വനിതാ സംവരണം ദാനമല്ല, തെറ്റുതിരുത്തലാണ്
പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ബിൽ, വിവേചനത്തിൽ അധിഷ്ഠിതവും പുരുഷനിർമിതവുമായൊരു കീഴ്വഴക്കത്തെ തിരുത്തുന്നതായിരിക്കുന്നു. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്കു 33 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനുള്ള വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ഇന്നു ചർച്ചയും വോട്ടെടുപ്പും നടക്കും.
ഇന്ത്യയിൽ സ്ത്രീ-പുരുഷ തുല്യതയിലേക്കുള്ള അകലം കുറഞ്ഞിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി വനിതാസംവരണം തദ്ദേശസ്ഥാപനങ്ങളിലൂടെ നടപ്പാക്കുകയും ലോക്സഭയിലും നിയമസഭകളിലും സംവരണത്തിനുള്ള ശ്രമം നടത്തുകയും ചെയ്ത കോൺഗ്രസിനും ഇപ്പോൾ അതിനെ വിജയത്തിലേക്ക് എത്തിക്കുന്ന ബിജെപിക്കും അഭിമാനിക്കാം.
ബിൽ പാസായാൽ, പ്രധാനമന്ത്രി പറഞ്ഞതുപോലെ ഇതു ചരിത്രപരമായ തീരുമാനമാണ്. പക്ഷേ, അടുത്ത മണ്ഡല പുനർനിർണയത്തിനുശേഷമാണ് ബിൽ നടപ്പാക്കുന്നതെങ്കിൽ ചരിത്രപരമായ വിജയം നാലു വർഷങ്ങളോളം വൈകിപ്പിക്കുന്നതിനു തുല്യമാകും. അങ്ങനെയാണെങ്കിൽ, തിരക്കിട്ട ബില്ലവതരണത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നതു തെരഞ്ഞെടുപ്പാണെന്നുകൂടി പറയേണ്ടിവരും.
നിയമനിർമാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്കു മൂന്നിലൊന്നു സീറ്റുകളിലേക്ക് സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണ ബിൽ. സംവരണ മണ്ഡലങ്ങൾ മാറിമാറി വന്നുകൊണ്ടിരിക്കും. സ്ത്രീ സംവരണം എല്ലാ തലത്തിലും ഉറപ്പാക്കും. അതായത് പട്ടികജാതി-പട്ടികവർഗ സംവരണസീറ്റുകളിലെ 33 ശതമാനം സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവയ്ക്കണം.
അതേസമയം, ഒബിസി ഉപസംവരണത്തെക്കുറിച്ചും രാജ്യസഭയിലെയും നിയമസഭാ കൗൺസിലുകളിലെയും സംവരണത്തെക്കുറിച്ചും പരാമർശമില്ലെന്നാണ് അറിയുന്നത്. സംവരണ സീറ്റുകൾ മാറി വരുന്നതിനാൽ പുരുഷന്മാരായ എംപിമാരും എംഎൽഎമാരും ഒരേ മണ്ഡലത്തിൽനിന്നു സ്ഥിരമായി തെരഞ്ഞെടുക്കപ്പെടുന്ന സ്ഥിതി ഇതോടെ അവസാനിക്കും. ഉമ്മൻ ചാണ്ടിയുടെയും കെ.എം. മാണിയുടെയുമൊക്കെ പേരിലുള്ള റിക്കാർഡുകൾ ഇനിയാർക്കും തകർക്കാനാവില്ലെന്നർഥം.
1989 മേയിൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ആദ്യമായി വനിതാസംവരണ ബിൽ അവതരിപ്പിച്ചത്. പഞ്ചായത്തുകളിലും നഗരസഭകളിലും മൂന്നിലൊന്ന് സംവരണം ഉറപ്പാക്കുന്ന ഭരണഘടനാഭേദഗതി ബില്ലുകൾ ലോക്സഭയിൽ പാസാക്കാനായെങ്കിലും രാജ്യസഭയിൽ പരാജയപ്പെട്ടു.
1993 ഏപ്രിലിൽ കോൺഗ്രസ് ഭരണകാലത്ത് പ്രധാനമന്ത്രി നരസിംഹറാവുവാണ് ബിൽ വീണ്ടും അവതരിപ്പിക്കുകയും പാസാക്കി നിയമമാക്കുകയും ചെയ്തത്. അതുപോലെ, ലോക്സഭയിലും നിയമസഭയിലും വനിതാ സംവരണത്തിനായി 1996ൽ എച്ച്.ഡി. ദേവഗൗഡ സർക്കാർ കൊണ്ടുവന്ന ബിൽ സംയുക്ത പാർലമെന്ററി സമിതിക്കു വിടുകയും 98ൽ പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്തു.
പിന്നീട് വാജ്പേയി സർക്കാർ 98ലും 99ലും ബിൽ അവതരിപ്പിച്ചെങ്കിലും പാസായില്ല. 2008ൽ മൻമോഹൻ സിംഗ് സർക്കാർ കൂടുതൽ വ്യക്തതയ്ക്കും സമവായത്തിനും വേണ്ടി ബിൽ പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിക്കു വിട്ടു. 2010ൽ രാജ്യസഭയിൽ ബിൽ പാസായെങ്കിലും ലോക്സഭ കടന്നില്ല. ഉത്തർപ്രദേശിൽനിന്നും ബിഹാറിൽനിന്നുമുള്ള സമാജ്വാദി, ബഹുജൻ സമാജ്വാദി, ജെഡി (യു) ആർജെഡി പാർട്ടികളിലെ അംഗങ്ങൾ എതിർക്കുകയും കീറിയെറിയുകയും ചെയ്ത ബില്ലാണ് ഇപ്പോൾ പാസാകാനിരിക്കുന്നത്.
തൊഴിലുറപ്പു പദ്ധതിയിലൂടെ സാന്പത്തികമായി മുന്നേറിയ സ്ത്രീകൾ പുരുഷാധിപത്യത്തിന്റെ നിഴലിൽനിന്നു മാറിത്തുടങ്ങി. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും അധികാരം അവരുടെ ആത്മവിശ്വാസത്തെ ഉയർത്തി. ലോക്സഭയിലും നിയമസഭകളിലും പുതിയ ബില്ലിലൂടെ ലഭിക്കാനിരിക്കുന്ന അധികാരം സ്ത്രീ ശക്തീകരണത്തിന്റെ പുതിയ ചക്രവാളങ്ങളെ കീഴടക്കും. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ, സംവരണം നടപ്പാക്കിയതിന്റെ എല്ലാ ക്രെഡിറ്റും തങ്ങൾക്കാണെന്നു ബിജെപി അവകാശപ്പെടുന്നതിൽ അതിശയമില്ല. അതേസമയം അവർ കൂടുതൽ സത്യസന്ധത കാണിക്കേണ്ടതുണ്ട്.
എൻഡിപിപി-ബിജെപി സഖ്യം ഭരിക്കുന്ന നാഗാലാൻഡിൽ തദ്ദേശ സ്ഥാപനങ്ങളിൽ 33 ശതമാനം സംവരണം നടപ്പാക്കത്തതു ചൂണ്ടിക്കാണിച്ചുള്ള ഹർജിയിൽ കേന്ദ്രസർക്കാരിനെതിരേ സുപ്രീംകോടതി ആഞ്ഞടിച്ചത് ഇക്കഴിഞ്ഞ ജൂലൈയിലാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ചാൽപോലും സർക്കാർ പ്രതികരിക്കുന്നില്ലെന്നാണ് രണ്ടംഗ ബെഞ്ചിലെ ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ തുറന്നടിച്ചത്.
സ്ത്രീകൾക്ക് കരഗതമാകുന്ന അധികാരം കവരാൻ പുരുഷന്മാർ ഓടുപൊളിച്ച് ഇറങ്ങുന്ന കാഴ്ച രാജ്യമൊട്ടാകെയുണ്ട്. പാർട്ടി നേതാക്കളും സ്ത്രീകളുടെ കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ള പുരുഷന്മാർ അധികാരത്തിൽ അനാവശ്യ കൈകടത്തലുകൾ നടത്തുന്നു. അധികാരമേറ്റെടുക്കുന്ന സ്ത്രീകളിൽ പലരും കടുത്ത സമ്മർദത്തിലാണ്.
നിലവിലുള്ള നേതാക്കളുടെ കുടുംബാംഗങ്ങളെ സംവരണ സീറ്റിൽ നിർത്തി മത്സരിപ്പിക്കാനുള്ള സാധ്യതയും എല്ലാ പാർട്ടികളിലുമുണ്ട്. വനിതാ സംവരണ ബിൽ പാസാകുന്നതിനൊപ്പം ആരോ കൈമാറിത്തന്ന മേൽക്കോയ്മയുടെ കിരീടം താഴെ വയ്ക്കാൻ പുരുഷനും പുരുഷാധിപത്യത്തിൽ അഭിരമിക്കുന്ന രാഷ്ട്രീയ പാർട്ടികളും തയാറാകണം. ഇതു സ്ത്രീകൾക്കുള്ള ദാനമൊന്നുമല്ല, പുരുഷന്റെ തെറ്റുതിരുത്തലാണ്.