ലോകത്തെവിടെയും സ്വേച്ഛാധിപതികളെ എതിർക്കുന്നവരും അവരോടു മത്സരിക്കുന്നവരും കൊല്ലപ്പെടാറുണ്ട്, പുടിൻ സ്വേച്ഛാധിപതിയാണ്, അതുകൊണ്ട് അദ്ദേഹത്തോടു മത്സരിച്ച പ്രിഗോഷിൻ കൊല്ലപ്പെട്ടതാവാം.
രണ്ടു യാഥാർഥ്യങ്ങളെ ചേർത്തുവച്ച് മറ്റൊരു നിഗമനത്തിലെത്തുന്ന സിലോജിസം അനുസരിച്ച്, ഇങ്ങനെ പറയാറുണ്ട്: ""സീസർ മനുഷ്യനാണ്, മനുഷ്യരെല്ലാം മരിക്കും, അതിനാൽ സീസറും മരിക്കും.'' അതേ രീതിയിലാണെങ്കിൽ, ""റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ മുതലാളിയായിരുന്ന എവ്ഗെനി പ്രിഗോഷിൻ മനുഷ്യനാണ്, മനുഷ്യരെല്ലാം മരിക്കും, അതിനാൽ പ്രിഗോഷിനും മരിക്കും'' എന്നു പറയാം. എന്നാൽ, പ്രിഗോഷിന്റേതു മരണമല്ല, കൊലപാതകമാണെന്നാണ് റഷ്യൻ രാഷ്ട്രീയത്തെയും പ്രസിഡന്റ് പുടിനെയും അറിയാവുന്നവർ പറയുന്നത്. പക്ഷേ, തെളിയിക്കപ്പെടേണ്ടതുണ്ട്.
മേൽപ്പറഞ്ഞ തത്വമനുസരിച്ച് ലോകം എത്തിച്ചർന്നിരിക്കുന്ന നിഗമനം, ലോകത്തെവിടെയും സ്വേച്ഛാധിപതികളെ എതിർക്കുന്നവരും അവരോടു മത്സരിക്കുന്നവരും കൊല്ലപ്പെടാറുണ്ട്, പുടിൻ സ്വേച്ഛാധിപതിയാണ്, അതുകൊണ്ട് അദ്ദേഹത്തോടു മത്സരിച്ച പ്രിഗോഷിൻ കൊല്ലപ്പെട്ടതാവാം എന്നാണ്. സ്വേച്ഛാധിപത്യത്തെ വെറുക്കുകയും ചെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്നവർ പ്രിഗോഷിന്റെ മരണത്തെക്കുറിച്ചും ചർച്ച ചെയ്യും; അതായത്, പുടിന്റെ ജീവിതത്തെക്കുറിച്ച്.
ഇക്കഴിഞ്ഞ 23നാണ് വാഗ്നർ ഗ്രൂപ്പിന്റെ സ്ഥാപകനും തലവനുമായ പ്രിഗോഷിനും സഹസ്ഥാപകൻ ദിമിത്രി ഉട്കിനും ഒപ്പമുണ്ടായിരുന്ന എട്ടു പേരും മോസ്കോയിൽ സ്വകാര്യ വിമാനം തകർന്നുവീണു മരിച്ചത്. സെന്റ് പീറ്റേഴ്സ്ബർഗിലെ പ്രഗോവ്സ്കോ സെമിത്തേരിയിലായിരുന്നു പ്രിഗോഷിന്റെ സംസ്കാരമെന്നാണ് റിപ്പോർട്ടുകൾ. 2022 ഫെബ്രുവരിയിൽ നടത്തിയ യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യയുടെ കൂലിപ്പട്ടാളമായി പങ്കെടുത്തെങ്കിലും പുടിനുമായി അഭിപ്രായവ്യത്യാസത്തിലായ പ്രിഗോഷിന് തലസ്ഥാനമായ മോസ്കോയിലേക്ക് ഇക്കഴിഞ്ഞ ജൂണിൽ തന്റെ 25,000 സൈനികരുമായി മാർച്ച് ചെയ്തിരുന്നു.
പുടിന്റെ ഭരണം അട്ടിമറിക്കുകയാണോ ലക്ഷ്യമെന്നുവരെ സംശയിച്ചിരുന്നെങ്കിലും മോസ്കോയിലെത്തുന്നതിനു മുന്പ് മടങ്ങിപ്പോയി. കാര്യങ്ങൾ തീർപ്പിലെത്തിയെങ്കിലും പുടിനെതിരേ തിരിഞ്ഞ പ്രിഗോഷിന്റെ മരണത്തീയതി മാത്രമേ അറിയാനുള്ളൂ എന്നായിരുന്നു ആ സ്വേച്ഛാധിപതിയെ അറിയാവുന്നവരുടെ പ്രവചനം. മരണമായാലും കൊലപാതകമായാലും ആ തീയതി ഓഗസ്റ്റ് 23 ആണെന്നു താമസിയാതെ ലോകം അറിഞ്ഞു. ആരോപണങ്ങളൊക്കെ ശുദ്ധ നുണയാണെന്ന് ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞെങ്കിലും വിശ്വസിക്കുന്നവർ കുറവാണ്.
പ്രിഗോഷിന്റെ കഥ സിനിമയെ വെല്ലുന്നതാണ്. കൗമാരകാലം മുതൽ മോഷണവും കൊള്ളയുമൊക്കെ നടത്തിയിരുന്ന അയാൾ ഒന്പതു വർഷം ജയിലിലായിരുന്നു. തടവു കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സെന്റ് പീറ്റേഴ്സ്ബർഗിൽ റസ്റ്ററന്റ് തുടങ്ങിയത് ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി ശൃംഖലകളുള്ള വലിയ ബിസിനസായി. ഇക്കാലത്താണ് പുടിനുമായി പരിചയത്തിലായത്.
പിന്നീട് പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ ക്രെംലിനിലേക്ക് ഭക്ഷണം എത്തിക്കുന്ന കരാർ പ്രിഗോഷിന്റെ കോൺകോർഡ് കാറ്ററിംഗ് കന്പനിക്കു ലഭിച്ചതോടെ പുടിന്റെ കുശിനിക്കാരനെന്ന പേരു വീണു. ഇതിനിടെ 250 പേരുമായി തുടങ്ങിയ പിഎംസി വാഗ്നർ എന്ന സ്വകാര്യ ഗുണ്ടാസംഘം എട്ടു വർഷംകൊണ്ട് 50,000 പേരുള്ള കൂലിപ്പട്ടാളമായി വളർന്നു. പട്ടാളത്തിൽനിന്നു വിരമിച്ചവരും ജയിലിൽനിന്നിറങ്ങിയ കുറ്റവാളികളുമൊക്കെയായിരുന്നു വാഗ്നർ ഗ്രൂപ്പിലെ അംഗങ്ങളിലേറെയും. 2014ൽ റഷ്യ യുക്രെയ്നിലെ ക്രിമിയ പിടിച്ചടക്കിയപ്പോഴാണ് അതിൽ പങ്കെടുത്ത വാഗ്നർ ഗ്രൂപ്പ് ശ്രദ്ധിക്കപ്പെട്ടത്.
ഇതു കേവലം പുടിനും പ്രിഗോഷിനുമായുള്ള തർക്കത്തിന്റെ രാഷ്ടീയമല്ല. ചൈനയിലും ഉത്തരകൊറിയയിലും റഷ്യയിലുമൊക്കെയുള്ള സ്വേച്ഛാധിപതികളെ വിമർശിക്കുകയോ അനുസരണക്കേടു കാണിക്കുകയോ ചെയ്തവരുടെയൊക്കെ വിധിയാണ്. അതിൽ രാഷ്ട്രീയ എതിരാളികളും രഹസ്യാന്വേഷണ ഏജന്റുമാരും മാധ്യമപ്രവർത്തകരുമൊക്കെയുണ്ട്. പലരും "ആത്മഹത്യ' ചെയ്യുകയായിരുന്നു. ഇതൊന്നും തെളിയിക്കപ്പെടാറില്ല. കണക്കുകൾക്കു കൃത്യതയില്ലെങ്കിലും 2022ൽ ഏകദേശം 22 പേരുടെ ദുരൂഹസാഹചര്യത്തിലുള്ള മരണം പുടിൻ ഭരണകൂടത്തിലേക്കു വിരൽ ചൂണ്ടിയെങ്കിൽ ഇക്കൊല്ലം ഇതുവരെ പ്രിഗോഷിന്റേതുൾപ്പെടെ 18 മരണങ്ങൾ സംശയമുനയിലാണ്.
ലോകത്തിന്റെ ഭരണക്രമങ്ങളെ പ്രധാനമായും രണ്ടായിട്ടാണ് തരംതിരിക്കാവുന്നത്; ജനാധിപത്യവും ജനാധിപത്യമല്ലാത്തതും. എന്നാലിപ്പോൾ ജനാധിപത്യവും തെരഞ്ഞെടുപ്പു പ്രക്രിയകളുമൊക്കെയുള്ള പല രാജ്യങ്ങളും സ്വേച്ഛാധിപത്യത്തിന്റെ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.
സ്വീഡനിലെ ഗോഥെൻബർഗ് സർവകലാശാലയ്ക്കു കീഴിലുള്ള വി-ഡെം (വെറൈറ്റീസ് ഓഫ് ഡെമോക്രസി) 2023ലെ റിപ്പോർട്ടിൽ രാഷ്ട്രീയ ധ്രുവീകരണത്തിൽ ഏറ്റവും നാടകീയമായ വർധനയ്ക്കു സാക്ഷ്യം വഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് പറയുന്നു. അഫ്ഗാനിസ്ഥാൻ, ബ്രസീൽ, മ്യാൻമർ എന്നിവയാണ് മറ്റുള്ളവ. ലോകജനസംഖ്യയിലെ 72 ശതമാനം ആളുകളും ജീവിക്കുന്നത് ഇത്തരത്തിലുള്ള സ്വേച്ഛാധിപത്യങ്ങൾക്കു കീഴിലാണെന്നു റിപ്പോർട്ടിൽ പറയുന്നു. അതായത്, പ്രിഗോഷിനല്ല പുടിനാണ് അഥവാ ലോകത്തെ മുക്കാൽ പങ്കും ആളുകളെ ബാധിക്കുന്ന സ്വേച്ഛാധിപത്യമാണ് ചർച്ച ചെയ്യപ്പെടുന്നത്.