ഗാന്ധിജി പ്രദർശനവസ്തുവല്ല, ഇന്നും പ്രസക്തമായ സമരങ്ങളുടെ പ്രയോഗശാസ്ത്രമാണ്. അതുകൊണ്ടാണ് പാഠ്യപദ്ധതികളിലും സ്റ്റാന്പുകളിലും പോലുമിരുന്ന് ആ രക്തസാക്ഷി ഭരണകൂടങ്ങളെ ഭയപ്പെടുത്തുന്നത്.
ഏതെങ്കിലും സിനിമ കണ്ടതുകൊണ്ടല്ല ലോകം ഗാന്ധിജിയെ അറിഞ്ഞത്. ഗാന്ധി സ്റ്റാന്പുകൾ ഇല്ലാതായാലും ലോകത്തിന്റെ മനസിലും മസ്തിഷ്കത്തിലും അദ്ദേഹം ചാർത്തിയ അഹിംസയുടെ മുദ്ര ഇല്ലാതാകുകയുമില്ല. വർഗീയതയുടെ തോക്കിനും രാഷ്ട്രീയത്തിന്റെ ഇറേസറുകൾക്കും മായ്ക്കാനാകാത്തൊരു മഹാത്മാവിന്റെ പേരാണ് ഗാന്ധിജി.
ഇന്നു ഗാന്ധിജയന്തിയാണ്. 1948 ജനുവരി 30ന് ഗാന്ധിജിയെ വെടിവച്ചുകൊല്ലുന്പോൾ നാഥുറാം ഗോഡ്സെ ഹിന്ദു വർഗീയവാദിയായിരുന്നെങ്കിൽ ഇന്നയാൾ അത്തരക്കാരുടെ മൂർത്തിയായി. ഇന്ത്യ സ്വാതന്ത്ര്യസമരം തുടരണമെന്നർഥം.
മനുഷ്യൻ പൂർണമായോ സന്തോഷകരമായ ജീവിതത്തോടൊപ്പം സമാന്തരമായോ ഏർപ്പെടേണ്ട ഒരു നിരന്തര സമരത്തെ ഗാന്ധിജയന്തി ഓർമിപ്പിക്കുന്നു. 1869ൽ ഗുജറാത്തിലെ പോർബന്തറിൽ ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ മഹാത്മാവിലേക്കുള്ള വളർച്ച ഇടവേളകളില്ലാത്ത പോരാട്ടത്തിന്റേതായിരുന്നു.
അതിൽ പ്രധാനം ഇന്ത്യയുടെ സ്വാതന്ത്ര്യസമരമായിരുന്നു. അതിനുമുന്പും അദ്ദേഹം സമരത്തിലേർപ്പെട്ടിരുന്നു. 19-ാമത്തെ വയസിൽ നിയമപഠനത്തിനായി ഓക്സ്ഫഡ് സർവകലാശാലയിലെത്തിയ ഗാന്ധി 1891ൽ പഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി. 93ൽ ദക്ഷിണാഫ്രിക്കയിലെ ദാദാ അബ്ദുള്ള എന്ന ഇന്ത്യൻ കന്പനിയിൽ വക്കീലായി ജോലിക്കു കയറി.
അക്കാലത്ത്, ഇന്ത്യക്കാരെയും കറുത്തവർഗക്കാരെയും അധമരായി കണ്ടിരുന്ന വെള്ളക്കാരുടെ വർണവിവേചനം ഗാന്ധിയിലെ നീതിബോധം ഉണർത്തി. വെള്ളക്കാർക്കു മാത്രം സഞ്ചരിക്കാവുന്ന ട്രെയിനിന്റെ എ-ക്ലാസ് കൂപ്പെയിൽ യാത്രചെയ്തതിന് പീറ്റർമാരിറ്റ്സ്ബർഗിൽ വച്ചു ചവിട്ടിപ്പുറത്താക്കപ്പെട്ട ഗാന്ധിജിയിൽ ഒരു നേതാവ് പിറക്കുകയായിരുന്നു.
ഒരുപക്ഷേ, സ്വന്തം രാജ്യത്ത് അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത വിവേചനം അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ മുഖത്തോടുമുഖം കണ്ടു. ജാതിവ്യവസ്ഥയോടുള്ള ഗാന്ധിജിയുടെ നിലപാടുകൾ ഏറെ വിമർശിക്കപ്പെട്ടിട്ടുള്ളതാണ്. എല്ലാം തികഞ്ഞ അതിമാനുഷനായ ഒരാളായതുകൊണ്ടല്ല ലോകം അദ്ദേഹത്തെ മഹാത്മാവെന്നു വിളിച്ചത്.
നല്ലൊരു മനുഷ്യനാകാനുള്ള ശ്രമത്തിന്റെയും നേതാവെന്ന നിലയിൽ മൂല്യങ്ങളിൽ നിലനിൽക്കാനുള്ള ദൃഢനിശ്ചയത്തിന്റെയും ജാതി-മത-ഭാഷാ വൈവിധ്യങ്ങളിൽ ചിതറിക്കിടന്നൊരു ജനതയെ സ്വാതന്ത്ര്യസമരത്തിന്റെ പരുക്കൻനൂലിൽ കോർത്തിണക്കാനുള്ള അശ്രാന്ത പരിശ്രമത്തിന്റെയുമൊക്കെ സത്യാന്വേഷണപരീക്ഷണങ്ങൾക്കിടെയാണ് ഗാന്ധിജിയെ ലോകം ശ്രദ്ധിച്ചത്.
പോരാട്ടങ്ങളുടെയും സമരങ്ങളുടെയും ജനിതകഘടനയിൽനിന്ന് ഹിംസയെ നീക്കംചെയ്യാനുള്ള പരിശ്രമങ്ങൾകൂടിയായപ്പോൾ വിയോജിപ്പുള്ളവരും അദ്ദേഹത്തെ മഹാത്മാവെന്നു വിളിച്ചു. ജോലിയും സമരവും ആശ്രമജീവിതവും ജയിൽവാസവും എല്ലാം കഴിഞ്ഞാണ് ഗാന്ധി 1915ൽ ഇന്ത്യയിലെത്തിയത്.
സത്യഗ്രഹസമരം ഉൾപ്പെടെ പിന്നീട് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പതിയപ്പെട്ട ഗാന്ധിമുദ്രയുടെയെല്ലാം പരീക്ഷണശാല ദക്ഷിണാഫ്രിക്കയായിരുന്നു. സമരനായകനാകുന്നതിനു മുന്പ് അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു.
1917 ഏപ്രിൽ 16ന് ബിഹാറിലെ ചമ്പാരനിൽ നീലം പാട്ടകൃഷിക്കാരെ ചൂഷണത്തിൽനിന്നു മോചിപ്പിക്കാൻ വേണ്ടിയായിരുന്നു ഇന്ത്യയിലെ ആദ്യസമരം. അസാധ്യമെന്നു ലോകം പരിഹസിച്ചപ്പോഴും അഹിംസയെ അദ്ദേഹം കൈവിട്ടില്ല.
സത്യഗ്രഹം, ജയിൽവാസം, നിയമലംഘനം, ക്വിറ്റ് ഇന്ത്യാ സമരം... നിസ്വാർഥരായ സ്വാതന്ത്ര്യസമര നേതാക്കൾക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിനുമൊപ്പം ഗാന്ധിജി ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. തങ്ങളെ കെട്ടുകെട്ടിക്കാൻ മുന്നിൽനിന്ന ‘അർധനഗ്നനായ ഫക്കീറിനെ’ തോക്കും അധികാരവും കൈയിലുണ്ടായിരുന്നിട്ടും തൊടാൻ ധൈര്യമില്ലാതിരുന്ന ബ്രിട്ടീഷുകാർ നാടുവിട്ടു.
പക്ഷേ, ജാതിമതഭേദമെന്യേ ജനകോടികൾ അണിനിരന്ന സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചവരുടെ വെറുപ്പുത്പാദനകേന്ദ്രത്തിൽനിന്ന് നാഥുറാം ഗോഡ്സെ എന്നു പേരുള്ള ഭീരുവായൊരു മതഭ്രാന്തൻ പുറത്തിറങ്ങി. ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ പ്രാർഥനയ്ക്കെത്തിയ ഗാന്ധിജിയെ വെടിവച്ചുകൊന്നു.
ഗാന്ധിജി പഠനവസ്തുവല്ല, ഇന്നും പ്രസക്തമായ സമരങ്ങളുടെ പ്രയോഗശാസ്ത്രമാണ്. അഭിപ്രായം പറഞ്ഞാൽ അകത്തുകിടക്കേണ്ടി വരുന്നിടത്ത് സ്വാതന്ത്ര്യസമരമുണ്ടാകണം. ഭരണകൂടത്തിന്റെ ശത്രുവെന്നു തോന്നുന്നവരുടെ വീട്ടിലേക്കോടാൻ മാത്രം ശേഷിയുള്ള അന്വേഷണ ഏജൻസികളെ ചൂണ്ടിയാണ് അഴിമതിവിരുദ്ധതയെന്നു പുലന്പുന്നത്. വർഗീയത അലങ്കാരമായി; വോട്ടിന്റെ ചാലകശക്തിയും.
മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തരുതെന്ന് ആന്ധ്ര മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി സുപ്രീംകോടതിക്കു പറയേണ്ടിവന്നിരിക്കുന്നു. അതിസന്പന്നരുടെ എണ്ണം കുതിക്കുകയാണ്; ദരിദ്രരുടേതും. എൻസിആർടി പാഠ്യപദ്ധതികളിൽനിന്ന് ഗാന്ധിപാഠങ്ങൾ പലതും അപ്രത്യക്ഷമായി.
ബ്രിട്ടീഷുകാരേക്കാൾ ഗാന്ധിജിയെ ഭയക്കുകയാണ് സ്വദേശി സർക്കാരുകൾ. ഗാന്ധിജിയുടെയും നെഹ്റുവിന്റെയുമൊക്കെ മുഖമുള്ള പോസ്റ്റേജ് സ്റ്റാന്പുകൾ കിട്ടാനില്ലത്രേ. നൂറിലേറെ രാജ്യങ്ങൾ സ്റ്റാന്പുകളിറക്കി ബഹുമാനിച്ച ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ സ്റ്റാന്പിനാണു ക്ഷാമം!
ഭരണകൂടം എഴുതിച്ചേർക്കുന്നതു മാത്രമല്ല കാലത്തിന്റെ ചുവരിൽനിന്നു തൂത്തുകളയാൻ ശ്രമിക്കുന്നതും ചരിത്രമാകും. സ്വാതന്ത്ര്യസമരചരിത്രത്തിന്റെ നിജസ്ഥിതി അറിയാവുന്നവരുടെ ഹൃദയഭിത്തികളിലും ഗാന്ധിജിയുള്ളതുകൊണ്ടാണ് ചുരണ്ടിക്കളയാൻ ശ്രമിക്കുന്പോൾ ചോര പൊടിയുന്നത്. ഗാന്ധിബന്ധമില്ലൊത്തൊരു തലമുറയെ വാർത്തെടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തേണ്ടതാണ്.