ജഡ്ജിമാരുടെ വാക്കും പ്രവൃത്തിയും വിശ്വാസ്യതയെ വധിക്കരുത്
Monday, September 30, 2024 12:00 AM IST
ജഡ്ജിമാർ സംഘപരിവാർ ഭാഷയിൽ പരാമർശങ്ങൾ നടത്തുന്നതും വിരമിച്ചാലുടനെ സർക്കാർ വച്ചുനീട്ടുന്ന സ്ഥാനമാനങ്ങൾ ഏറ്റെടുക്കുന്നതും രാഷ്ട്രീയ പാർട്ടികളിൽ ചേരുന്നതുമൊക്കെ നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതയെന്ന പരമോന്നത മൂല്യത്തെ സംശയനിഴലിലാക്കുന്നുണ്ട്.
സംഘപരിവാറിന്റെ ഭാഷയിൽ തങ്ങൾ സംസാരിച്ചാൽ ആഹ്ലാദിക്കുന്നത് വർഗീയശക്തികളല്ലേയെന്ന് ന്യായാധിപന്മാർ പലവട്ടം ആലോചിക്കേണ്ടതാണ്. കീഴ്ക്കോടതികളുടെ അത്തരം പരാമർശങ്ങൾ സുപ്രീംകോടതിക്കു തിരുത്തേണ്ടിവരുന്നത് വ്യാപകമല്ലെങ്കിലും ഒറ്റപ്പെട്ട സംഭവമല്ലാതായിട്ടുണ്ട്.
മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ രാജ്യത്തെ ഭൂരിപക്ഷം ന്യൂനപക്ഷമാകുമെന്ന് അലാഹാബാദ് ഹൈക്കോടതി നടത്തിയ പരാമർശവും സുപ്രീംകോടതിക്കു നീക്കംചെയ്യേണ്ടിവന്നിരിക്കുന്നു.
ജഡ്ജിമാർ സംഘപരിവാർ ഭാഷയിൽ പരാമർശങ്ങൾ നടത്തുന്നതും വിരമിച്ചാലുടനെ സർക്കാർ വച്ചുനീട്ടുന്ന സ്ഥാനമാനങ്ങൾ ഏറ്റെടുക്കുന്നതും രാഷ്ട്രീയ പാർട്ടികളിൽ ചേരുന്നതുമൊക്കെ നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതയെന്ന പരമോന്നത മൂല്യത്തെ സംശയനിഴലിലാക്കുന്നുണ്ട്.
ജൂലൈ ഒന്നിനാണ് ഉത്തർപ്രദേശിലെ നിർബന്ധിത മതംമാറ്റം തടയൽ നിയമപ്രകാരം അറസ്റ്റിലായ കൈലാഷ് എന്നയാൾക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് അലാഹാബാദ് ഹൈക്കോടതി ജഡ്ജി രോഹിത് രഞ്ജൻ അഗർവാൾ, ഇങ്ങനെ പോയാൽ ന്യൂനപക്ഷം ഭൂരിപക്ഷമാകുമെന്നു പറഞ്ഞത്.
ജാമ്യാപേക്ഷ പരിഗണിക്കുന്പോൾ ഇതുപോലുള്ള നിരീക്ഷണങ്ങൾ പാടില്ലെന്നും ഒരു കേസിലും അതുണ്ടാകരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. നീണ്ട കസ്റ്റഡി കാലാവധി പരിഗണിച്ച് കുറ്റാരോപിതനു സുപ്രീംകോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
പ്രതി, ആളുകളെ ഉത്തർപ്രദേശിൽനിന്നു ഡൽഹിയിലെത്തിച്ച് മതപരിവർത്തനം നടത്തുന്നു എന്നായിരുന്നു കേസ്. രാജ്യത്തെ ക്രൈസ്തവരുടെ ജനസംഖ്യ വർധിച്ചിട്ടില്ലെന്ന കണക്കുകൾ നിലവിലുള്ളപ്പോഴും മതപരിവർത്തന നിരോധന നിയമങ്ങൾ യുപിയിൽ ഉൾപ്പെടെ ദുരുപയോഗിക്കപ്പെടുകയാണ്.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഉത്തർപ്രദേശിലെ ഖൊരക്പുർ സ്വദേശി അഭിഷേക് ഗുപ്തയും തിരിച്ചറിയാത്ത എട്ടുപേരും ചേർന്ന് ബിച്ചപുർ ഗ്രാമത്തിൽ 40 പേരെ പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്തിയെന്ന ഹിന്ദു ജാഗരൺ മഞ്ച് യുവ വാഹിനിയുടെ പ്രവർത്തകനെന്നു സ്വയം വിശേഷിപ്പിക്കുന്ന ഹിമാൻഷു പട്ടേലിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നു കണ്ടെത്തിയ ബറേലി അഡീഷണൽ സെഷൻസ് ജഡ്ജി ജ്ഞാനേന്ദ്ര ത്രിപാഠി കേസ് റദ്ദാക്കിയിരുന്നു.
വർഗീയചിന്തകൊണ്ടോ വ്യക്തിപരമായ ശത്രുതകൊണ്ടോ ആർക്കും ദുരുപയോഗിക്കാവുന്ന സ്ഥിതിയിലേക്കു മതപരിവർത്തന നിരോധന നിയമം ഉപയോഗിക്കപ്പെടുന്നെന്ന വിമർശനമുണ്ട്. ഇത്തരം സാഹചര്യങ്ങൾ നിലവിലിരിക്കെയാണ് കോടതികൾപോലും അനാവശ്യ പരാമർശങ്ങൾ നടത്തി സ്ഥിതി വഷളാക്കുന്നത്.
ബംഗളൂരുവിൽ മുസ്ലിംകൾ കൂടുതലായി താമസിക്കുന്ന ഗോരി പാല്യ എന്ന പ്രദേശത്തെ “പാക്കിസ്ഥാൻ” എന്നു വിശേഷിപ്പിച്ച കർണാടക ഹൈക്കോടതിയിലെ ജസ്റ്റീസ് വേദവ്യാസചർ ശ്രീശനന്ദയ്ക്കെതിരേ സുപ്രീംകോടതിക്കു നിലപാടെടുക്കേണ്ടിവന്നത് ദിവസങ്ങൾക്കു മുന്പാണ്.
ഇന്ത്യയിലെ ഒരു പ്രദേശത്തെയും പാക്കിസ്ഥാൻ എന്നു മുദ്രകുത്താനാവില്ലെന്നും അത് രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന കാര്യമാണെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ “തത്ത്വചിന്തകനായ രാജാവ്” എന്നു വാഴ്ത്തിക്കൊണ്ട്, ഒരു മതവിശ്വാസി അധികാരത്തിലിരിക്കുമ്പോൾ നല്ല ഫലങ്ങൾ ഉണ്ടാകുമെന്നു പറഞ്ഞ ബറേലിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിന്റെ പരാമർശം ഹൈക്കോടതി ഒഴിവാക്കിയത് കഴിഞ്ഞ മാർച്ചിലാണ്.
കൽക്കട്ട ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യായ രാജിവച്ച് തംലുക് മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർഥിയായത് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വാർത്തയായിരുന്നു. പക്ഷേ, അദ്ദേഹം രാജ്യത്തെ നടുക്കിയത്, പിന്നീട് ഒരു ടെലിവിഷൻ പരിപാടിയിൽ നടത്തിയ പരാമർശമാണ്.
ഗാന്ധി - ഗോഡ്സെ ഇവരില് ആരെ തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി, ആലോചിക്കാതെ പറയാനാകില്ല എന്നായിരുന്നു! ഗാന്ധിജിയാണോ അദ്ദേഹത്തിന്റെ ഘാതകനായ ഗോഡ്സെയാണോ തനിക്കു വേണ്ടപ്പെട്ടയാൾ എന്നു തീരുമാനിക്കാൻ പറ്റാതെപോയ അദ്ദേഹം ഇപ്പോൾ എംപിയാണെന്നതും മറക്കരുത്.
പല ജഡ്ജിമാരും വിരമിച്ചാലുടനെ ബിജെപിയിൽ ചേരുന്നതും സർക്കാരിന്റെ സ്ഥാനമാനങ്ങൾ ഏറ്റെടുക്കുന്നതും അപൂർവമല്ല. കേരളത്തിൽ ഉൾപ്പെടെ വിരമിച്ച ജഡ്ജിമാർ ബിജെപിയിൽ ചേർന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിലിൽ പ്രധാനമന്ത്രിക്ക് വ്യക്തിപരമായി എഴുതിയ കത്തിൽ, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആദിഷ് സി. അഗർവാല, മുൻ ജഡ്ജിമാർ പദവിയൊഴിഞ്ഞ് കുറഞ്ഞത് രണ്ടു വർഷമെങ്കിലും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽനിന്നു വിലക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു.
സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ യോഗത്തിൽ സുപ്രീംകോടതി, ഹൈക്കോടതി മുൻ ജഡ്ജിമാരായ മുപ്പതോളം പേർ പങ്കെടുത്തെന്ന വാർത്ത വന്നതും ഈ മാസമാണ്. സംഘപരിവാറിനു കോടതികളെപ്പോലും സ്വാധീനിക്കാനാകുമെന്ന വിമർശനങ്ങൾക്കിടെയാണ് വിഎച്ച്പിയുടെ നിയമവിഭാഗമായ ‘വിധി പ്രകോഷ്ഠി’ന്റെ യോഗത്തിൽ വിരമിച്ച ന്യായാധിപർ പങ്കെടുത്തത്.
ഭരിക്കുന്ന പാർട്ടിയോട് ന്യായാധിപന്മാർ കാണിക്കുന്ന ആവേശോജ്വലമായ ഈ പുതിയ ഇഷ്ടം മതേതര ഇന്ത്യക്കു സംശയത്തോടെ മാത്രമേ വീക്ഷിക്കാനാകൂ. 2014ൽ ബിജെപി അധികാരത്തിലെത്തിയശേഷം ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടിവന്നിട്ടുള്ള വാക്കുകളിൽ മതേതരത്വമുണ്ട്; ഭീഷണിതന്നെയാണ് കാര്യം.
അപ്പോഴൊക്കെ ജനങ്ങളുടെ പ്രതീക്ഷ കോടതികളിലായിരുന്നു. അതും അസ്ഥാനത്താകും എന്ന തോന്നൽപോലും ഉണ്ടാകാൻ പാടില്ലാത്തതാണ്. അന്വേഷണ ഏജൻസികൾ, തിരുത്തൽ ചരിത്രകാരന്മാർ എന്നിവർക്കൊപ്പം കുറച്ചെങ്കിലും ന്യായാധിപന്മാരും ചേരുന്നത് ഭയത്തോടെ മാത്രമേ കാണാനാകൂ.
ജഡ്ജിമാരുടെ വാക്കും പ്രവൃത്തിയും കോടതികളുടെ വിശ്വാസ്യതയ്ക്കു വധശിക്ഷ വിധിക്കരുതേയെന്നു നീതി-ന്യായ സമക്ഷം ബോധിപ്പിക്കട്ടെ.