നമുക്കു പരിഹരിക്കാൻ രണ്ടു പ്രതിസന്ധികൾ
Monday, September 23, 2024 12:00 AM IST
കാലാവസ്ഥാ വ്യതിയാനത്തെയും മനുഷ്യത്വത്തെയും കുറിച്ചുള്ള മാർപാപ്പയുടെയും ഗ്രാൻഡ് ഇമാമിന്റെയും വാക്കുകൾ അംഗീകരിക്കുന്നുണ്ടോയെന്നു ചോദിക്കുന്നതും ഭൂമിയെ സമാധാനത്തിൽ നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടോയെന്നു ചോദിക്കുന്നതും ഒന്നുതന്നെയാണ്.
അടുത്തയിടെ ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യയിലേക്കു നടത്തിയ അപ്പസ്തോലിക സന്ദർശനത്തിൽ ഗ്രാൻഡ് ഇമാം നസറുദ്ദീൻ ഉമറിനൊപ്പമിരുന്നു പറഞ്ഞത് നമുക്കു പരിഹരിക്കാൻ രണ്ടു കാര്യങ്ങളാണ് ഉള്ളതെന്നാണ്; മനുഷ്യത്വമില്ലായ്മയും കാലാവസ്ഥാ വ്യതിയാനവും.
ജക്കാർത്തയിലെ ഇസ്തിഖ്ലാൽ മോസ്കിൽ നടത്തിയ മതാന്തര സമ്മേളനത്തിൽ മാർപാപ്പയും ഇമാമും മതസൗഹാർദം വളർത്തുന്നതിനായി ഒപ്പുവച്ച ‘ഇസ്തിഖ്ലാൽ 2024 സംയുക്ത പ്രഖ്യാപന’ത്തിലായിരുന്നു പരാമർശം. ഒന്നാലോചിച്ചാൽ മനുഷ്യവംശം അഭിമുഖീകരിക്കുന്ന ഏതാണ്ട് എല്ലാ പ്രശ്നങ്ങളും ഈ രണ്ടു പ്രതിസന്ധികളിൽ അടങ്ങിയിട്ടുണ്ട്. അവരുടെ വാക്കുകൾക്ക് ലോകം ചെവിയോർക്കുമോയെന്നതു വേറെ കാര്യം.
കാലാവസ്ഥാ വ്യതിയാനം ലോകമെങ്ങും തുടർക്കഥയായി. കേരളത്തോട് അതേക്കുറിച്ചു കൂടുതൽ പറയേണ്ടതില്ല. ഓരോ വർഷവും നാം അത് അനുഭവിക്കുകയാണ്. പക്ഷേ, ഉരുൾപൊട്ടലായാലും പ്രളയമായാലും അതനുഭവിക്കുന്ന മനുഷ്യരെ അവയുടെ ഉത്തരവാദികളായി ചിത്രീകരിക്കുന്ന പ്രവണത മനുഷ്യത്വരാഹിത്യമാണ്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഏതാനും പേരുടെ ചുമലിൽ വച്ചുകൊടുത്ത് ആശ്വസിക്കുന്ന പ്രവണതയെ അടുത്തകാലത്തായി ചോദ്യം ചെയ്യാൻ തുടങ്ങിയതും പ്രതീക്ഷയുണർത്തുന്നുണ്ട്.
വരും കാലങ്ങളിൽ അതു കൂടുതൽ ചർച്ച ചെയ്യേണ്ടതുണ്ട്. രണ്ടാമത്തെ കാര്യം മനുഷ്യത്വരാഹിത്യമാണ്. ഇതിന്റെ ഫലമാണ് വർഗീയതയും തീവ്രവാദവും യുദ്ധവും അക്രമവും അഴിമതിയും കലാപങ്ങളുമൊക്കെ. ഓരോരുത്തരും താന്താങ്ങളുടെ രീതിയിൽ ഈ മനുഷ്യത്വരാഹിത്യത്തിൽ പങ്കെടുക്കുന്നുണ്ടെന്നുള്ളതാണ് വാസ്തവം. നമുക്കും ഒപ്പമുള്ളവർക്കും നീതിയും മനുഷ്യാവകാശവും ആവശ്യമാണെന്നതിൽ ആർക്കുമില്ല സംശയം. മറ്റുള്ളവർക്ക് അത് ആവശ്യമുണ്ടോ എന്ന കാര്യത്തിലേ നമുക്ക് സംശയമുള്ളൂ. ദേശീയതലത്തിലെടുത്താൽ മനുഷ്യത്വരഹിതമായി നിരവധി സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ബിഹാറിലെ നവാഡയിൽ ദളിതരുടെ 25 വീടുകൾക്ക് തീയിട്ടു. ഈ രാജ്യത്തെ ഇന്നും ഏറ്റവും ദുർബലരായ മനുഷ്യരാണ് ദളിതരും ആദിവാസികളും. അവരുടെ 25 വീടുകൾക്കു തീയിടാൻ ഒട്ടും പ്രയാസമില്ല. കാരണം, അത്ര ചെറുതും പെട്ടെന്നു കത്തുന്ന വിലകുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ചു നിർമിച്ചവയുമാണ്. മറ്റൊന്ന് ഉത്തരേന്ത്യയിൽ ബുൾഡോസറിന് തകർക്കുന്ന വീടുകളാണ്. കൂടുതലും മുസ്ലിം സമുദായത്തിൽപെട്ടവരുടേതാണ്. ഈ മനുഷ്യത്വരഹിതമായ സർക്കാർ അതിക്രമം നിർത്തിവയ്ക്കാൻ സുപ്രീംകോടതി താത്കാലികമായിട്ടെങ്കിലും ഉത്തരവിട്ടിട്ടുണ്ട്.
ക്രിമിനൽ കേസ് പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ചു തകർക്കുന്നതിനെതിരേ സുപ്രീംകോടതി പല തവണ മുന്നറിയിപ്പു കൊടുത്തിരുന്നു. ഇത്തരം തകർക്കലുകൾക്കാണ് അടുത്ത വാദം കേൾക്കുന്ന ഒക്ടോബർ ഒന്നുവരെ കോടതി താത്കാലിക സ്റ്റേ പുറപ്പെടുവിച്ചത്. തനിക്കു ശരിയെന്നു തോന്നുന്നതൊക്കെ നടപ്പാക്കുക എന്നത് ഏകാധിപതികളുടെ മാത്രം ശൈലിയാണ്. പക്ഷേ, ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും അധികാരത്തിലിരിക്കുന്നവർക്ക് പരിമിതികളുണ്ടെന്നും ഉത്തർപ്രദേശ് ഉൾപ്പെടെ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഭരിക്കുന്ന മുഖ്യമന്ത്രിമാർക്ക് മനസിലായിട്ടില്ല. ഒരു വ്യക്തി കുറ്റാരോപിതനാണെന്ന കാരണംകൊണ്ടുമാത്രം വീട് പൊളിക്കുന്നതിന്റെ നിയമസാധുത സുപ്രീംകോടതി സെപ്റ്റംബര് രണ്ടിനു ചോദ്യം ചെയ്തിരുന്നു.
സർക്കാരുകൾ ബുൾഡോസർ രാജ് നടപ്പാക്കുന്നത് നിയമങ്ങൾക്കു മുകളിലൂടെ ബുൾഡോസർ ഓടിച്ചുകയറ്റുന്നതിന് തുല്യമാണെന്നായിരുന്നു കോടതി നിരീക്ഷണം. ഇതു മനുഷ്യത്വരാഹിത്യത്തിന്റെ പരിധിയിൽ വരും. ബുൾഡോസർ രാജിന്റെ ദുരന്തങ്ങൾ ഏറ്റവുമധികം അനുഭവിക്കുന്നവർ വഖഫ് നിയമത്തിന്റെ പേരു പറഞ്ഞ് രാജ്യത്ത് മറ്റു പലയിടങ്ങളിലും മറ്റുള്ളവരുടെ ഭൂമി സ്വന്തമാക്കുകയാണ്. അതായത്, മനുഷ്യത്വവും നീതിയും എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് നാം കരുതുന്നില്ല. ഇത് ആഗോള പ്രതിഭാസമാണെന്നാണ് മാർപാപ്പയും ഗ്രാൻഡ് ഇമാമും ഓർമിപ്പിക്കുന്നത്. ഹമാസ്-ഇസ്രയേൽ യുദ്ധത്തിലും റഷ്യ-യുക്രെയ്ൻ യുദ്ധത്തിലുമൊക്കെ അടിസ്ഥാനപരമായ മനുഷ്യത്വരാഹിത്യം അതിന്റെ സകല ലക്ഷണങ്ങളും കാണിക്കുന്നുണ്ട്.
“ഇരകളുടെ എണ്ണത്തിൽ ഭയാനകമായ വർധന ഉണ്ടാക്കുന്ന വ്യാപകമായ അക്രമങ്ങളും സംഘർഷങ്ങളുംകൊണ്ട് അടയാളപ്പെടുത്തപ്പെട്ടതാണ് മനുഷ്യത്വരാഹിത്യം എന്ന ആഗോള പ്രതിഭാസം. സമാധാനപരവും യോജിപ്പുള്ളതുമായ ജീവിതാന്തരീഷം അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ തലമുറകളിൽനിന്ന് നമ്മൾ അവ പാരന്പര്യമായി സ്വീകരിച്ചു. അതു നമ്മുടെ മക്കൾക്കും പേരക്കുട്ടികൾക്കുമായി കൈമാറുമെന്നു പ്രതീക്ഷിക്കാം.”
‘ഇസ്തിഖ്ലാൽ 2024 സംയുക്ത പ്രഖ്യാപന’ത്തിന്റെ സന്ദേശം മനുഷ്യവംശത്തിനുവേണ്ടിയുള്ളതാണ്. കാലാവസ്ഥാ വ്യതിയാനത്തെയും മനുഷ്യത്വത്തെയുംകുറിച്ചുള്ള ആ വാക്കുകൾ അംഗീകരിക്കുന്നുണ്ടോയെന്നു ചോദിക്കുന്നതും ഭൂമിയെ സമാധാനത്തിൽ നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടോയെന്നു ചോദിക്കുന്നതും ഒന്നുതന്നെയാണ്.