മണിപ്പുർ കത്തുകയാണോ കത്തിക്കുകയാണോ?
Wednesday, September 11, 2024 12:00 AM IST
പരാജിതനായ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ഇപ്പോൾ ചോദിക്കുന്നത്, സംയുക്ത സേനയുടെ പൂർണ നിയന്ത്രണമാണ്. മെയ്തെയ് പക്ഷപാതിയെന്നു തുടക്കം മുതലേ ആരോപണവിധേയനായ അദ്ദേഹത്തിൽനിന്ന് ഉള്ള അധികാരംകൂടി തിരിച്ചുപിടിക്കുകയാണ് യഥാർഥത്തിൽ
മണിപ്പുരിനെ രക്ഷിക്കാനുള്ള ആദ്യ നടപടി.
ലോകതോൽവിയായ ഒരു മുഖ്യമന്ത്രിയുടെ സംശയകരമായ താത്പര്യങ്ങൾക്കു കീഴിൽ മണിപ്പുർ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ പ്രതിസന്ധിയിലായിരിക്കുന്നു. 16 മാസമായി സമാധാനമെന്തെന്നറിഞ്ഞിട്ടില്ലാത്ത സംസ്ഥാനത്ത് വീണ്ടും കലാപം രൂക്ഷമായിരിക്കുന്നു.
പരാജിതനായ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന് ഇപ്പോഴാവശ്യം സംയുക്ത സേനയുടെ പൂർണ നിയന്ത്രണമാണ്. മെയ്തെയ് പക്ഷപാതിയെന്നു തുടക്കംമുതലേ ആരോപണവിധേയനായ അദ്ദേഹത്തിൽനിന്ന് ഉള്ള അധികാരംകൂടി തിരിച്ചുപിടിക്കുകയാണ് യഥാർഥത്തിൽ മണിപ്പുരിനെ രക്ഷിക്കാനുള്ള ആദ്യ നടപടി.
റഷ്യയിലെയും യുക്രെയ്നിലെയും യുദ്ധത്തെയും അവിടത്തെ മനുഷ്യരെയുമോർത്ത് ഉറക്കമില്ലാതായ പ്രധാനമന്ത്രി സ്വന്തം പൗരന്മാരുടെ കണ്ണുകളിലേക്കും ഇടയ്ക്കൊന്നു നോക്കണം. അല്ലെങ്കിൽ മണിപ്പുർ കത്തുകയല്ല, കത്തിക്കുകയാണെന്ന സംശയം ബലപ്പെടും.
മണിപ്പുരിൽ മെയ്തെയ്, കുക്കി വിഭാഗങ്ങൾ ഏറ്റുമുട്ടുന്നത് ആദ്യമല്ല. പക്ഷേ, 2023 മേയ് മൂന്നിനു തുടങ്ങിയ കലാപത്തിൽ വർഗീയത ആരോപിക്കപ്പെട്ടതാണ് വഴിത്തിരിവായത്. മെയ്തെയ്കൾ ഇംഫാലിൽ സ്വന്തം ആളുകളിലെ ക്രിസ്ത്യാനികളെ കൊല്ലുകയും അവരുടെ വീടുകളും പള്ളികളും സ്കൂളുകളും കത്തിക്കുകയും ചെയ്തതോടെയാണ് വർഗീയത മറനീക്കി പുറത്തുവന്നത്.
ഇപ്പോൾ കലാപം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം ജിരിബാം ജില്ലയില്‍ കുക്കി, മെയ്തെയ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണവും അരങ്ങേറി. കലാപം യുദ്ധമാകുകയാണ്.
മെയ്തെയ് തീവ്രവാദ സംഘടനകളെ മുഖ്യമന്ത്രി ബിരേൻ സിംഗ് പിന്തുണയ്ക്കുന്നുണ്ടെന്ന വിമർശനം ശരിവയ്ക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റേതെന്ന വിധത്തിൽ കഴിഞ്ഞ മാസം ‘ദ വയർ’ പുറത്തുവിട്ട ശബ്ദരേഖ.
പോലീസിന്റെ സംഭരണകേന്ദ്രത്തിൽനിന്ന് ആയുധങ്ങൾ കവർന്നവരെ സംരക്ഷിച്ചത് ഉൾപ്പെടെ താൻ ചെയ്തുകൊടുത്ത ‘സേവനങ്ങൾ’ അദ്ദേഹം ആവേശത്തോടെ മെയ്തെയ്കളോടു വിവരിക്കുന്നുണ്ട്. കലാപം അന്വേഷിക്കുന്ന ജസ്റ്റീസ് അജയ് ലാംബ കമ്മീഷനു ലഭിച്ച ശബ്ദരേഖയാണ് പുറത്തായത്.
അതു വ്യാജമാണെന്നു തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പല കാരണങ്ങളാലും പക്ഷപാതിയെന്നു കുപ്രസിദ്ധിയുള്ള ഈ മുഖ്യമന്ത്രിയാണ് സംയുക്ത സേനയുടെ നിയന്ത്രണംകൂടി തന്നെ ഏൽപ്പിച്ചേക്കാൻ ഗവർണറോടും കേന്ദ്രത്തോടും ആവശ്യപ്പെട്ടിരിക്കുന്നത്.
ഡ്രോണുകൾ ഉപയോഗിച്ചത് കുക്കികളായതിനാൽ സംയുക്ത സേനയുടെ നിയന്ത്രണം മുഖ്യമന്ത്രിക്കു കൊടുക്കണമെന്നാണ് മെയ്തെയ് വിദ്യാർഥികളും ആവശ്യപ്പെടുന്നത്.
ഈ ആവശ്യമുന്നയിച്ചു കഴിഞ്ഞദിവസം ഇംഫാലിൽ നടത്തിയ അക്രമാസക്തമായ പ്രതിഷേധത്തിൽ വിദ്യാർഥികൾ രാജ്ഭവനു നേരേ കല്ലെറിയുകയും തൗബാലിൽ ജില്ലാ ആസ്ഥാനത്തെ ദേശീയ പതാക അഴിച്ചുമാറ്റി മെയ്തെയ് പതാക കെട്ടുകയും ചെയ്തു.
ഇടുങ്ങിയ രാഷ്ട്രീയ താത്പര്യങ്ങളുടെ ഇരട്ട എൻജിൻ മണിപ്പുരിനെ ചതച്ചരച്ചു കൂകിപ്പായുകയാണ്. ഇങ്ങനെ എത്രകാലം പോകുമെന്നതാണ് ചോദ്യം. ഔദ്യോഗിക കണക്കനുസരിച്ചുതന്നെ 225 പേർ മരിച്ചു. കച്ചവടവും കൃഷിയും മറ്റ് ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ട മനുഷ്യർ രാജ്യത്തിന്റെ തീരാമുറിവായി.
പതിനായിരങ്ങൾ പലായനം ചെയ്തു. ഈ മുഖ്യമന്ത്രിതന്നെ നിയമസഭയിൽ അറിയിച്ച കണക്കുകളനുസരിച്ച്, കലാപത്തിൽ 59,564 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 11,133 വീടുകൾ അഗ്നിക്കിരയാക്കി. 16 മാസം ഈ മനുഷ്യൻ എന്തെടുക്കുകയായിരുന്നെന്നു രാജ്യം അറിയേണ്ടതല്ലേ?
ബിരേൻ സിംഗിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റിനിർത്തി ജനങ്ങളുടെ വിശ്വാസം ആർജിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കലാപം അവസാനിപ്പിച്ചില്ലെന്നതു മാത്രമല്ല, അതിനായി നടത്താതെപോയ പരിശ്രമങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സംശയത്തിന്റെ നിഴലിലാക്കി.
ആഭ്യന്ത്രരമന്ത്രി അമിത് ഷാ ഒരിക്കൽ മണിപ്പുർ സന്ദർശിച്ചതും ചില യോഗങ്ങൾ വിളിച്ചുചേർത്തതുമല്ലാതെ ഫലത്തിൽ ഒന്നുമില്ല. പ്രശ്നപ രിഹാനത്തിന് പാർലമെന്റിൽ ഗൗരവത്തോടെയും ആത്മാർഥതയോടെയും ചർച്ചയുണ്ടാകണം. പ്രതിപക്ഷത്തെയും വിദഗ്ധരെയും സമാധാനകാംക്ഷികളെയും ഒന്നിച്ചിരുത്തി പരിഹാര മാർഗത്തിനു ശ്രമിക്കണം.
ആരൊക്കെ പറഞ്ഞാലും, ലോകത്തെവിടെ പോയാലും മണിപ്പുരിൽ പോകില്ലെന്ന നിഗൂഢ വാശി പ്രധാനമന്ത്രി അവസാനിപ്പിക്കണം. കുക്കി മേഖലകളിലേക്ക് കടന്നുകയറി അക്രമം നടത്താൻ മെയ്തെയ്കളെ അനുവദിക്കാത്തത് ആസാം റൈഫിൾസാണ്.
അതിനാൽ അവരെ പിൻവലിക്കരുത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം, സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവ്, ആർമി എന്നിവയുടെ നേതൃത്വത്തിലാണ് നിലവിൽ സംയുക്തസേന (യുണിഫൈഡ് കമാൻഡ്). അതിന്റെ നിയന്ത്രണം സംശയനിഴലിലുള്ള മുഖ്യമന്ത്രിക്കു കൈമാറരുത്.
മെയ്തെയ്കളും കുക്കികളും തമ്മിൽ ഇത്തവണയും വംശീയ കലാപമാണെന്ന സംഘപരിവാർ ഭാഷ്യത്തിന്റെ ചെന്പു തെളിഞ്ഞുകഴിഞ്ഞു. യാഥാർഥ്യത്തിനു നേരേ മുഖം തിരിക്കാത്ത പരിഹാരങ്ങളാണ് ഇനിയാവശ്യം. ബിരേൻ സിംഗെന്ന മുഖ്യമന്ത്രിയും മണിപ്പുരിലെ അധികാരവും വർഗീയ താത്പര്യങ്ങളുമല്ല രാജ്യത്തിനാവശ്യം, മണിപ്പുരും അവിടത്തെ മനുഷ്യരുമാണ്.