തെരഞ്ഞെടുപ്പ് കമ്മീഷൻ നയം വ്യക്തമാക്കി
Monday, August 18, 2025 12:00 AM IST
തെരഞ്ഞെടുപ്പ് കമ്മീഷൻ നയം വ്യക്തമാക്കി. ജനാധിപത്യത്തിന്റെ അടിത്തറയായ തെരഞ്ഞെടുപ്പു പ്രക്രിയ സംശുദ്ധമാണെന്ന് ഉറപ്പുവരുത്താൻ നിയമസംവിധാനങ്ങൾ ഇടപെടേണ്ട സ്ഥിതിയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്.
ഓടു പൊളിച്ചിറങ്ങിയവരാണോ അധികാരത്തിലുള്ളതെന്ന ചോദ്യം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് നീറിപ്പുകയുകയാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തോടു പ്രതികരിക്കാൻ പത്താംനാൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധിതമായെങ്കിലും വ്യാജ വോട്ടർപട്ടിക സംബന്ധിച്ചോ ബിഹാറിലെ 65 ലക്ഷം വോട്ടർമാർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചോ തൃപ്തികരമായ മറുപടിയില്ല. തെറ്റുകൾക്കു സാധ്യതയുണ്ടെന്നു സമ്മതിച്ച കമ്മീഷൻ അന്വേഷണമില്ലെന്നും പറഞ്ഞു. അവർ നയം വ്യക്തമാക്കി.
ജനാധിപത്യത്തിന്റെ അടിത്തറയായ തെരഞ്ഞെടുപ്പു പ്രക്രിയ സംശുദ്ധമാണെന്ന് ഉറപ്പുവരുത്താൻ നിയമസംവിധാനങ്ങൾ ഇടപെടേണ്ട സ്ഥിതിയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. അതേസമയം, ബിജെപി ജയിക്കുന്നതു കള്ളവോട്ടുകൊണ്ടാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദ്യങ്ങൾക്കൊന്നും മറുപടി പറയുന്നില്ലെന്നും രാഹുൽ ഗാന്ധി ഇന്നലെയും ആരോപിച്ചു. “വോട്ട് കവര്‍ച്ച’’ ആരോപണമുന്നയിച്ചു രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി ഇന്നലെ ബിഹാറിലെ സസാറാമിൽ ആരംഭിച്ച 1300 കിലോമീറ്റര്‍ “വോട്ടർ അധികാര്‍’’ യാത്രയിലാണ് പരാമർശം.
തെരഞ്ഞെടുപ്പ് കമ്മീഷനു കൃത്യമായ മറുപടി ഇല്ലാതായതോടെ വോട്ട് മോഷണ ആരോപണം പുതിയ തലത്തിലെത്തി. കമ്മീഷന്റെ മറുപടി ഇങ്ങനെ: “വോട്ടർപട്ടികയിൽ തെറ്റു പറ്റിയിട്ടുണ്ടാകാമെങ്കിലും പൂർണമായും ഒഴിവാക്കാൻ പരിമിതിയുണ്ട്. അതിനാണ് ‘സിസ്റ്റമാറ്റിക് ഇന്റൻസീവ് റിവിഷൻ’- (വോട്ടർപട്ടിക പരിഷ്കരണ തീവ്രപരിപാടികൾ) നടത്തുന്നത്.
ബിഹാറിനു പിന്നാലെ ബംഗാളിലും തമിഴ്നാട്ടിലും ഇതുണ്ടാകും. ആരോപണങ്ങൾ ഉന്നയിക്കുന്നവർ കൃത്യമായ തെളിവുകൾ ഹാജരാക്കുന്നില്ല. തോക്കു ചൂണ്ടി ഭയപ്പെടുത്താമെന്നു കരുതേണ്ട. വോട്ടർമാരുടെ ഫോട്ടോകൾ രാഹുൽ അനുവാദമില്ലാതെയാണ് ഉപയോഗിച്ചത്. റിട്ടേണിംഗ് ഓഫീസർ തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ച് 45 ദിവസത്തിനുള്ളിൽ പാർട്ടികൾക്ക് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യാം.
അതിനുശേഷമുള്ള അടിസ്ഥാനരഹിത ആരോപണങ്ങളിൽ അന്വേഷണമില്ല’’. അതായത്, വോട്ടർപട്ടികയിൽ തെറ്റുണ്ട്; അന്വേഷിക്കില്ല. ബംഗളൂരുവിലെ ഒരു നിയമസഭാ മണ്ഡലത്തിൽ മാത്രം ലക്ഷത്തിൽപരം വ്യാജ വോട്ടർമാരെ തിരുകിക്കയറ്റിയ വോട്ടർപട്ടിക രാഹുൽ ഗാന്ധിയുടെ വീട്ടുകാര്യമല്ലെന്നും തങ്ങൾ ചതിക്കപ്പെട്ടോയെന്നറിയാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിക്കുന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലും അതുപോലെ മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും വോട്ട് മോഷണമുണ്ടായെന്നാണു പ്രതിപക്ഷ ആരോപണം.
മഹാരാഷ്ട്രയിൽ 2019നും 2024നുമിടയ്ക്ക് അഞ്ചുവര്‍ഷംകൊണ്ട് 31 ലക്ഷം വോട്ടർമാരാണ് വർധിച്ചത്. പക്ഷേ, തെരഞ്ഞെടുപ്പിനു മുന്‍പത്തെ അഞ്ചു മാസത്തിനിടെ 41 ലക്ഷത്തിന്റെ വർധനയുണ്ടായി. തീർന്നില്ല, പോളിംഗ് ദിവസം വൈകിട്ട് അഞ്ചിനുശേഷം 76 ലക്ഷത്തോളം വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്.
അതിൽ കൃത്രിമത്വമില്ലെന്നു തെളിയിക്കാൻ അഞ്ചുമണിക്കെത്തിയ വോട്ടർമാരുടെ ദൃശ്യം കാണിച്ചാൽ മതിയെങ്കിലും കമ്മീഷൻ സമ്മതിക്കില്ല. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവിടണമെന്നു പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ അതു വോട്ടറുടെ സ്വകാര്യതാലംഘനമാണെന്ന പുതിയ നിയമം കൊണ്ടുവന്നു.
വോട്ടർമാരുടെ സ്വകാര്യതയെക്കുറിച്ചു വല്ലാതെ വേവലാതിപ്പെടുന്ന കമ്മീഷന് അവരുടെ വോട്ടിന്റെ ഫലം വ്യാജവോട്ടുകളിലൂടെ അട്ടിമറിക്കപ്പെടുന്നതിൽ ഉത്കണ്ഠയൊന്നുമില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ 45 ദിവസം വരെ മാത്രമേ സൂക്ഷിക്കേണ്ടതായുള്ളൂ എന്നാണ് പുതിയ തീരുമാനം. സർക്കാരിനും കമ്മീഷനും എന്തൊക്കെയോ മറച്ചുവയ്ക്കാനുണ്ടോ?ടി.എൻ. ശേഷനെയും ജെ.എം. ലിങ്ദോയെയും പോലെ, ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിലങ്ങുതടിയാകാതെ മാറിനിൽക്കാൻ ഭരിക്കുന്നവരോടു പറയാൻ എല്ലാ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും കഴിയണമെന്നില്ല.
പക്ഷേ, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുപോലെ ആരോപണവിധേയമായ കാലം ഉണ്ടായിട്ടില്ല. പഴയ ചില കാര്യങ്ങളും ഇതോടു ചേർത്തു വായിക്കാവുന്നതാണ്. 2002ൽ ഗുജറാത്ത് കലാപത്തിനു തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യം ലിങ്ദോ അംഗീകരിച്ചില്ല. ഇതിനോട് 2002 ഓഗസ്റ്റിൽ വഡോദരയിലെ റാലിയിൽ മോദി പ്രതികരിച്ചത്, ലിങ്ദോയുടെ മുഴുവൻ പേര് ജെയിംസ് മൈക്കിള്‍ ലിങ്ദോ എന്നാണെന്നും അയാൾ ഇറ്റലിക്കാരനാണോ സോണിയ ഗാന്ധിയുമായി പള്ളിയിൽവച്ചു കാണാറുണ്ടോ എന്നൊക്കെ ചില പത്രക്കാർ തന്നോടു ചോദിച്ചെന്നുമൊക്കെ പ്രസംഗിച്ചുകൊണ്ടാണ്.
ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് അന്നു പ്രധാനമന്ത്രിയായിരുന്ന വാജ്പേയി അതിനോടു പ്രതികരിക്കുകയും ചെയ്തിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചന്ന ആരോപണത്തില്‍ പ്രധാനമന്ത്രി മോദിയെയും ബിജെപി പ്രസിഡന്റായിരുന്ന അമിത് ഷായെയും കുറ്റവിമുക്തരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനത്തിൽ തന്റെ ഭിന്നാഭിപ്രായം ഉൾപ്പെടുത്തണമെന്ന് കമ്മീഷന് അംഗമായിരുന്ന അശോക് ലവാസ ആവശ്യപ്പെട്ടിരുന്നു. ലവാസയുടെ കുടുംബാംഗങ്ങളുടെ അടുത്തേക്ക് ഇഡി എത്തുന്നതും എഡിബി വൈസ് പ്രസിഡന്റാകാൻ അദ്ദേഹം ഇന്ത്യ വിടുകയും ചെയ്യുന്നതാണ് പിന്നീടു രാജ്യം കണ്ടത്.
അനുസരിക്കുന്നവരെ മാത്രം കമ്മീഷനിൽ നിയമിക്കാനുള്ള നീക്കമാണ് പിന്നീടുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കുന്ന സമിതിയിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റീസും ഉണ്ടാവണമെന്നു സുപ്രീംകോടതി ഉത്തരവിട്ടു. ഒട്ടും താമസിയാതെ കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നു. ചീഫ് ജസ്റ്റീസിനു പകരം, പ്രധാനമന്ത്രി നിശ്ചയിക്കുന്ന കാബിനറ്റ് മന്ത്രി! ഇപ്പോഴത്തെ കമ്മിറ്റിയംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ്. സർക്കാർ തീരുമാനിക്കുന്നതിനപ്പുറം ഒന്നുമില്ല. വോട്ട് അട്ടിമറി ആരോപണത്തിൽ അന്വേഷണമില്ലെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഈ പശ്ചാത്തലത്തിൽ കാണേണ്ടതുണ്ട്.
ഭരിക്കുന്ന പാർട്ടിക്കും അവർ നിയോഗിച്ച തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ നിലപാടുണ്ടാകുന്നത് അസ്വാഭാവികമാകണമെന്നില്ല. പക്ഷേ, തെറ്റുകളെ ഒരേ ഭാഷയിൽ ന്യായീകരിക്കുന്നതിൽ അസ്വാഭാവികതയുണ്ട്. ജനാധിപത്യം സംരക്ഷിക്കാൻ സർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിട്ടു കാര്യമില്ലെന്നും വലിയ പ്രക്ഷോഭങ്ങളും കോടതിയുടെ ഇടപെടലും വേണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇന്നലത്തെ വാർത്താസമ്മേളനത്തിന്റെ മുന്നറിയിപ്പ്.
ജനാധിപത്യത്തിന് ഒന്നും സംഭവിച്ചിട്ടില്ല എന്നു സ്വയം വിശ്വസിപ്പിച്ചോളാൻ ഭരണകൂടം പൗരനോട് ഉത്തരവിടുകയാണ്. അതു മതിയോ? ജനാധിപത്യം ഭരിക്കുന്നവരുടെയോ പ്രതിപക്ഷത്തിന്റെയോ മാത്രം ഉത്തരവാദിത്വമല്ല, എല്ലാ പൗരന്മാരുടേതുമാണ്.