ഉജ്വലം വിശ്വവിജയം; ആഹ്ലാദം, അഭിമാനം
ടീം ഇന്ത്യക്കായി നിറഞ്ഞ മനസോടെ കൈയടിക്കാം; അവരെ പരിശീലിപ്പിച്ചൊരുക്കിയ രാഹുൽ ദ്രാവിഡിനും സഹപ്രവർത്തകർക്കും നന്ദിചൊല്ലാം. അത്ര പ്രിയങ്കരമാണ് ജനകോടികൾക്ക് ഈ സ്വപ്നവിജയം. ഒരു മധുരക്കിനാവിന്റെ സാഫല്യത്തിൽ ആഘോഷത്തിലാണ് നാട്.
വിജയാവേശത്തിൽ വിതുന്പിയ ഹാർദിക് പാണ്ഡ്യ, ഗ്രൗണ്ടിൽ മുഖമമർത്തി കരഞ്ഞ് നായകൻ രോഹിത് ശർമ, ഇരുകരങ്ങളും ആകാശത്തേക്കുയർത്തി വീര വിരാട്, പ്രിയപത്നിയെ കെട്ടിപ്പുണർന്ന് ജസ്പ്രീത് ബുംറ, ഒരിക്കലും കാണാത്തൊരു ആനന്ദഭാവത്തിൽ രാഹുൽ ദ്രാവിഡ്, കണ്ണീരും ചിരിയും വികാരപ്രകടനങ്ങളുമായി സഹതാരങ്ങൾ... കൈവിട്ടെന്നു കടുത്ത ആരാധകർപോലും ഉറപ്പിച്ച കിരീടവിജയം, സൂര്യകുമാർ യാദവിന്റെ തകർപ്പൻ ക്യാച്ചിലെന്നപോലെ, പിടിച്ചുവാങ്ങിയ നിമിഷം അത്രമേൽ വികാരനിർഭരമായിരുന്നു, ആവേശോജ്വലമായിരുന്നു. ഇന്ത്യയുടെ ഓർമച്ചെപ്പിൽ എന്നും ഒളിമങ്ങാതെയുണ്ടാകും ഈ സമ്മോഹനമുഹൂർത്തം.
ഏഴു മാസങ്ങൾക്കുമുന്പ് സ്വന്തം മണ്ണിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ നഷ്ടം ഇനി മറക്കാം. ഇക്കുറി നമ്മൾ പൊരുതിനേടുകയായിരുന്നു ആ വിശ്വവിജയം. ട്വന്റി-20 ക്രിക്കറ്റിന്റെ ലോകസിംഹാസനത്തിൽ ഒരു രണ്ടാമൂഴം.
ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷം. കോടികളുടെ പ്രാർഥനകളും പ്രതീക്ഷകളും വെറുതെയായില്ല. ടീം ഇന്ത്യക്കായി നിറഞ്ഞ മനസോടെ കൈയടിക്കാം; അവരെ പരിശീലിപ്പിച്ചൊരുക്കിയ രാഹുൽ ദ്രാവിഡിനും സഹപ്രവർത്തകർക്കും നന്ദിചൊല്ലാം. അത്ര പ്രിയങ്കരമാണ് ജനകോടികൾക്ക് ഈ സ്വപ്നവിജയം. ഒരു മധുരക്കിനാവിന്റെ സാഫല്യത്തിൽ ആഘോഷത്തിലാണ് നാട്.
ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ വിശ്വകിരീടം ഇതു രണ്ടാംതവണമാത്രം. കുട്ടിക്രിക്കറ്റിന്റെ പ്രഥമ ലോകകപ്പിൽ ജേതാക്കളായതാണ് ഇന്ത്യ. ഒന്പതാം ലോകകപ്പുവരെ കാത്തിരിക്കേണ്ടിവന്നു രണ്ടാമൂഴത്തിന്. ഏകദിനക്രിക്കറ്റിലും രണ്ടുതവണയാണ് ഇന്ത്യ ലോകജേതാക്കളായത്.
ട്വന്റി-20 ക്രിക്കറ്റിന്റെ സമസ്തസൗന്ദര്യവും അനിശ്ചിതത്വവും നിറഞ്ഞ കലാശപ്പോരിലാണ്, ആദ്യകിരീടസ്വപ്നവുമായി വന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യൻ വിജയം. കാണികളുടെ ഹൃദയമിടിപ്പു കൂട്ടിയ അതിനാടകീയമായ ട്വിസ്റ്റുകൾക്കൊടുവിൽ സൂര്യകുമാർ യാദവിന്റെ അദ്ഭുത ക്യാച്ചും ബുംറയുടെയും അർഷ്ദീപ് സിംഗിന്റെയും ഹാർദിക് പാണ്ഡ്യയുടെയും മികച്ച ബൗളിംഗും ഇന്ത്യക്കായി വിജയം പിടിച്ചെടുക്കുകയായിരുന്നു.
ആറു വിക്കറ്റുകൾ കൈയിലിരിക്കേ അഞ്ച് ഓവറിൽ വിജയത്തിനു 30 റൺസ് മാത്രം എന്ന നിലയിൽനിന്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ പതനം. രോഹിത് ശർമയുടെ വാക്കുകളിൽ പറഞ്ഞാൽ, “അതിസമ്മർദനിമിഷങ്ങളെ അതിജീവിക്കാനായതാ”’യിരുന്നു വിജയരഹസ്യം.
തികച്ചും ആധികാരികവുമായിരുന്നു ലോകകപ്പിലെ ഇന്ത്യയുടെ ജൈത്രയാത്ര. ഗ്രൂപ്പ് മത്സരങ്ങളിലും സൂപ്പർ എട്ടിലെ മൂന്നു മത്സരങ്ങളിലും അപരാജിതമുന്നേറ്റം. സെമിയിലും ഉജ്വലവിജയത്തോടെ ഫൈനലിലേക്ക്. 1992 മുതൽ ഏഴു ലോകകപ്പുകളിലെ സെമിഫൈനൽ തോൽവി മറികടന്ന് ആദ്യമായി ഫൈനൽ കളിച്ച ദക്ഷിണാഫ്രിക്ക കലാശപ്പോരിൽ മികച്ച പ്രകടനംതന്നെ കാഴ്ചവച്ചെങ്കിലും ഇന്ത്യയുടെ പോരാട്ടവീര്യത്തിനു മുന്നിൽ തലകുനിക്കേണ്ടിവന്നു.
കഴിഞ്ഞ നവംബർ 19ന് ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ അഹമ്മദാബാദ് സബർമതി നദീതീരത്തെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ താരങ്ങളുടെ കണ്ണീരു വീണിരുന്നു. അന്നു ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച ഓസ്ട്രേലിയയെ വെസ്റ്റ് ഇൻഡീസിൽ സൂപ്പർ എട്ടിൽതന്നെ തകർത്തു പുറത്തേക്കു വഴികാണിച്ചതും ഇന്ത്യക്കു മധുരപ്രതികാരമായി.
സെമിയിലുമുണ്ടായിരുന്നു അത്തരമൊരു കണക്കുതീർക്കൽ. രണ്ടുവർഷംമുന്പ് അഡ്ലെയ്ഡിൽ നടന്ന ട്വന്റി-20 ലോകകപ്പ് സെമിയിൽ പത്തു വിക്കറ്റിന് ഇന്ത്യയെ തോല്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലേക്കു കുതിച്ചതും പാക്കിസ്ഥാനെ വീഴ്ത്തി ജേതാക്കളായതും. അതേ ഇംഗ്ലണ്ടിനെ 68 റൺസിനു തകർത്തായിരുന്നു ഇത്തവണ ഇന്ത്യയുടെ ഫൈനൽപ്രവേശം.
ലോകജേതാക്കൾക്കൊപ്പം കപ്പുയർത്താൻ സഞ്ജു സാംസൺ കൂടിയുണ്ടായിരുന്നതു മലയാളികൾക്കു പ്രത്യേകമായും അഭിമാനം പകരുന്നു. നാലുവട്ടം ഇന്ത്യ ലോകജേതാക്കളായപ്പോഴെല്ലാം ഒരു മലയാളി ടീമിലുണ്ടായിരുന്നു എന്ന ചരിത്രവും നമുക്ക് ആഹ്ലാദം പകരുന്നതുതന്നെ.
1975ൽ ആദ്യ ഏകദിന ലോകകപ്പ് തുടങ്ങുന്പോൾ ക്രീസിലെ ശിശുക്കളായിരുന്ന ഇന്ത്യയാണ് അന്പതുവർഷങ്ങൾ പിന്നിടുന്പോൾ ഏതൊരു ക്രിക്കറ്റ് ടീമിനും പേടിസ്വപ്നമായി മാറിയതെന്നത് അഭിമാനനേട്ടംതന്നെയാണ്.
1979ലെ ലോകകപ്പിൽ ഒറ്റക്കളിപോലും ജയിക്കാനാവാതിരുന്ന ഇന്ത്യ, 1983ൽ ലോർഡ്സിൽ രചിച്ചത് ഒരു വിസ്മയകഥ. അന്നത്തെ മുടിചൂടാമന്നന്മാരായിരുന്ന വെസ്റ്റ് ഇൻഡീസിനെ ഫൈനലിൽ വീഴ്ത്തി ‘കപിലിന്റെ ചെകുത്താന്മാർ’ ലോകകിരീടവുമായി തലയുയർത്തി മടങ്ങി. ലോകക്രിക്കറ്റിനെ ഞെട്ടിച്ച ആ അദ്ഭുതമാവാം പിന്നീട് നമ്മുടെ രാജ്യത്ത് ക്രിക്കറ്റ് ഇത്രമാത്രം തഴച്ചുവളരാൻ കാരണമായതും.
ബിഷൻസിംഗ് ബേദി, കപിൽദേവ്, സുനിൽ ഗാവസ്കർ, വെംഗ് സർക്കാർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, മഹേന്ദ്രസിംഗ് ധോണി തുടങ്ങി ഒട്ടനവധി സൂപ്പർതാരങ്ങളും സച്ചിൻ തെണ്ടുൽക്കർ എന്ന ഇതിഹാസതാരവുംവരെ പാഡണിഞ്ഞിട്ടും 28 വർഷംകൂടി ഇന്ത്യ കാത്തിരിക്കേണ്ടിവന്നു അടുത്ത ലോകകിരീടം സ്വന്തമാവാൻ. സച്ചിൻ തെണ്ടുൽക്കറിന്റെ ക്രീസിലെ അസ്തമനകാലത്ത്, 2011ലായിരുന്നു മഹേന്ദ്രസിംഗ് ധോണി നയിച്ച ടീം ഇന്ത്യയുടെ സ്വപ്നനേട്ടം.
വീണ്ടുമൊരു പന്ത്രണ്ടുവർഷത്തെ കാത്തിരിപ്പിനുശേഷം കപ്പിനടുത്തുവരെ എത്തിയതായിരുന്നു 2023 ഏകദിനലോകകപ്പിലെ പ്രകടനം. അന്ന് ഓസ്ട്രേലിയ ലോകജേതാക്കളായി മടങ്ങിയപ്പോൾ നിരാശരായ ആരാധകർക്കിതാ ഏഴു മാസം പിന്നിടുന്പോഴേക്കും ആഹ്ലാദവേളയെത്തിയിരിക്കുന്നു. കലിപ്സോ സംഗീതം മുഴങ്ങുന്ന കരീബിയൻകരയിൽ ഇന്ത്യയുടെ വിശ്വവിജയം. 16 വർഷം ഇന്ത്യൻ ടീമിൽ കളിച്ചിട്ടും ഒരു വിശ്വകിരീടമില്ലാതെപോയ ഇതിഹാസതാരം രാഹുൽ ദ്രാവിഡിന് പരിശീലകനായുള്ള അവസാനമത്സരത്തിലെ ലോകകിരീടം സമുചിതയാത്രയയപ്പുമായി.
കൈയടിക്കാം, ആരവമുയർത്താം, തല ഉയർത്തിപ്പിടിക്കാം. നമ്മൾ ലോകജേതാക്കളാണ്. ഒളിന്പിക്സ് പടിവാതിൽക്കലെത്തിനിൽക്കേ ഇന്ത്യൻ കായികരംഗത്തിനാകെയും ക്രിക്കറ്റിലെ ഈ വിജയം ഉണർത്തുപാട്ടാകട്ടെ. ലോകത്തിലെ ഏറ്റവും സന്പന്നപ്രസ്ഥാനങ്ങളിലൊന്നായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അതിനായും മനസുവയ്ക്കണം. രാജ്യത്തെ മറ്റു കായികയിനങ്ങളുടെ പ്രോത്സാഹനത്തിനായും ബിസിസിഐ നിലകൊള്ളണമെന്ന് രാജ്യം ആഗ്രഹിക്കുന്നുണ്ട്.
ഇന്ത്യയുടെ ക്രിക്കറ്റ് വീരയോദ്ധാക്കൾക്ക് ദീപികയുടെ അഭിവാദ്യങ്ങൾ.