ഓട്ടത്തിലാണ് ജനാധിപത്യം
Tuesday, July 8, 2025 12:00 AM IST
ബിഹാറിൽ വോട്ടർപട്ടിക പരിഷ്കരിക്കുകയാണ്. ആധാറും റേഷൻകാർഡുമൊക്കെ കൈയിലുള്ളവരും ജനന സർട്ടിഫിക്കറ്റിനായി നെട്ടോട്ടത്തിലായി. കോടതി ഇടപെട്ടില്ലെങ്കിൽ ലക്ഷക്കണക്കിനാളുകൾ പുറത്താകും.
ഒരു വോട്ടിലെന്തിരിക്കുന്നു എന്ന് ജനാധിപത്യത്തിൽ ആരും ചോദിക്കില്ല. കാരണം, അതിലാണ് എല്ലാം. അതില്ലെങ്കിൽ തെരഞ്ഞെടുപ്പില്ല, തെരഞ്ഞെടുപ്പില്ലെങ്കിൽ ജനാധിപത്യവുമില്ല. അപ്പോൾ അടുത്ത ചോദ്യം വരും; തെരഞ്ഞെടുപ്പുണ്ടെങ്കിൽ ജനാധിപത്യമുണ്ടോ? നിർബന്ധമില്ല; തെരഞ്ഞെടുപ്പിലൂടെയും ഏകാധിപത്യവും സർവാധിപത്യവും ഫാസിസവുമൊക്കെ കടന്നുവന്ന ചരിത്രമുണ്ട്.
അതുകൊണ്ട് നാം എന്തു ചെയ്യണം? തെരഞ്ഞെടുപ്പുകൾ അങ്ങേയറ്റം സുതാര്യമാക്കിയാൽ മാത്രം പോരാ, സുതാര്യമാണെന്നു ജനങ്ങളെ ബോധിപ്പിക്കുകയും വേണം. അതുകൊണ്ടാണ് ബിഹാറിലെ വോട്ടർപട്ടിക പുതുക്കൽ രാജ്യം ചർച്ച ചെയ്യുന്നതും വിഷയം സുപ്രീംകോടതി പരിഗണിക്കുന്നതും.
തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കെ ബിഹാറിൽ വോട്ടർപട്ടിക പരിഷ്കരിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഇറങ്ങിപ്പുറപ്പെട്ടതോടെയാണ് പ്രതിപക്ഷം സംശയമുന്നയിച്ചത്. ജൂൺ 24ന് തുടങ്ങിയ പരിഷ്കരണം ജൂലൈ 25നു പൂർത്തിയാക്കുമെന്നും, ഓഗസ്റ്റ് ഒന്നിന് കരട് വോട്ടർപട്ടികയും സെപ്റ്റംബർ 30ന് അന്തിമ വോട്ടർപട്ടികയും പ്രസിദ്ധീകരിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച, 7.9 കോടി വോട്ടർമാരുള്ള പട്ടികയാണ് ഒരു മാസംകൊണ്ട് പുതുക്കാൻ ശ്രമിക്കുന്നത്. മുന്പ് സമഗ്ര പരിഷ്കരണം നടത്തിയ 2003ലെ വോട്ടർപട്ടികയിൽ ഉണ്ടായിരുന്ന 4.96 കോടി വോട്ടർമാർക്കു കുഴപ്പമില്ല. അവർ അപേക്ഷ പൂരിപ്പിച്ചു നൽകിയാൽ മതി.
ബാക്കിയുള്ള 2.94 കോടി ആളുകൾ ജനനത്തീയതിയോ പൗരത്വമോ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. അതിനുള്ള 11 രേഖകളിൽ ആധാറോ വോട്ടർ ഐഡിയോ റേഷൻ കാർഡോ ഇല്ല. 1987 ജൂലൈ ഒന്നിനു മുമ്പു ജനിച്ചവർ ജനനത്തീയതി, സ്ഥലം എന്നിവ വ്യക്തമാക്കുന്ന രേഖകളും, 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനും ഇടയിൽ ജനിച്ചവർ ഇതിനു പുറമേ മാതാപിതാക്കളിൽ ഒരാളുടെ ജനനരേഖയും, 2004 ഡിസംബർ രണ്ടിനുശേഷം ജനിച്ചവർ മാതാപിതാക്കളിൽ രണ്ടുപേരുടെയും ജനനരേഖകളും കൈമാറണം.
പ്രധാന പ്രശ്നം, ബിഹാറിലെ ജനന രജിസ്ട്രേഷൻ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവാണ് എന്നതാണ്. മിക്കവരും ജനനം രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ, ആദ്യം തങ്ങളുടെയും ചില കേസുകളിൽ മാതാപിതാക്കളുടെയും ജനനം രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആദ്യം സ്വീകരിക്കേണ്ടിവരും.
ജൂലൈ 24നു മുന്പ് ഇതൊക്കെ ചെയ്യാനാവാത്ത രണ്ടുകോടി വോട്ടർമാരെങ്കിലും പട്ടികയിൽനിന്നു പുറത്താകുമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. ഇതു തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കും. മറ്റു സംസ്ഥാനങ്ങളിൽ പണിയെടുക്കുന്നവരും ആദിവാസികളും ദളിതരും ഉൾപ്പെടെ പലരും ചുരുങ്ങിയ സമയത്തിനുള്ളിൽ പേര് രജിസ്റ്റർ ചെയ്യാനിടയില്ല.
എതിർപ്പു ശക്തമാകുകയും പ്രതിപക്ഷം ഉൾപ്പെടെ കോടതിയെ സമീപിക്കുകയും ചെയ്തതോടെ കമ്മീഷൻ ഇളവുകളുമായി രംഗത്തെത്തി. ആവശ്യമായ രേഖകൾ കൈവശമില്ലാത്ത വോട്ടർമാർ തത്കാലം അപേക്ഷ പൂരിപ്പിച്ചു നൽകാനാണ് നിർദേശം. പക്ഷേ, എന്തുവന്നാലും പട്ടിക പരിഷ്കരിക്കുമെന്നുകൂടി പറയുന്പോൾ അവ്യക്തതയുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഏതാണ്ട് ഒരു വർഷമുണ്ടായിരുന്നിട്ടും അനങ്ങാതിരുന്ന തെരഞ്ഞെടുപ്പു കമ്മീഷനാണ് ഒരു മാസത്തെ തീവ്രയജ്ഞവുമായെത്തിയത്. വ്യാഴാഴ്ച സുപ്രീംകോടതി ഹർജികൾ പരിഗണിക്കും. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടത്താനിരിക്കുന്ന പശ്ചിമബംഗാൾ, കേരളം, ആസാം, തമിഴ്നാട് എന്നിവിടങ്ങളിലും വോട്ടർപട്ടികാ പരിഷ്കരണം ഉണ്ടായേക്കും.
വോട്ടർപട്ടികയിൽ കേരളത്തിലുൾപ്പെടെ വ്യാജന്മാർ ഉണ്ട്. പക്ഷേ, അവരെ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ അർഹതയുള്ളവർ പുറത്തുപോകരുത്. ജനാധിപത്യത്തെ അട്ടിമറിക്കുന്നത് പല തരത്തിലാണ്. കള്ളവോട്ടിലും ബൂത്തു പിടിത്തത്തിലും ഗുണ്ടായിസത്തിലും അത് ഒതുങ്ങുന്നില്ല.
വോട്ടർപട്ടികയിൽനിന്ന് അർഹരെ ഒഴിവാക്കുന്നതും അനർഹരെ തിരുകിക്കയറ്റുന്നതും, പാർട്ടികൾ അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കുന്നതും എങ്ങനെയും അധികാരത്തിലെത്താൻ നീക്കുപോക്കുകൾ നടത്തുന്നതും, കുതിരക്കച്ചവടങ്ങളും ഭീഷണിയുമൊക്കെ അതിലുണ്ട്.
ലോകസഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒറ്റത്തവണയായി നടത്തുന്നതുമായി ബന്ധപ്പെട്ട് പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിക്കു മുന്പിൽ മുൻ ചീഫ് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, രഞ്ജൻ ഗൊഗോയ് എന്നിവർ അഭിപ്രായപ്പെട്ടത്, വ്യക്തമായ മാർഗരേഖയില്ലാതെ തെരഞ്ഞെടുപ്പു കമ്മീഷന് സന്പൂർണ അധികാരം നൽകരുതെന്നാണ്.
തെരഞ്ഞെടുപ്പു കമ്മീഷനെ നിശ്ചയിക്കുന്നതിൽ സുപ്രീംകോടതിയെ ഒഴിവാക്കി സർക്കാരിനു മാത്രം അംഗങ്ങളെ തീരുമാനിക്കാമെന്ന വിധത്തിൽ അഴിച്ചുപണിതു. വിദ്വേഷപ്രസംഗങ്ങളുടെ കാര്യത്തിൽ ഭരണകക്ഷി നേതാക്കളോടും പ്രതിപക്ഷ നേതാക്കളോടും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതും കണ്ടു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ ചിലതിനു കൃത്യമായ മറുപടി ഉണ്ടായിട്ടില്ലെന്നും ബിഹാറിൽ അത് ആവർത്തിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. സ്വതന്ത്രമായിരിക്കേണ്ട തെരഞ്ഞെടുപ്പു കമ്മീഷനും രാജ്യത്തെ അന്വേഷണ ഏജൻസികളെപ്പോലെ സംശയത്തിന്റെ നിഴലിലാകരുത്.
സുപ്രീംകോടതി വിഷയം കൈകാര്യം ചെയ്തുകൊള്ളും. “രാഷ്ട്രീയക്കാരൻ അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുന്പോൾ രാഷ്ട്രതന്ത്രജ്ഞൻ അടുത്ത തലമുറയെക്കുറിച്ചു ചിന്തിക്കുന്നു” എന്നാണ് അമേരിക്കൻ മന്ത്രിയും എഴുത്തുകാരനുമായിരുന്ന ജെയിംസ് ഫ്രീമാൻ ക്ലാർക് നിരീക്ഷിക്കുന്നത്.
നമുക്ക് രാഷ്ട്രതന്ത്രജ്ഞരായ രാഷ്ട്രീയക്കാരെ ആവശ്യമുണ്ട്. കാരണം, ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ഇടയ്ക്കൊക്കെ ആശങ്കപ്പെടേണ്ടിവരുന്നത് അത്ര നല്ല കാര്യമല്ലല്ലോ. ബിഹാറിനെക്കാൾ പ്രധാനമല്ലേ ഇന്ത്യ!