തടവറകളിലും തുല്യനീതി വേണം
Wednesday, July 16, 2025 12:00 AM IST
മനഃപരിവർത്തനത്തിനുള്ള അവസരം എല്ലാവർക്കും തുല്യമായിരിക്കണം. അതുപോലെ, ജയിലുകളിലെ സൗകര്യങ്ങളും ശിക്ഷാ ഇളവുകളും നീതിയുടെ അടിസ്ഥാനത്തിൽ, യാതൊരു വിവേചനവുമില്ലാതെ നടപ്പിലാക്കണം. രാഷ്ട്രീയമോ പണമോ നീതിന്യായ വ്യവസ്ഥയെ
സ്വാധീനിക്കുന്നതു തടയാൻ കർശനമായ നടപടികളും വേണം.
ശിക്ഷയും മനഃപരിവർത്തനവും തമ്മിലുള്ള ബന്ധം നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്. ഒരാളെ ശിക്ഷിച്ചു നശിപ്പിക്കുക എന്നതല്ല നീതിപീഠങ്ങളുടെ ലക്ഷ്യം. മറിച്ച്, അവരിൽ മനംമാറ്റമുണ്ടാക്കി സമൂഹത്തിനുതകുന്ന മനുഷ്യരാക്കി തിരികെകൊണ്ടുവരിക എന്നതാണ്.
ഇത്തരമൊരു കാഴ്ചപ്പാടിനെ അങ്ങേയറ്റം പിന്തുണയ്ക്കുന്ന നിരീക്ഷണമാണു കഴിഞ്ഞദിവസം കേരള ഹൈക്കോടതി നടത്തിയത്.
പഴയ ക്രിമിനൽ കേസുകളുടെ പേരിൽ പാലക്കാട് സ്വദേശി കെ. ജിജിന് പോലീസിൽ ഡ്രൈവർ നിയമനം നിഷേധിച്ച സർക്കാർ ഉത്തരവും അതു ശരിവച്ച ട്രിബ്യൂണൽ ഉത്തരവും റദ്ദാക്കിയ വിധിയിലായിരുന്നു ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ശ്രദ്ധേയമായ വാക്കുകൾ.
ക്രിമിനൽ കേസിലെ പ്രതികൾക്കു പരിവർത്തനപ്പെടാൻ അവസരം അനുവദിക്കേണ്ടതാണെന്നു കോടതി വിലയിരുത്തി. സാമൂഹികവും സാന്പത്തികവുമായ പിന്നാക്കാവസ്ഥ ഒരാളുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുമെന്നും കോടതി പറഞ്ഞു.
താരതമ്യേന ഗുരുതരമല്ലാത്ത ആറു കേസുകളിൽ ഉൾപ്പെട്ട ജിജിൻ ഒരു കേസിൽ പിഴയടയ്ക്കുകയും മറ്റൊന്നിൽ ഒരു ദിവസം തടവനുഭവിക്കുകയും ചെയ്തിരുന്നു. മൂന്നു കേസിൽ കുറ്റവിമുക്തനായി. ഒരു കേസ് ഒത്തുതീർപ്പാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജോലി നിഷേധിക്കുന്നത് നീതിനിഷേധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.
“ഒരു നല്ല ജയിൽ എന്നത് മനുഷ്യരുടെ അന്തസിനെ മാനിക്കുന്നതും അവരെ ഭാവിജീവിതത്തിനായി ഒരുക്കുന്നതുമായിരിക്കണം” എന്നു പറഞ്ഞ ഫ്രാൻസിസ് മാർപാപ്പ, ശിക്ഷാകാലത്തും വ്യക്തിയുടെ അന്തസ് കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പുനരധിവാസത്തെക്കുറിച്ചുള്ള ഉന്നതചിന്തയുമാണു പങ്കുവയ്ക്കുന്നത്. “സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിലാണ് ശിക്ഷ, അല്ലാതെ മനുഷ്യത്വം നഷ്ടപ്പെടുന്നതിലല്ല” എന്ന തത്വവും ഇതിനോടു ചേർത്തുവയ്ക്കാം.
ജയിൽ എന്നാൽ ശിക്ഷാനടപടികളുടെയും തിരുത്തൽ പ്രക്രിയയുടെയും വേദിയായിരിക്കണമെന്ന കാഴ്ചപ്പാട് ആധുനിക നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനശിലകളിലൊന്നാണ്. ജയിലിൽ എല്ലാവരും തുല്യരായിരിക്കണം.
പക്ഷേ, ഇന്ത്യൻ തടവറകളുമായി ബന്ധപ്പെട്ടു ചിന്തിക്കുന്പോൾ വലിയൊരു ‘പക്ഷേ’ അന്തരീക്ഷത്തിൽ തൂങ്ങിനിൽപ്പുണ്ട്. മേൽപ്പറഞ്ഞതുപോലുള്ള ഉത്തമമായ അവസ്ഥയാണോ ഇന്ത്യൻ തടവറകളിലുള്ളത്? പ്രബുദ്ധരെന്ന ക്ലീഷേ വാക്കിനുപോലും നാണക്കേടുണ്ടാക്കുന്ന പ്രബുദ്ധകേരളത്തിലെ സ്ഥിതിയോ? സാധാരണക്കാരന് ഒരു നീതിയും, പണവും സ്വാധീനവുമുള്ളവനു മറ്റൊരു നീതിയും എന്ന ഇരട്ടത്താപ്പല്ലേ നാം കണ്ടുകൊണ്ടിരിക്കുന്നത്?
അനിയന്ത്രിതമായ ആനുകൂല്യങ്ങളും സൗകര്യങ്ങളും രാഷ്ട്രീയ, സാമ്പത്തിക സ്വാധീനങ്ങളുള്ള കൊടുംകുറ്റവാളികൾക്ക് ജയിലുകളിൽ ലഭിക്കുന്നു എന്നത് ഇപ്പോൾ ‘ഞെട്ടിക്കുന്ന’ യാഥാർഥ്യമല്ലാതായിരിക്കുന്നു.
ഒരു സൂപ്പർസ്റ്റാർ സിനിമ കാണുന്ന ആവേശത്തോടെ നാം അത്തരം കാര്യങ്ങൾ കേൾക്കുകയും മറക്കുകയും ചെയ്യുന്നു. അതേസമയം, നിസാര കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിലെത്തുന്ന സാധാരണക്കാർ കൊടുംകുറ്റകൃത്യങ്ങൾ ചെയ്യാനുള്ള മാനസികാവസ്ഥയുമായാണ് പുറത്തിറങ്ങുന്നത്.
ഈ സാഹചര്യത്തെക്കുറിച്ചാണ് ഗബ്രിയേൽ ഗാർസിയ മാർക്വിസ്, “ജയിലുകൾ തിരുത്തൽ സ്ഥാപനങ്ങളായിരിക്കണം, അല്ലാതെ കുറ്റകൃത്യങ്ങളുടെ സർവകലാശാലകളായിരിക്കരുത്” എന്നു പറഞ്ഞത്.
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന അടിസ്ഥാനതത്വം നമ്മുടെ ഭരണാധികാരികൾ പലപ്പോഴും മറന്നുപോകുന്നുണ്ട്.
എല്ലാ അനീതിയും കണ്ടു വേണം നീതി നടപ്പാക്കാൻ എന്ന ചിന്തയോടെയാണ് നീതിദേവതയുടെ കണ്ണിലെ കെട്ട് അഴിച്ചുകളഞ്ഞത്. എന്നാൽ, നീതിയുടെ തുലാസിൽ സ്വന്തക്കാരുടെ തട്ടു താഴുന്നതോടെ നീതിദേവതയുടെ കണ്ണുകൾ വീണ്ടും ആരോ മൂടിക്കെട്ടുന്ന അവസ്ഥയാകുന്നു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെയും മറ്റനേകം കേസിലെ പ്രതികളുടെയും കാര്യത്തിൽ അതു കണ്ടതാണ്. ഏറ്റവുമൊടുവിൽ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിനെ വിട്ടയയ്ക്കാനുള്ള വിവാദ തീരുമാനവും ചൂടുള്ള ചർച്ചയായി.
സാധാരണക്കാരായ തടവുകാർക്കു ലഭിക്കാത്ത ശിക്ഷാ ഇളവുകൾ പ്രബലർക്ക് അതിവേഗം ലഭിക്കുന്പോൾ നിയമവാഴ്ചയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും. ഒന്നും ശരിയാകില്ലെന്ന സാധാരണ മനുഷ്യരുടെ നിരാശ ജനാധിപത്യത്തിന്റെ മരണമണിയാണ്.
നിയമവാഴ്ചയെ ദുർബലപ്പെടുത്തുന്ന ഒന്നും നടന്നുകൂടാ എന്നത് അഭിപ്രായസ്വാതന്ത്ര്യം പോലെ ജനാധിപത്യത്തിന്റെ കാതലാണെന്നതും മറന്നുകൂടാ. ഭരണാധികാരികളും ഉദ്യോഗസ്ഥരും ക്രിമിനലുകളും ചേർന്നുള്ള അവിശുദ്ധ പരസ്പരസഹായ സംഘങ്ങൾ തുല്യനീതിയിലൂന്നിയ ഭരണഘടനയെയും നോക്കുകുത്തിയാക്കുകയാണ്.
അനിയന്ത്രിതമായ നീതിനിഷേധവും അഴിമതിയും കണ്ട് പൊറുതിമുട്ടിയ ജനം പ്രതികരിച്ചുതുടങ്ങുന്നതോടെ അരാജകത്വത്തിലേക്കു നീങ്ങിയ പല രാജ്യങ്ങളുടെയും ഉദാഹരണങ്ങളും നമ്മുടെ കൺമുന്നിലുണ്ട്.
മനഃപരിവർത്തനത്തിനുള്ള അവസരം എല്ലാവർക്കും തുല്യമായിരിക്കണം. അതുപോലെ, ജയിലുകളിലെ സൗകര്യങ്ങളും ശിക്ഷാ ഇളവുകളും നീതിയുടെ അടിസ്ഥാനത്തിൽ, യാതൊരു വിവേചനവുമില്ലാതെ നടപ്പിലാക്കണം.
രാഷ്ട്രീയമോ പണമോ നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കുന്നതു തടയാൻ കർശനമായ നടപടികളും വേണം. എങ്കിൽ മാത്രമേ, നിയമവാഴ്ചയുടെ വിശ്വാസ്യത നിലനിർത്താനും സമൂഹത്തിൽ യഥാർഥ നീതി ഉറപ്പാക്കാനും സാധിക്കുകയുള്ളൂ.