്നിവയ്ക്കുവേണ്ടി ചെലവഴിക്കുന്ന കണക്കില്ലാത്ത പണം ഈ രാജ്യത്തെ ദാരിദ്ര്യനിർമാർജനത്തിന് ഉപയോഗിക്കണം. കാൽ നൂറ്റാണ്ട് പണം വാരിയെറിഞ്ഞിട്ടും ചില്ലിക്കാശിന്റെ ഉപകാരമില്ലാത്ത എബിസി തട്ടിപ്പ് അവസാനിപ്പിക്കണം. കോടികൾ മറിയുന്ന അന്തർദേശീയ വാക്സിൻ കച്ചവടക്കാർക്ക് ഇന്ത്യൻ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം. പെറ്റുപെരുകി ജനജീവിതം ദുഃസഹമാക്കുന്ന വന്യജീവികളെയും തെരുവുനായ്ക്കളെയും കൊന്നു നിയന്ത്രിക്കുന്ന വികസിത രാജ്യങ്ങളുടെ മാതൃക ഇന്ത്യയിലും നടപ്പാക്കണം.
അമേരിക്കയില്‍ വർഷത്തിൽ ഏകദേശം 27 ലക്ഷം നായ്ക്കളെയും പൂച്ചകളെയും ദയാവധം നടത്തുന്നുണ്ട്. പേവിഷബാധ മുക്തമായ ജപ്പാനിൽ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രങ്ങളിലും മൃഗസംരക്ഷണ ഷെല്‍ട്ടറുകളിലുമായി ഏകദേശം 50,000 നായ്ക്കളെയും പൂച്ചകളെയും കൊല്ലുന്നുണ്ട്. ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ വന്യജീവി-തെരുവുനായ ആക്രമണം ഒഴിവാക്കാൻ പാർട്ടികൾ സമയബന്ധിതമായ പദ്ധതി പ്രകടനപത്രികകളിൽ ഉൾപ്പെടുത്തണം.
ഗാന്ധിജി 1930ൽ ദണ്ഡി കടപ്പുറത്താരംഭിച്ച നിയമലംഘന പ്രസ്ഥാനങ്ങളല്ലാതെ, ഈ കരിനിയമങ്ങൾക്കും അതിന്റെ യജമാനന്മാർക്കുമെതിരേ മറ്റൊരു പരിഹാരവുമില്ലെന്നു വന്നിരിക്കുന്നു. ചില്ലുമേടയിലിരിക്കുന്ന അഭിനവ വൈസ്രോയിമാർ അടിച്ചമർത്തുന്നെങ്കിൽ അടിച്ചമർത്തട്ടെ. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ലോക്സഭയ്ക്കും നിയമസഭകൾക്കും പഞ്ചായത്തുകൾക്കും കോടതികൾക്കും മുന്നിൽ എത്ര കാലമാണിനിയും ചോരയൊലിപ്പിച്ചു നിൽക്കുന്നത്!