മക്കളുടെ ഗെയിമുകളിൽ മാതാപിതാക്കളുടെ ടാസ്ക്
Tuesday, July 16, 2024 12:00 AM IST
“അവനും ഞാനും സുഹൃത്തുക്കളെപ്പോലെയായിരുന്നു. എന്തു കാര്യവും എന്നോടു തുറന്നു പറയുമായിരുന്നു” ആലുവയിലെ ഒരു പിതാവിന്റെ വാക്കുകളാണിത്. പക്ഷേ, മരണം മൊബൈൽ ഫോൺ ഗെയിമിലൂടെ വീട്ടിൽ കയറിയപ്പോൾ ഒരു കാലനക്കം പോലും മാതാപിതാക്കൾ കേട്ടില്ല. മകന്റെ സംസ്കാരം കഴിഞ്ഞു.
ആലുവയിൽ പത്താംക്ലാസുകാരൻ ജീവനൊടുക്കിയതിനു കാരണം ഓൺലൈൻ ഗെയിമാണെന്ന സൂചനയാണുള്ളത്. സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പോലീസും കുട്ടിയുടെ പിതാവും നൽകുന്ന സൂചനകൾ ആ ദിശയിലാണ്.
മുന്പും പലരുടെയും മരണത്തിനിടയാക്കിയ ഫ്രീ ഫയർ, ഹൊറർ ഫീൽഡ്, ഡെവിൾ തുടങ്ങിയ ഗെയിമുകൾ വീട്ടിലെ ഫോണുകളിൽ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ടാസ്കുകൾ പൂർത്തിയാക്കുന്നതിനിടെയാകാം മരണം.
മരിച്ചില്ലെങ്കിലും മരണതുല്യമായി കളി തുടരുന്ന ധാരാളം കുട്ടികൾ കേരളത്തിലുണ്ട്. ഈ പ്രതിസന്ധി മറികടക്കണമെങ്കിൽ മക്കളുടെ മരണഗെയിമുകൾക്കേതിരേ മാതാപിതാക്കളും ചില ടാസ്കുകൾ ഏറ്റെടുക്കേണ്ടതുണ്ട്.
ആലുവ കപ്രശേരിയിലെ പത്താം ക്ളാസ് വിദ്യാർഥി ആഗ്നലിനെയാണ് വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മഴക്കോട്ടുകൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും കെട്ടി വായ ടേപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം.
കുട്ടി ഉപയോഗിച്ചതെന്നു കരുതുന്ന ആപത്കരമായ ഓൺലൈൻ ഗെയിമുകൾ മാതാപിതാക്കളുടെ ഫോണുകളിൽ കണ്ടെത്തിയതോടെയാണ് മരണകാരണത്തെക്കുറിച്ച് സംശയമുണ്ടായത്. അതിലൊന്ന് അമ്മയുടെ ഫോണിൽ ഉണ്ടായിരുന്ന ഡെവിൾ എന്ന ഗെയിമാണ്. ആഗ്നലിനെ കൂട്ടിക്കൊണ്ടുപോയത് ആ ഡെവിളാണോയെന്ന് കണ്ടെത്താൻ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കുകയാണ്.
“അവനും ഞാനും സുഹൃത്തുക്കളെപ്പോലെയായിരുന്നു. എന്തു കാര്യവും എന്നോടു തുറന്നു പറയുമായിരുന്നു” ആഗ്നലിന്റെ പിതാവിന്റെ വാക്കുകൾ കേരളത്തിനു വിലപ്പെട്ടതാണ്. തങ്ങളുടെ മക്കളെ തങ്ങൾക്കറിയാമെന്നും അവർ ഒന്നും ഒളിച്ചുവയ്ക്കില്ലെന്നും ഒട്ടുമിക്ക മാതാപിതാക്കളും വിശ്വസിക്കുന്നു.
ശരിയാണ്, കുട്ടികൾ സ്നേഹമുള്ളവരാണ്. പക്ഷേ, അവർക്കു നിയന്ത്രിക്കാനാവാത്തവിധം ഗെയിമുകൾക്ക് അടിപ്പെടുകയാണ്. സാധാരണ ഗെയിമുകൾ സമയവും സന്തോഷവുമാണ് ഇല്ലാതാക്കുന്നതെങ്കിൽ ഫ്രീ ഫയർ, ഹൊറർ ഫീൽഡ്, ഡെവിൾ, ബ്ലൂ വെയ്ൽ, സിനമെൻ ചാലഞ്ച്, ചോക്കിംഗ് ഗെയിം, കട്ടിംഗ് ചാലഞ്ച്, ചാർലി ചാർലി തുടങ്ങിയ ഗെയിമുകൾ നൂറുകണക്കിനു കുട്ടികളുടെ ജീവനെടുത്തിട്ടുള്ളവയാണ്.
മൂന്നു വർഷം മുന്പ് തിരുവനന്തപുരത്ത് ഒന്നാം വർഷ ബിരുദ വിദ്യാർഥി അനുജിത് അനിൽ ജീവനൊടുക്കിയത് ഫ്രീ ഫയർ കളിച്ചാണ്. ജോയി എന്ന ശുചീകരണത്തൊഴിലാളി മുങ്ങിമരിച്ച തിരുവനന്തപുരത്തെ മാലിന്യത്തോടുപോലെയായിട്ടുണ്ട് പലരുടെയും മൊബൈൽ ഫോണുകൾ. അതിലുള്ള പലതും നേരംകൊല്ലികളാണെങ്കിൽ, ചിലത് പ്രാണൻകൊല്ലികളാണ്.
കുട്ടികൾ മൊബൈൽ ഫോൺ കൈകാര്യം ചെയ്യാത്ത ഒരു വീടുമില്ലെന്നു പറയാം. പലരും പഠിക്കുകയാണെന്നു പറഞ്ഞ് അടച്ചിട്ട മുറിയിൽ ഗെയിം കളിക്കുന്നുമുണ്ട്.
ഓരോ ടാസ്കും പൂർത്തിയാക്കുന്പോൾ സാഹസികമായി തങ്ങൾ എന്തോ നേടിയെന്ന തോന്നൽ കുട്ടികളിലുണ്ടാകും. അടുത്ത ടാസ്കിനായുള്ള കാത്തിരിപ്പ് അടിമത്തത്തിലേക്കു കൊണ്ടുപോകും. അതിനുമുന്പ് മാതാപിതാക്കൾ തങ്ങളുടെ ‘ടാസ്ക്’ ഏറ്റെടുക്കണം.
മക്കളെ സ്നേഹിക്കുന്നതിനൊപ്പം നിരീക്ഷിക്കുകയും വേണം. ജീവനെടുക്കുന്നതു മാത്രമല്ല ഗെയ്മുകളുടെ ആപത്ത്. പഠനകാര്യങ്ങളിൽ ശ്രദ്ധ കുറയുക, അകാരണമായി കോപിക്കുക, വിഷാദത്തിന് അടിപ്പെടുക, അലസരായി മാറുക തുടങ്ങി പല ലക്ഷണങ്ങളും തുടക്കത്തിലേ തിരിച്ചറിയണം.
ആഗ്നലിന്റെ പിതാവ് ജെയ്മി പറഞ്ഞത്, ഗെയിം ആപ്പുകൾ ഫോണിൽ മറച്ചുവച്ചിരിക്കുകയായിരുന്നു എന്നാണ്. മക്കൾ ഫോണിൽ മറച്ചുവച്ചിരിക്കുന്ന ആപ്പുകൾ കണ്ടെത്താൻ ബുദ്ധിമുട്ടാവാം. പക്ഷേ, അവരിലുണ്ടാകുന്ന മാറ്റം തിരിച്ചറിയാൻ പറ്റുന്നില്ലെങ്കിൽ മാതാപിതാക്കളെന്ന നിലയിലുള്ള പരാജയമാണ്.
നിശ്ചിത സമയത്തിൽ കൂടുതൽ ഫോണും കംപ്യൂട്ടറും കുട്ടികൾക്കു വിട്ടുകൊടുക്കരുത്. അതും തുറസായ മുറിയിലിരുന്ന് ഉപയോഗിക്കട്ടെ. ഫോണിലെ മുഴുവൻ ഗെയിമുകളും ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്. പകരം, കുട്ടികളുടെ താത്പര്യംകൂടി കണക്കിലെടുത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതുൾപ്പെടെയുള്ള വിനോദങ്ങൾ അനുവദിക്കാം.
ജിമ്മിൽ പോകുന്നതും സംഗീതോപകരണങ്ങൾ പഠിപ്പിക്കുന്നതും നല്ലതാണ്. ആ ഘട്ടങ്ങളും കഴിഞ്ഞെങ്കിൽ വിദഗ്ധചികിത്സയ്ക്കു വൈകരുത്. ഒരു ഡെവിളിന്റെയും കളി വീട്ടിൽ അനുവദിക്കരുത്.