ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
Saturday, April 6, 2024 12:00 AM IST
സർക്കാർ അനുകൂല സംഘടനയായ എൻജിഒ യൂണിയൻ നേതാവിന്റെ പകപോക്കലാണ് സംഭവത്തിനു പിന്നിലെന്നാണ് അനിത പറയുന്നത്. അതിജീവിതയും അനിതയ്ക്കൊപ്പമാണെന്ന് അറിയിച്ചു. സർക്കാരിനെ എന്നല്ല, ഭരണകക്ഷിയുടെ പോഷകസംഘടനകളുടെ അപ്രീതിക്കു പാത്രമാകുന്നവർക്കുപോലും അതിജീവനം ബുദ്ധിമുട്ടാകുമെന്ന സ്ഥിതി ആശാസ്യമല്ല.
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ അതീജീവിതയ്ക്കൊപ്പം നിന്ന ധീരവനിതയായാണ് ഇന്നലെവരെ കേരളം പി.ബി. അനിതയെന്ന സീനിയർ നഴ്സിംഗ് ഓഫീസറെ കണ്ടത്. പക്ഷേ, ഇന്നലെ, ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വെളിപ്പെടുത്തലോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
അതിജീവിതയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അനിതയ്ക്കു വീഴ്ച പറ്റിയെന്നു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ (ഡിഎംഇ) അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായതുകൊണ്ടാണ് കോടതി ഉത്തരവ് ഉണ്ടായിട്ടും അനിതയെ ജോലിയിൽ തിരിച്ചെടുക്കാത്തതെന്നാണ് മന്ത്രി പറഞ്ഞത്.
ശരിയാവാം; പക്ഷേ, സർക്കാരുമായി പോരിനിറങ്ങിയ ഗവർണർ നിയമിച്ചതിന്റെ പേരിൽ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായിരുന്ന സിസ തോമസിന്റെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും അവർക്കെതിരേ സുപ്രീംകോടതിവരെ പോയി തിരിച്ചടി വാങ്ങുകയും ചെയ്ത സർക്കാരാണിത്.
അനിതയുടേതും സമാനാവസ്ഥയാണെങ്കിൽ ഇതിന്റെ പേര് ഭരണകൂട അസഹിഷ്ണുതയെന്നാണ്. ഇതിന്റെ അടുത്ത പടിയാണ്, പ്രതിപക്ഷത്തോടും വിമർശിക്കുന്നവരോടും വിധേയരല്ലാത്തവരോടുമൊക്കെ ഏകാധിപത്യ പ്രവണതയുള്ള ഭരണകൂടങ്ങൾ കാണിക്കുന്ന ഭരണകൂട ഭീകരത.
2023 മാര്‍ച്ച് 18ന് തൈറോയിഡ് ശസ്ത്രക്രിയ കഴിഞ്ഞ് പാതിമയക്കത്തില്‍ ഐസിയുവിൽ അർധബോധാവസ്ഥയിൽ കിടന്ന യുവതിയെ ആശുപത്രി അറ്റൻഡർ എം.എം. ശശീന്ദ്രൻ പീഡിപ്പിച്ചെന്നാണ് കേസ്.
ജീവനക്കാരനെതിരേ നൽകിയ മൊഴി മാറ്റിക്കാൻ ആറു വനിതാജീവനക്കാർ തന്നെ ഭീഷണിപ്പെടുത്തിയെന്ന് അതിജീവിത പരാതി നൽകിയിരുന്നു. ഭീഷണിപ്പെടുത്തിയവർക്കെതിരേ അനിത പോലീസിനും അന്വേഷണസംഘത്തിനും മൊഴി നൽകിയതോടെയാണ് പ്രതികാര നടപടികളുടെ തുടക്കം.
അതിജീവിതയുടെ മൊഴിമാറ്റാൻ സമ്മർദം ചെലുത്തിയ ആറു ജീവനക്കാരെ കഴിഞ്ഞ നവംബറിൽ സ്ഥലം മാറ്റിയിരുന്നു. തുടർന്ന് നവംബര്‍ 28ന് അനിതയെ ഇടുക്കി മെഡിക്കൽ കോളജിലേക്കു സ്ഥലം മാറ്റി. ചീഫ് നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് സൂപ്രണ്ട് എന്നിവരെയും ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറ്റിയിരുന്നെങ്കിലും അവർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽനിന്നു സ്റ്റേ വാങ്ങി തിരികെ ജോലിയിൽ പ്രവേശിച്ചു.
അനിതയെ ജോലിയിൽ പ്രവേശിപ്പിക്കാൻ ഒഴിവില്ലെന്നായിരുന്നു വാദം. തുടർന്ന് അനിത കോടതിയെ സമീപിക്കുകയായിരുന്നു. ഏപ്രിൽ ഒന്നിനു കോഴിക്കോട്ട് ജോലിയിൽ പ്രവേശിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും മെഡിക്കൽ കോളജ് അധികൃതർ അനുവദിച്ചില്ല.
തുടർന്ന് പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ അനിത സമരം തുടങ്ങി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാതെ അനിതയെ ജോലിയിൽ പ്രവേശിപ്പിക്കാനാവില്ലെന്നാണ് ഡിഎംഇ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ അറിയിച്ചിരിക്കുന്നത്.
എന്നാൽ, ഇരയ്ക്കൊപ്പം നിന്ന അനിതയ്ക്കെതിരേ സർക്കാർ വൈരാഗ്യബുദ്ധിയോടെ പ്രവർത്തിച്ചത് ജനരോഷത്തിനിടയാക്കി. ഇതോടെയാണ്, സമരം അഞ്ചു ദിവസം പിന്നിട്ടപ്പോൾ ആരോഗ്യമന്ത്രി പുതിയ ന്യായീകരണവുമായെത്തിയത്.
അതിജീവിതയെ ജീവനക്കാർ ഭീഷണിപ്പെടുത്താൻ കാരണം, ഭീഷണിക്കാർക്കെതിരേ മൊഴികൊടുത്ത അനിതയാണെന്ന വിചിത്രവാദമാണ് മന്ത്രി റിപ്പോർട്ട് ഉദ്ധരിച്ച് ഉയർത്തുന്നത്.
യഥാസമയം ഇതൊന്നും ബോധിപ്പിക്കാൻ കഴിയാത്തതിനാലാവാം സർക്കാർ വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. സർക്കാർ അനുകൂല സംഘടനയായ എൻജിഒ യൂണിയൻ നേതാവിന്റെ പകപോക്കലാണ് സംഭവത്തിനു പിന്നിലെന്നാണ് അനിത പറയുന്നത്.
അതിജീവിതയും അനിതയ്ക്കൊപ്പമാണെന്ന് അറിയിച്ചു. സർക്കാരിനെ എന്നല്ല, ഭരണകക്ഷിയുടെ പോഷകസംഘടനകളുടെ അപ്രീതിക്കു പാത്രമാകുന്നവർക്കുപോലും അതിജീവനം ബുദ്ധിമുട്ടാകുമെന്ന സ്ഥിതി ആശാസ്യമല്ല.
അർഹമായ ആനുകൂല്യങ്ങൾക്കുവേണ്ടി പോരാടേണ്ടിവന്ന ഡോ. സിസ, ആൾക്കൂട്ട വിചാരണയ്ക്കൊടുവിൽ കൊല്ലപ്പെട്ട മകന്റെ ‘കൊലയാളി’കൾ രക്ഷപ്പെടാതിരിക്കാൻ ഉറക്കമിളച്ചിരിക്കുന്ന സിദ്ധാർഥന്റെ മാതാപിതാക്കൾ, കാസർഗോട്ട് സ്വന്തം പറന്പിലെ തേങ്ങയിടാൻ പാർട്ടിവിലക്കു നേരിടുന്ന രാധയെന്ന വീട്ടമ്മ, അനിതയെന്ന നഴ്സ്... ഇവരെയൊക്കെ ജീവിക്കാൻ അനുവദിക്കാത്തവരാണു കേജരിവാളിനു നീതി വാങ്ങിക്കൊടുക്കാൻ ഡൽഹിക്കു വിമാനം കയറുന്നത്. ഇത്തിരി ഉളുപ്പ്!