നെഹ്റുവിനെ നോക്കി ഇന്ത്യയെ കണ്ടെത്താം
Monday, May 27, 2024 12:00 AM IST
1947 ഓഗസ്റ്റ് 15ന് ജവഹർലാൽ നെഹ്റു സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി. മതത്തെ രാഷ്ട്രീയത്തിൽ കൈകടത്താൻ അദ്ദേഹം അനുവദിച്ചില്ല. പാക്കിസ്ഥാനുൾപ്പെടെ നിരവധി രാജ്യങ്ങൾ മതഭ്രാന്തിനാൽ നാശത്തിന്റെ പാതയിലേക്കു കടന്നപ്പോൾ ഇന്ത്യ ലോകത്തിനു മുന്നിൽ ശക്തിപ്പെട്ടു.
ഇന്ത്യക്കാർ തങ്ങളുടെ രാജ്യത്തിന്റെ വീണ്ടെടുപ്പിന്റെയും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഐക്യത്തിന്റെയും പ്രഭവകേന്ദ്രത്തിലേക്കു തിരിഞ്ഞൊന്നു നോക്കിയാൽ കാണുന്ന മുഖങ്ങളിൽ പ്രമുഖമായത് രണ്ടാണ്; ഗാന്ധിജിയും നെഹ്റുവും. ഹിന്ദു മതഭ്രാന്തൻ ഗാന്ധിജിയെ നേർക്കുനേർ നിറയൊഴിച്ചുകൊന്നു.
നെഹ്റു മരണാനന്തരം വെടിയേറ്റുകൊണ്ടിരിക്കുന്നു. നിലയ്ക്കാത്ത ആ വെടിയൊച്ചകൾക്കു മധ്യേ രാജ്യം ഇന്ന് നെഹ്റുവിന്റെ 60-ാം ചരമവാർഷികം ആചരിക്കുകയാണ്. യഥാർഥ ഇന്ത്യയെ കണ്ടെത്തുകയും രാജ്യത്തിന്റെ നാനാത്വത്തിൽ അന്തർലീനമായിരുന്ന ഏകത്വത്തെ പുറത്തെടുക്കുകയും എല്ലാ പൗരന്മാരെയും തുല്യരായി കാണുകയും വിവേചനത്തിന്റെ ഭാവിസാധ്യതകളെ തടയുന്നൊരു ആമുഖം ഭരണഘടനയിൽ എഴുതിവയ്ക്കുകയും ചെയ്ത മഹാനുഭാവാ വന്ദനം..!
1889 നവംബർ 14ന് ബ്രിട്ടീഷുകാർ ഇന്ത്യയെ അടക്കിവാണിരുന്ന കാലത്താണ് അലഹാബാദിലെ കാഷ്മീരി പണ്ഡിറ്റ് കുടുംബത്തിൽ നെഹ്റു ജനിച്ചത്. മോത്തിലാൽ നെഹ്റുവും സ്വരൂപ് റാണി തുസുവുമായിരുന്നു മാതാപിതാക്കൾ. സന്പന്നനായിരുന്ന മോത്തിലാൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ പുത്രനായ നെഹ്റുവിനു പറയാൻ പട്ടിണിക്കഥകളൊന്നും ഉണ്ടായിരുന്നില്ല. കൊട്ടാരസമാനമായ ആനന്ദഭവനിലായിരുന്നു ജനനം. 1920കളിൽ ഗാന്ധിജി ഉൾപ്പെടെ സ്വാതന്ത്ര്യസമര നേതാക്കളുടെ സംഗമകേന്ദ്രമായി മാറിയ വീട് 1930ൽ മോത്തിലാൽ നെഹ്റു കോൺഗ്രസ് പാർട്ടിക്കു സംഭാവന ചെയ്തു.
1970ൽ ഇന്ദിരാഗാന്ധി രാഷ്ട്രത്തിനു സമർപ്പിച്ച ഭവനം പിന്നീട് മ്യൂസിയമായി മാറി. ബ്രിട്ടീഷുകാർക്കെതിരേ ഗാന്ധിജിയോടൊപ്പമുള്ള നെഹ്റു കുടുംബത്തിന്റെ പോരാട്ടങ്ങളും ജയിൽവാസവും സ്വതന്ത്ര ഇന്ത്യയിലെ പ്രധാനമന്ത്രിമാരെന്ന നിലയിൽ അവരുടെ വികസനോന്മുഖ കാഴ്ചപ്പാടുകളും ജനാധിപത്യത്തോടും മതേതരത്വത്തോടും പൗരസ്വാതന്ത്ര്യത്തോടുമുള്ള പ്രതിബദ്ധതയും ഇന്ദിരയുടെയും രാജീവിന്റെയും രക്തസാക്ഷിത്വവും രാജ്യത്തിനു മറക്കാവുന്നതല്ല.
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പാരന്പര്യമില്ലാത്തവർക്കും മതത്തെ വോട്ടിനുള്ള മാർഗമാക്കിയവർക്കും മാത്രമേ അതിനെ കുടുംബവാഴ്ചയുടെ ആരോപണങ്ങളാൽ ഇകഴ്ത്താനാകൂ. പതിനാറാം വയസിൽ ഇംഗ്ലണ്ടിലേക്കു പോയ നെഹ്റു ഹാരോ സ്കൂളിലും കേംബ്രിഡ്ജിലും പഠിച്ചു. 1912-ൽ ബാരിസ്റ്റർ പരീക്ഷ പാസ്സായി ഇന്ത്യയിൽ മടങ്ങിയെത്തി അലഹാബാദിൽ വക്കീലായി ജോലി ചെയ്തു. 1916ൽ കമലയെ വിവാഹം ചെയ്തു.
പിതാവ് മോത്തിലാലിനൊപ്പം കോൺഗ്രസിലെ പ്രവർത്തനവും വിപുലമായ വായനയും എഴുത്തും അദ്ദേഹത്തെ വളർത്തി. ബ്രിട്ടീഷുകാരെ നേരിട്ടെതിർക്കാത്ത മിതവാദിയായിരുന്ന മോത്തിലാലിനെക്കാൾ ഗാന്ധിജിയുടെ നിസഹകരണപ്രസ്ഥാനം നെഹ്റുവിനെ സ്വാധീനിച്ചു. താമസിയാതെ മോത്തിലാലും നെഹ്റുവും ഉൾപ്പെടെ ഗാന്ധിജിയുടെ സ്വാധീനത്തിലായി.
സുഭാഷ് ചന്ദ്രബോസുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെങ്കിലും സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടി ഫാസിസ്റ്റുകളുമായിപ്പോലും കൈകോർക്കാമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോട് നെഹ്റുവിനു യോജിക്കാനായില്ല. കഠിനമായ പല വിയോജിപ്പുകളുമുണ്ടായിരുന്നെങ്കിലും സ്വാതന്ത്ര്യസമര നേതാക്കളിൽ ഗാന്ധിജി കൂടുതൽ പ്രതീക്ഷവച്ചത് നെഹ്റുവിലായിരുന്നു.
1942 ജനുവരി 25ന് എഐസിസി സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ ഗാന്ധിജി പറഞ്ഞത്, ""ജവഹർ എന്റെ പിൻഗാമിയായിരിക്കും. ഞാൻ ഇല്ലാതായാൽ ഞാൻ ചെയ്തുകൊണ്ടിരുന്നത് അദ്ദേഹം തുടരും. അപ്പോൾ അദ്ദേഹം എന്റെ ഭാഷയിൽ സംസാരിക്കുകയും ചെയ്യും.'' നെഹ്റുവിനെ ഒഴിവാക്കി സ്വാതന്ത്ര്യസമരത്തിന്റെയോ ആധുനിക ഇന്ത്യയുടെയോ ചരിത്രം എഴുതാനാവില്ല.
1947 ഓഗസ്റ്റ് 15 ന് ജവഹർലാൽ നെഹ്റു സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി. മതത്തെ രാഷ്ട്രീയത്തിൽ കൈകടത്താൻ അദ്ദേഹം അനുവദിച്ചില്ല. പാക്കിസ്ഥാനുൾപ്പെടെ നിരവധി രാജ്യങ്ങൾ മതഭ്രാന്തിനാൽ നാശത്തിന്റെ പാതയിലേക്കു കടന്നപ്പോൾ ഇന്ത്യ ലോകത്തിനു മുന്നിൽ ശക്തിപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്റ്റീൽ പ്ലാന്റുകൾ, വ്യവസായശാലകൾ, അണക്കെട്ടുകൾ തുടങ്ങിയവയിലൂടെ വികസനത്തിനു തുടക്കമിട്ടു. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കുകയും ഗ്രാമങ്ങൾതോറും വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തു. പഞ്ചവത്സര പദ്ധതികൾ സമയബന്ധിതമായ വികസനത്തിനു കുതിപ്പായി.
ജനസംഖ്യാ പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും തുടച്ചുനീക്കാനായില്ലെങ്കിലും പരിഹരിക്കാനുള്ള ഉജ്വല ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. നെഹ്റു മുതലാളിത്തത്തിന്റെ വക്താവാണെന്ന് ഡി.ഡി. കൊസാംബിയെപ്പോലുള്ളവർ വിമർശിച്ചപ്പോൾ വ്യവസായനയങ്ങളിലൂടെ ഇന്ത്യയെ മറ്റൊരു കമ്യൂണിസ്റ്റ് രാജ്യമാക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹത്തിന്റെ വിമർശകനായിരുന്ന സി. രാജഗോപാലാചാരി പറഞ്ഞു.
രണ്ടും തെറ്റായിരുന്നെന്നു കാലം തെളിയിച്ചു. ശീതയുദ്ധകാലത്ത് അമേരിക്കയും റഷ്യയും ഇന്ത്യയെ തങ്ങളുടെ ഒപ്പം നിർത്താൻ ശ്രമിച്ചെങ്കിലും നെഹ്റു രാജ്യതാത്പര്യത്തെ മുൻനിർത്തി ഇരുകൂട്ടരെയും പിണക്കാതെ ചേരിചരാ സമീപനം കൈക്കൊണ്ടു. 1947 ൽ വിഭജനകാലത്തും 1955ലും 56ലും 61ലും മഹാരാഷ്ട്രയിൽ വെച്ചും നെഹ്റുവിനുനേർക്കു വധശ്രമങ്ങളുണ്ടായി.
പക്ഷേ സുരക്ഷ വർധിപ്പിക്കാനോ തന്റെ യാത്രകൾ മൂലം പൊതുഗതാഗതം തടസപ്പെടുത്താനോ നെഹ്റു സമ്മതിച്ചിരുന്നില്ല. വിഭജനകാലത്ത് ഔദ്യോഗികവസതിയുടെ വളപ്പിൽ അദ്ദേഹം അഭയാർഥികളെ പാർപ്പിച്ചു. കലാപങ്ങൾ ശമിപ്പിക്കാൻ തെരുവുകളിൽ നേരിട്ടിറങ്ങി. നെഹ്റുവിന്റെ സമാധാനശ്രമങ്ങളെ ചൈന പിന്നിൽനിന്നു കുത്തിയതും ഇന്ത്യ-ചൈന യുദ്ധത്തിലെ വീഴ്ചകളും ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി.
അദ്ദേഹത്തിനും അത് വേദനാജനകമായിരുന്നു. 1964 മേയ് 27ന് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു. ഡൽഹിയിൽ യമുനാനദിക്കരയിലെ ശാന്തിവനത്തിൽ മൃതദേഹം സംസ്കരിക്കുന്പോൾ 15 ലക്ഷം പേരാണ് നെഹ്റുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്.
ഏതൊരു മഹാന്റെയും ജീവിതത്തെ സൂക്ഷ്മാവലോകനം ചെയ്താൽ ന്യൂനതകൾ കണ്ടുപിടിക്കാനാകും. മഹാത്മാഗാന്ധിയിലും നെഹ്റുവിലും അതു കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, ചിലർ അതു മാത്രമേ കാണുന്നുള്ളൂ. അവരുടെ അൽപ്പത്തവും രേഖപ്പെടുത്താൻ ചരിത്രം ബാക്കിയുണ്ടാകും.
ആധുനിക ഇന്ത്യയുടെ ശിൽപിയെന്നറിയപ്പെട്ട നെഹ്റു ആരായിരുന്നെന്ന് ഇനിയും തിരിച്ചറിയാത്തവർ അവമ തിപ്പിന്റെ വ്യാഖ്യാനങ്ങളുണ്ടാക്കുകയല്ല, അദ്ദേഹമെഴുതിയ പുസ്തകങ്ങളിലെ ദ ഡിസ്കവറി ഓഫ് ഇന്ത്യ, ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി, ലെറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ഡോട്ടർ എന്നിവയെങ്കിലും വായിക്കുകയാണു വേണ്ടത്. അതിലെ വിജ്ഞാനവും ചരിത്രബോധവും അത്തരമൊരു പേജുപോലും എഴു താൻ ശേഷിയില്ലാത്ത വ്യാജ ബിംബ ങ്ങളെ തച്ചുടയ്ക്കും.
""ആരെങ്കിലും മതത്തിന്റെ പേരിൽ മറ്റൊരാളെ അടിക്കാൻ കൈ ഉയർത്തിയാൽ, സർക്കാരിന്റെ തലവനായും അല്ലാതെയും എന്റെ അവസാന ശ്വാസം വരെ ഞാൻ അവനോട് പോരാടും''എന്നു പറഞ്ഞ പ്രധാനമന്ത്രി നമുക്ക് ഉണ്ടായിരുന്നു എന്ന് ഓർമിക്കുന്നതുതന്നെ ഇന്നിപ്പോൾ എത്ര ആശ്വാസകരമാണ്.
അതേ, ഇന്ത്യയെ കണ്ടെത്തിയ മഹാനായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. ആ യാഥാർഥ്യത്തെ മലിന പ്രളയത്തിൽ മുക്കിക്കളയാൻ സ്ഥാപി ത താത്പര്യങ്ങളുടെ ന്യൂനമർദങ്ങൾക്കു കഴിയില്ല.