ഉത്തരകാശി പാഠമാകണം
തുരങ്കങ്ങൾ ഇന്ന് അനിവാര്യതയാണ്. മികച്ചതും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമായ ഗതാഗതമാർഗം സാധ്യമാകണമെങ്കിൽ പർവതസാനുക്കളെയും മറ്റും കീറിമുറിച്ചുള്ള തുരങ്കങ്ങൾ അതിപ്രധാനമാണ്. ഇതോടൊപ്പം അതീവ പരിസ്ഥിതിലോല മേഖലയായ ഹിമാലയൻ മലമടക്കുകളിലൂടെ തുരങ്കങ്ങൾ നിർമിക്കുന്പോൾ പാലിക്കേണ്ട സുരക്ഷിതത്വത്തെക്കുറിച്ചു വിചിന്തനം നടത്താൻ ഈ അപകടം ഓർമപ്പെടുത്തുന്നു.
രാജ്യം ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും ദുഷ്കരവും അതിസാഹസികവുമായ രക്ഷാദൗത്യമാണ് ഈ ദിവസങ്ങളിൽ ഉത്തരാഖണ്ഡിലെ ഉത്തരകാശി തുരങ്കത്തിൽനിന്നു കാണാനായത്. സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് കഴിഞ്ഞ 12 ദിവസമായി ഉള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ സുരക്ഷിതരായി രക്ഷപ്പെടുത്താന് നടത്തിയ ശ്രമങ്ങളിൽ രാജ്യത്തിന് അഭിമാനിക്കാൻ വകയേറെയുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്ന രക്ഷാദൗത്യത്തിൽ രാജ്യത്തു ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി.
ദേശീയ ദുരന്തനിവാരണ സേനയ്ക്കു പുറമെ, സൈനിക എൻജിനിയറിംഗ് വിഭാഗം, പ്രതിരോധ ഗവേഷണ വിഭാഗമായ ഡിആർഡിഒ, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ (ഒഎൻജിസി), റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ), നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (എൻഎച്ച്ഐഡിസിഎൽ), തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (ടിഎച്ച്ഡിസിഎൽ) തുടങ്ങിയ ഏജൻസികളും രാപകൽ ഭേദമെന്യേ നടന്ന രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
മാർഗനിർദേശവുമായി അന്താരാഷ്ട്ര ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റ് ആർനോൾഡ് ഡിക്സിന്റെ നേതൃത്വത്തിലുള്ള സംഘവും സദാസമയവും രംഗത്തുണ്ടായിരുന്നു. തുരങ്കത്തിനുള്ളിൽ വൈദ്യുതിയും പൈപ്പ് ലൈൻ വഴി കുടിവെള്ള ലഭ്യതയും ഉണ്ടായിരുന്നതുതന്നെ രക്ഷാപ്രവർത്തകർക്ക് ആശ്വാസം നൽകി.
തുരങ്കത്തിനുള്ളിലെ തൊഴിലാളികളെല്ലാവരും സുരക്ഷിതരാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതോടെ രക്ഷാദൗത്യം വിജയത്തിലേക്കെന്ന് ഉറപ്പായി. തുരങ്കത്തിനുള്ളിലേക്ക് സ്ഥാപിച്ച ചെറുകുഴലിലൂടെ എൻഡോസ്കോപിക് കാമറ കടത്തിവിട്ട് തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്താനായതും കുഴലിലൂടെ ഭക്ഷണസാധനങ്ങൾ തുരങ്കത്തിനുള്ളിലെത്തിക്കാനായതും തൊഴിലാളികളുമായി വോക്കിടോക്കികൾ വഴി ആശയവിനിമയം നടത്താനായതും കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി.
എങ്കിലും അവശിഷ്ടങ്ങൾക്കിടയിലൂടെ ഡ്രില്ലിംഗ് നടത്തുന്നതിനിടെ ഓഗർ മെഷീന് സാങ്കേതിക തകരാർ സംഭവിച്ചത് പലകുറി ആശങ്ക സൃഷ്ടിച്ചു. തുരങ്കമുഖത്തുനിന്നുള്ള രക്ഷാദൗത്യത്തിനു പുറമെ മറ്റു നാലിടത്തുകൂടി ഡ്രില്ലിംഗ് നടത്തി തൊഴിലാളികൾക്കരികിലേക്ക് പൈപ്പിടാനുള്ള കർമപദ്ധതിയും രക്ഷാപ്രവർത്തകർ ആവിഷ്കരിച്ചു. എങ്കിലും തുരങ്കമുഖത്തുകൂടി നടത്തിയ ദൗത്യത്തിനാണ് ഊന്നൽ നൽകിയതും വിജയം കണ്ടതും.
തുരങ്കങ്ങൾ ഇന്ന് അനിവാര്യതയാണ്. മികച്ചതും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമായ ഗതാഗതമാർഗം സാധ്യമാകണമെങ്കിൽ പർവതസാനുക്കളെയും മറ്റും കീറിമുറിച്ചുള്ള തുരങ്കങ്ങൾ അതിപ്രധാനമാണ്. ഇതോടൊപ്പം അതീവ പരിസ്ഥിതിലോല മേഖലയായ ഹിമാലയൻ മലമടക്കുകളിലൂടെ തുരങ്കങ്ങൾ നിർമിക്കുന്പോൾ പാലിക്കേണ്ട സുരക്ഷിതത്വത്തെക്കുറിച്ചു വിചിന്തനം നടത്താൻ ഈ അപകടം ഓർമപ്പെടുത്തുന്നു.
ഛാർധാം റോഡ് പദ്ധതിയുടെ ഭാഗമായി ബഹ്മഖൽ-യമുനോത്രി ദേശീയപാതയിലുള്ള ഈ തുരങ്കത്തിന്റെ നിർമാണച്ചുമതല നവയുഗ് എൻജിനിയറിംഗ് കൺസ്ട്രക്ഷൻ ലിമിറ്റഡിനായിരുന്നു. അതീവ പരിസ്ഥിതിലോലമെന്നതിനുപരി ഭൂകന്പസാധ്യതാ മേഖലകൂടിയായ ഇവിടെ നിർമിക്കുന്ന ഈ തുരങ്കത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ കന്പനിക്കു വീഴ്ച സംഭവിച്ചതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
അതിനാൽത്തന്നെ അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചിരിക്കുകയാണ്. നിർമാണഘട്ടത്തിൽ പലതവണ മണ്ണിടിച്ചിലുണ്ടായിട്ടും ഗൗനിച്ചില്ല. കഴിഞ്ഞ 12ന് പുലർച്ചെ തുരങ്കം ഇടിഞ്ഞ് തൊഴിലാളികൾ ഉള്ളിൽക്കുടുങ്ങിയശേഷം രണ്ടുതവണ തുരങ്കത്തിനുള്ളിൽനിന്ന് വൻ ശബ്ദം കേൾക്കുകയും ചെയ്തു.
ഇതോടെ ഡ്രില്ലിംഗ് നിർത്തിവയ്ക്കേണ്ടിവന്നു. ഒടുവിൽ വിദഗ്ധരുടെ നിർദേശപ്രകാരം തുരങ്കത്തിനു മുകളിലെ മലയിൽ സുരക്ഷ ഉറപ്പുവരുത്തിയശേഷമാണ് ഡ്രില്ലിംഗ് പുനരാരംഭിച്ചതും തൊഴിലാളികളെ രക്ഷപ്പെടുത്താനായതും.
തുരങ്കനിർമാണത്തിൽ ലോകത്തുതന്നെ പ്രശസ്തരാണു നമ്മുടെ എൻജിനിയർമാർ. രാജ്യത്തിന്റെ അഭിമാന റെയിൽ പദ്ധതിയായ കൊങ്കൺ റെയിൽ പദ്ധതിയിലൂടെ നാമിതു കണ്ടു. കേരളത്തിന്റെ അഭിമാനമായ മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ആറു കിലോമീറ്റർ നീളമുള്ളതുൾപ്പെടെ വലുതും ചെറുതുമായ 91 തുരങ്കങ്ങളാണ് കൊങ്കൺ പദ്ധതിയുടെ ഭാഗമായി നിർമിച്ചത്.
നിലവിൽ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കം ഇന്ത്യയിലാണുള്ളത്. 9.02 കിലോമീറ്റർ നീളമുള്ള അടൽ ടണലാണിത്. ഹിമാചൽപ്രദേശിലെ ഹിമാലയൻ മലനിരകളിൽപ്പെട്ട പിർ പാഞ്ചൽ മേഖലയിൽ റൊഹ്താംഗ് പാസിൽ മണാലിയെയും ലഹോൽ-സ്പിറ്റി താഴ്വരയെയും ബന്ധിപ്പിക്കുന്നതാണ് ഈ തുരങ്കം.
ഈ തുരങ്കത്തിന്റെ റിക്കാർഡ് തകർത്ത് രാജ്യത്തിന് അഭിമാനമായി 2030-ഓടെ 14.15 കിലോമീറ്റർ നീളമുള്ള മറ്റൊരു തുരങ്കം പൂർത്തിയാകും. ലഡാക്കിനെയും ജമ്മുകാഷ്മീരിനെയും ബന്ധിപ്പിക്കുന്ന സൊജില തുരങ്കമാണിത്.
ഏതായാലും ഉത്തരകാശി അപകടത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ തുരങ്കങ്ങളുടെ സുരക്ഷ പരിശോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചുകഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമാണത്തിലിരിക്കുന്ന 29 തുരങ്കങ്ങൾ സന്ദർശിച്ചു സുരക്ഷ പരിശോധിച്ച് ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയപാതാ അഥോറിറ്റിയിലെയും ഡൽഹി മെട്രോ റെയിൽ കോർപറേഷനിലെയും വിദഗ്ധസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ദേശീയപാതകളുടെ ഭാഗമായി നിർമിക്കുന്ന തുരങ്കങ്ങളുടെ രൂപകല്പന, സുരക്ഷ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാൻ കൊങ്കൺ റെയിൽവ കോർപറേഷൻ ലിമിറ്റഡുമായും ദേശീയപാതാ അഥോറിറ്റി ധാരണയായിട്ടുണ്ട്.