കൊലയാളിയെ വാഴ്ത്തുന്നതല്ല സ്വാതന്ത്ര്യം
ചരിത്രത്തിലെ കിരാതസംഭവത്തിൽ ഉത്തരവാദികളായവരെ വെള്ള പൂശാനുള്ള ശ്രമങ്ങൾ സ്വാതന്ത്ര്യത്തിന്റെ ലേബലിൽ കെട്ടിയെഴുന്നള്ളിക്കാൻ അനുവദിക്കരുത്. കൊലയാളിയെ കൊലയാളിയെന്നു വിളിക്കാനുള്ള അവകാശമാണ് സ്വാതന്ത്ര്യം
ക്രൂരകൊലപാതകങ്ങളും വംശഹത്യയും പോലുള്ള ഹീനകൃത്യങ്ങൾ ചെയ്യുന്നവർ കാലമെത്ര കഴിഞ്ഞാലും ആദരിക്കപ്പെടുന്നത് മനുഷ്യവംശത്തോടുള്ള വെല്ലുവിളിയാണ്. നാസി വംശഹത്യയിൽ പങ്കാളിയായിട്ടുള്ള സൈനികനെ അറിഞ്ഞോ അറിയാതെയോ ആദരിച്ച കാനഡ ലോകത്തിന്റെ വെറുപ്പ് ഏറ്റുവാങ്ങിയിരിക്കുന്നു. നാം ചിന്തിക്കേണ്ടത്, മഹാപാപങ്ങളെ ന്യായീകരിക്കാനുള്ള പ്രവണത കാനഡയിൽ മാത്രമുള്ളതാണോ എന്നുകൂടിയാണ്.
കുറ്റസമ്മതം നടത്തുകയും നടപടിയെടുക്കുകയും ചെയ്തെങ്കിലും ഒരു നരാധമനെ പുകഴ്ത്തിയതിന്റെ കറ കാനഡയുടെ ചരിത്രത്തിലുണ്ടാകും. ഗോഡ്സെയെ ന്യായീകരിച്ച് നോവലെഴുതാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവർക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്നു പറഞ്ഞ മലയാളി എഴുത്തുകാരനുണ്ട്. ഗാന്ധിജിയുടെ ചിത്രത്തിലേക്കു പ്രതീകാത്മകമായി നിറയൊഴിക്കുകയും ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തുകയും ചെയ്ത ഹിന്ദുമഹാസഭാ നേതാവുമുണ്ട്. ഇത്തരം സ്വാതന്ത്ര്യസങ്കൽപ്പങ്ങൾ, തീവ്രതയിൽ വ്യത്യാസമുണ്ടെങ്കിലും കുറ്റകൃത്യങ്ങളെ മഹത്വവത്കരിക്കലാണ്. ഇതിനെയൊക്കെ എതിർക്കുന്പോൾ മാത്രമാണ് നാസി കുറ്റവാളിയെ ആദരിച്ച കാനഡയെ വിമർശിക്കാൻ നമുക്കു സ്വാതന്ത്ര്യമുണ്ടാകുന്നത്. മേൽപ്പറഞ്ഞ സ്വാതന്ത്ര്യങ്ങളിൽ ഏതു വേണമെന്ന തെരഞ്ഞെടുപ്പ് നമ്മുടെ ഭാവിയെ നിർണയിക്കുന്നതാണെന്നും മറക്കരുത്.
യാരോസ്ലാവ് ഹുങ്ക എന്ന മുൻ നാസി സൈനികനെ കനേഡിയൽ പാർലമെന്റിൽ ആദരിച്ചതിന്റെ പേരിലാണ് പുതിയ കോലാഹലം. യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി എത്തിയപ്പോഴാണ് സ്പീക്കർ ആന്തണി റോട്ട, ഹുങ്കയെ പാർലമെന്റിലേക്ക് ക്ഷണിച്ചത്. ഹിറ്റ്ലറുടെ കൊലയാളി സംഘമായിരുന്ന എസ്എസിന്റെ ഉപവിഭാഗത്തിൽ പെട്ട സൈനികനായിരുന്നു ഹുങ്ക. പോളണ്ടുകാരനായ അയാൾ റഷ്യക്കെതിരായ യുക്രെയ്ൻ പോരാട്ടത്തെ പിന്തുണയ്ക്കുന്നു എന്ന കാരണത്താലാണ് പാർലമെന്റിലേക്കു ക്ഷണിക്കപ്പെട്ടത്.
ആന്തണി റോട്ട ഹുങ്കയെ വീരനെന്ന് വാഴ്ത്തിയതിനുപിന്നാലെ പാർലമെന്റ് അംഗങ്ങൾ എഴുന്നേറ്റു നിന്ന് ബഹുമാനം പ്രകടിപ്പിക്കുകയും ചെയ്തു. ഹുങ്കയുടെ നാസി ബന്ധം പുറത്തുവന്നതോടെ സ്പീക്കർ മാപ്പു പറഞ്ഞെങ്കിലും പ്രശ്നം അവസാനിച്ചില്ല. കൂടുതൽ ന്യായീകരണത്തിനൊന്നും മുതിരാതെ റോട്ട രാജിവച്ചു. അല്ലായിരുന്നെങ്കിൽ ട്രൂഡോ സർക്കാർതന്നെ രാജിവയ്ക്കേണ്ടിവരുമായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
അർജന്റീനയുടെ തലസ്ഥാനമായ ബുവനേസ് ആരീസിൽ ഹിറ്റ്ലറെ പ്രകീർത്തിക്കുന്ന പുസ്തകം വില്പനയ്ക്കുവച്ച പ്രസാധകസ്ഥാപനം അടച്ചുപൂട്ടേണ്ടിവന്നത് ഇക്കഴിഞ്ഞ 13നാണ്. ഉടമയെ വിവേചന വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹംഗറിയിൽ പൊതുമരാമത്ത് -ഗതാഗത മന്ത്രി ജാനോസ് ലാസർ വിവാദത്തിൽ പെട്ടത് രണ്ടാം ലോകയുദ്ധകാലത്ത് ഹംഗറിയുടെ സൈനികോദ്യോഗസ്ഥനായിരുന്ന മിക്ലോസ് ഹോർതിയുടെ ചരമവാർഷികത്തിൽ അയാളെ പ്രശംസിച്ചതിനാണ്.
ഹിറ്റ്ലറുമായി ബന്ധമുണ്ടാക്കി ഹംഗറിയിലെ യഹൂദരെ നാടുകടത്താനും വധിക്കാനും വഴിയൊരുക്കിയ നിയമം നടപ്പാക്കിയ ആളായിരുന്നു ഹോർതി എന്നതായിരുന്നു കാരണം. ഹിറ്റ്ലറുടെ നാടായ ജർമനിയിലുൾപ്പെടെ നാസിസം തിരുച്ചുവരാതിരിക്കാൻ സർക്കാരുകളും സംഘടനകളും ജനങ്ങളും ജാഗരൂകരാണ്. കാനഡയിലെ സംഭവത്തിൽ 98കാരനായ ഹുങ്കയെ വിട്ടുകൊടുക്കണമെന്ന് പോളണ്ട് ആവശ്യപ്പെട്ടുകഴിഞ്ഞു. കാനഡ വിശദീകരണം നൽകണമെന്ന് റഷ്യയും ആവശ്യപ്പെട്ടു.
ഗോഡ്സെയെ പുകഴ്ത്തി സംസാരിച്ചതിന്റെ പേരില്‍ പാര്‍ലമെന്റില്‍ മാപ്പ് പറഞ്ഞ് മൂന്നു വര്‍ഷത്തിന് ശേഷം വീണ്ടും ഗോഡ്സെയെ വാഴ്ത്തിക്കൊണ്ട് ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂർ ആജ്തകിന് അഭിമുഖം നൽകിയത് അടുത്തിടെയാണ്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ അദ്ദേഹത്തിന്റെ ചിത്രത്തിൽ ഹിന്ദുമഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ പ്രതീകാത്മകമായി നിറയൊഴിച്ചത് 2019ലാണ്. തുടർന്ന് അവർ ഗാന്ധിഘാതകനായ നഥുറാം ഗോഡ്സെയുടെ ചിത്രത്തിൽ പൂമാല ചാർത്തുകയും ചെയ്തു. എന്നിട്ടെന്തായി? ഇത്തരക്കാരൊക്കെ ഇപ്പോഴും സ്വൈരവിഹാരം നടത്തുകയാണ്.
ചരിത്രത്തിലെ കിരാതസംഭവങ്ങളിൽ ഉത്തരവാദികളായവരെ വെള്ള പൂശാനുള്ള ശ്രമങ്ങൾ സ്വാതന്ത്ര്യത്തിന്റെ ലേബലിൽ കെട്ടിയെഴുന്നള്ളിക്കാൻ അനുവദിക്കരുത്. കൊലയാളിയെ കൊലയാളിയെന്നു വിളിക്കാനുള്ള അവകാശമാണ് സ്വാതന്ത്ര്യം; മഹത്വവത്കരിക്കുന്നതല്ല. അത്തരം വ്യാഖ്യാനങ്ങളുമായി വരുന്നവരെ കരുതിയിരിക്കാനാണ് കാനഡാ സംഭവം ഓർമിപ്പിക്കുന്നത്.