മത-രാഷ്ട്രീയ താത്പര്യങ്ങളുള്ള യുദ്ധക്കൊതിയരെ തിരുത്താൻ മനുഷ്യരാശിയുടെ മഹാഭൂരിപക്ഷത്തിന് ഇന്നും കഴിയുന്നില്ല.
ലോകം ഒരിക്കൽകൂടി നാശത്തിന്റെ പാത തെരഞ്ഞെടുക്കുന്നതിന്റെ സൂചനകൾ പ്രകടമായിട്ടുണ്ട്. ഹമാസ് തീവ്രവാദികൾ ഇസ്രയേലിനെ ആക്രമിച്ചുകൊണ്ടു തുടങ്ങിവച്ച യുദ്ധം ഇപ്പോൾ രണ്ടാം ഘട്ടത്തിലെത്തിയിരിക്കുകയാണ്.
പ്രതികാരമായി ഇസ്രയേൽ നടത്തുന്ന നിഷ്ഠുര ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാൽപ്പതിനായിരത്തോട് അടുത്തു. ഇറാനിൽവച്ച് ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടതോടെ ഇറാനും, ഇറാന്റെ ആക്രമണത്തെ ചെറുക്കാൻ അമേരിക്കയും രംഗത്തിറങ്ങിയതോടെ ആഗോള ചേരിതിരിവ് പ്രത്യക്ഷരൂപത്തിലായി.
ഐക്യരാഷ്ട്രസഭ കേവലം ഉപദേശകസമിതിയായതോടെ സമാധാനനീക്കങ്ങളും ദുർബലം. അമേരിക്ക ജപ്പാനിൽ അണുബോംബിട്ട് ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയ ഹിരോഷിമദിനത്തിന്റെ വാർഷികമാണ് നാളെ.
രണ്ടു ലോകയുദ്ധങ്ങൾക്കു പോലും മനുഷ്യരെ യുദ്ധത്തിൽനിന്നു പിന്തിരിപ്പിക്കാനായിട്ടില്ലെന്നാണോ അർഥം? അല്ല, മത-രാഷ്ട്രീയ താത്പര്യങ്ങളുള്ള ഏതാനും യുദ്ധക്കൊതിയരെ തിരുത്താൻ മനുഷ്യരാശിയുടെ മഹാഭൂരിപക്ഷത്തിന് ഇന്നും കഴിയുന്നില്ല എന്നാണ്.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേലിൽ കടന്നുകയറി 1200 പേരെ കൊല്ലുകയും 250 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതിനെത്തുടർന്നാണ് ഇസ്രയേൽ തിരിച്ചടി തുടങ്ങിയത്.
ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവിയായിരുന്ന ഇസ്മയിൽ ഹനിയ ജൂലൈ 31ന് ഇറാനിലെ ടെഹ്റാനിൽ കൊല്ലപ്പെട്ടതോടെ സംഘർഷം വഴിത്തിരിവിലായി. പകരം വീട്ടാൻ ഇറാൻ ഒരുങ്ങുന്പോൾ അവർക്കൊപ്പം തുർക്കിയുമുണ്ട്.
ഇസ്രയേലിലേക്ക് സൈന്യത്തെ അയയ്ക്കുമെന്നാണ് തുർക്കി പ്രസിഡന്റ് എർദോഗൻ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇറാന്റെ പിന്തുണയുള്ള, ലെബനനിലെ തീവ്രവാദ പ്രസ്ഥാനമായ ഹിസ്ബുള്ളയും ഇസ്രയേലിനെതിരേയുള്ള ആക്രമണം ശക്തമാക്കിക്കഴിഞ്ഞു.
അതിനിടെ, അമേരിക്ക പശ്ചിമേഷ്യയിൽ തങ്ങളുടെ സൈനികസാന്നിധ്യം ശക്തിപ്പെടുത്തുകയാണ്. വിമാനവാഹിനിക്കപ്പലുകളും ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്ന യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും അവിടേക്ക് എത്തിക്കുന്നതിനൊപ്പം ലബനനിൽനിന്ന് മടങ്ങിപ്പോകാൻ തങ്ങളുടെ പൗരന്മാരോട് അമേരിക്ക നിർദേശിക്കുകയും ചെയ്തു. പശ്ചിമേഷ്യയിലെ യുദ്ധം അതിരുവിടുന്ന സാധ്യതയാണ് കാണുന്നത്.
അമേരിക്ക പ്രത്യക്ഷമായും പാശ്ചാത്യരാജ്യങ്ങൾ പരോക്ഷമായും ഇസ്രയേലിന്റെ പക്ഷത്തു നിൽക്കുന്പോൾ മറുവശത്തുള്ള ഹമാസ്, ഹിസ്ബുള്ള പ്രസ്ഥാനങ്ങളും ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളും ഇസ്ലാമിക തീവ്രവാദത്തെ പ്രതിനിധീകരിക്കുന്നവയാണെന്ന വസ്തുതയുമുണ്ട്. 2022 സെപ്റ്റംബറിൽ, ശിരോവസ്ത്രം ധരിച്ചതിലെ പോരായ്മയുടെ പേരിൽ മഹ്സ അമീനി എന്ന യുവതി, മതകാര്യ പോലീസിന്റെ കസ്റ്റഡിയിൽ കൊല്ലപ്പെടുകയും തുടർന്നുണ്ടായ പ്രക്ഷോഭങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെ നരവധിപ്പേരെ വധശിക്ഷയ്ക്കു വിധേയമാക്കുകയും ചെയ്തതോടെ ഇറാന്റെ മതതീവ്രവാദം കൂടുതൽ അപഹാസ്യമായി. മറ്റൊന്ന് തുർക്കിയാണ്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഹിറ്റ്ലറോടാണ് എർദോഗൻ ഉപമിക്കുന്നത്. 15 ലക്ഷം അർമേനിയൻ ക്രിസ്ത്യാനികളെ വംശഹത്യ ചെയ്തവരുടെ പിന്മുറക്കാരനാണ് അദ്ദേഹമെന്നോർക്കണം.
അസർബൈജാന്റെ നിയന്ത്രണത്തിലായിരുന്ന നഗർണോ-കാരാബാക് പ്രദേശത്തുനിന്നു ബാക്കിയുണ്ടായിരുന്ന 1.2 ലക്ഷം ക്രൈസ്തവരെയും 2023 ഒക്ടോബറോടെ ആട്ടിപ്പുറത്താക്കാൻ സഹായിച്ചത് എർദോഗനാണ്.
ലിബിയയിലും നഗർണോ-കാരാബാക്കിലും പ്രവേശിച്ചതിനു തുല്യമായി ഇസ്രയേലിൽ പ്രവേശിക്കുമെന്നാണ് എർദോഗന്റെ ഭീഷണി. അർമേനിയൻ ക്രൈസ്തവരെ ആട്ടിപ്പായിച്ചത്ര എളുപ്പമാണോ ഇസ്രയേലിൽ നടത്താമെന്നു കരുതുന്ന സൈനികാഭ്യാസമെന്നത് കാത്തിരുന്നു കാണണം.
ഇറാന്റെ സംരക്ഷണയിൽ ലെബനനിൽ പ്രവർത്തിക്കുന്ന ഷിയ തീവ്രവാദ പ്രസ്ഥാനമായ ഹിസ്ബുള്ളയും ഹമാസിനെപ്പോലെ, ക്രിസ്ത്യാനികളും യഹൂദരുമില്ലാത്ത ലോകം സ്വപ്നം കാണുന്നവരാണ്.
പലസ്തീന്റെ മോചനമല്ല, ഇസ്ലാമിക ഖിലാഫത്ത് ലോകത്ത് സ്ഥാപിക്കുകയാണ്, തീവ്രവാദ പ്രസ്ഥാനമായ മുസ്ലിം ബ്രദർഹുഡിന്റെ ഭാഗമായ ഹമാസിന്റെ ആത്യന്തിക ലക്ഷ്യം.
പിഎൽഒ (പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ) എന്ന പലസ്തീൻ വിമോചന മുന്നണിയെ അട്ടിമറിച്ചാണ് അവർ രംഗപ്രവേശം ചെയ്തത്. 1987ൽ രൂപീകരിക്കപ്പെട്ട ഹമാസ്, അതിനു മുന്പുള്ള വർഷങ്ങളിൽ പലസ്തീനികളെ ഇസ്ലാമികവത്കരിക്കുകയായിരുന്നു.
പിഎൽഒ നിരവധി അട്ടിമറി പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും ഒടുവിൽ ഇസ്രയേലിനെ അംഗീകരിക്കാൻ തയാറായി. പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കമായാണ് ഓസ്ലോ കരാറിൽ ഇസ്രയേൽ പ്രധാനമന്ത്രി യിഷാക് റാബീനും പിഎൽഒ നേതാവ് യാസർ അരാഫത്തും ഒപ്പുവച്ചത്.
സമാധാന സാധ്യത തെളിഞ്ഞതോടെ, വഞ്ചിക്കപ്പെട്ടെന്ന ധാരണ പരത്തി പലസ്തീൻ ജനതയെ തീവ്രവാദ നിലപാടുകളിലേക്ക് ഹമാസ് ആട്ടിത്തെളിച്ചു. ഇതേസമയം, ഓസ്ലോ കരാറിനെതിരേ, ഇസ്രയേലിലെ വലതുപക്ഷ തീവ്രവാദികളും രംഗത്തെത്തി.
അതിനു നേതൃത്വം കൊടുത്താണ് നെതന്യാഹു അധികാരക്കളി തുടങ്ങിയത്. ഈ തീവ്രനിലപാടുകാരാണ് ഇപ്പോൾ പലസ്തീനെ ചോരക്കളമാക്കിയത്.
ഹമാസിനെ സ്വാതന്ത്ര്യസമര പ്രസ്ഥാനമായി മുസ്ലിം രാജ്യങ്ങളിലേറെയും അംഗീകരിക്കുന്നില്ല. പലസ്തീനികളുടെ സമാധാനജീവിതത്തെ അസാധ്യമാക്കിയ തീവ്രവാദികളാണ് ഹമാസെന്ന് കേരളത്തിൽ ഏറെപ്പേർക്കും അറിയാമെങ്കിലും മത-രാഷ്ട്രീയ താത്പര്യങ്ങളുള്ളതുകൊണ്ട് പുറത്തു പറയില്ല.
ഇസ്മയിൽ ഹനിയയ്ക്കുവേണ്ടി വിലാപയാത്ര നടത്തുന്നവർക്കൊപ്പം നടന്ന് മറ്റു ചിലർ അറിവില്ലായ്മകൊണ്ട് ഹമാസിനെ തോളിലേറ്റുന്നു. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ഇറാന്റെയും തുർക്കിയുടെയും മാത്രമല്ല, നെതന്യാഹുവിന്റെ ചരിത്രവും സമാധാനത്തിന്റെ വഴികളിലൂടെയല്ല.
പക്ഷേ, അഭയം കൊടുത്തവരെപ്പോലും ദ്രോഹിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന പാശ്ചാത്യലോകം ഇസ്രയേലിനോടു പല കാര്യത്തിലും യോജിക്കുന്നില്ലെങ്കിലും ഹമാസിനെ പിന്തുണയ്ക്കുന്നവർക്കൊപ്പം നിൽക്കാനിടയില്ല.
അമേരിക്കയിൽ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണെന്ന യാഥാർഥ്യവുമുണ്ട്. തീവ്ര വലതുപക്ഷ വായാടിത്തംകൊണ്ട് പ്രസംഗവേദികളെ ത്രസിപ്പിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ ചെറുക്കാനും ഡെമോക്രാറ്റുകൾക്ക് ഇസ്രയേലിനെ പിന്തുണയ്ക്കേണ്ടതുണ്ട്.
എല്ലാറ്റിന്റെയും ഫലം യുദ്ധത്തിനുള്ള സാധ്യതയാണ്. കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് അറ്റ്വുഡ് പറയുന്ന വാക്കുകളാണ് പ്രസക്തം. “സംഭാഷണങ്ങൾ അവസാനിക്കുന്നിടത്ത് യുദ്ധം തുടങ്ങുന്നു.” തടസങ്ങൾ നീക്കി ചർച്ചകൾക്കുള്ള വഴികൾ തെളിക്കുകയേ പോംവഴിയുള്ളൂ.