ത്രിവർണ ചന്ദ്രൻ
ചന്ദ്രയാൻ 3നു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്കും അവർക്കു പിന്തുണ കൊടുത്ത സർക്കാരിനും അഭിമാനിക്കാൻ ഏറെയുണ്ട്. അതുപോലെ ചെറുതും വലുതുമായ നിരവധി മനുഷ്യരുടെ സ്വപ്നങ്ങളുടെയും ത്യാഗങ്ങളുടെയുമൊക്കെ വിലകൂടിയാണ് ഓഗസ്റ്റ് 23ന്റെ വിജയം.
ദക്ഷിണകപോലത്തിലൊരു ചുംബനത്താൽ ഇന്ത്യ അന്പിളിയെ നെഞ്ചോടു ചേർത്തിരിക്കുന്നു. മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3ന്റെ ലാൻഡർ മൊഡ്യൂളായ വിക്രം ഇന്നലെ വൈകുന്നേരം 06.04നാണ് ദക്ഷിണധ്രുവത്തിൽ ഒരു തൂവൽപോലെ പറന്നിറങ്ങി ചന്ദ്രനിൽ മുത്തമിട്ടത്.
450 കോടി വർഷങ്ങൾക്കു മുന്പ് വലിയൊരു ആഘാതത്തിലൂടെ ഭൂമിയിൽനിന്നു വേർപെടേണ്ടിവന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ആദ്യമായാണ് ഭൂമിയിൽനിന്നൊരു അതിഥിയെത്തിയത്. അത് ഇന്ത്യയുടെ ചന്ദ്രയാനായിരുന്നു. ശാസ്ത്രജ്ഞരുൾപ്പെടെ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ രാജ്യത്തിന്റെ കീർത്തി ചന്ദ്രനോളമുയർത്തിയിരിക്കുന്നു. ബഹിരാകാശ ഗവേഷണചരിത്രത്തിൽ ആത്മാഭിമാനത്തിന്റെ ഓണപ്പൂക്കളം തീർത്തവർക്ക് 140 കോടി അഭിവാദ്യങ്ങൾ!
ഇക്കഴിഞ്ഞ ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. 40 ദിവസത്തിനുശേഷം ഇന്നലെ ചന്ദ്രയാൻ 3 ലാൻഡർ ചന്ദ്രനിലിറങ്ങി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ആദ്യ രാജ്യവും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ നാലാമത്തെ രാജ്യവുമായി ഇന്ത്യ മാറി. അമേരിക്കയും ചൈനയും സോവ്യറ്റ് യൂണിയനുമാണ് ഇതിനുമുന്പ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയിട്ടുള്ളത്.
ഇതേ ലക്ഷ്യത്തോടെ 2019ൽ നാം നടത്തിയ ചന്ദ്രയാൻ 2ന് അന്തിമവിജയം നേടാനായില്ല. എന്നാൽ, പരാജയത്തെ മികച്ച കുതിപ്പിനുള്ള ഇന്ധനമാക്കിയ നമ്മുടെ ശാസ്ത്രജ്ഞർ നടത്തിയ കഠിനാധ്വാനമാണ് ഇന്നലെ വിജയിച്ചത്.
ഇന്നലെ വൈകുന്നേരം 5.45നു ചന്ദ്രനിൽനിന്ന് 25 കിലോമീറ്റർ അകലെവച്ച് ലാൻഡറിലെ ത്രസ്റ്റർ എൻജിനുകൾ വേഗം കുറച്ചപ്പോൾ ബംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർക്കൊപ്പം രാജ്യത്തിന്റെ ഹൃദയമിടിപ്പിനു വേഗമേറുകയായിരുന്നു. 6.8 കിലോമീറ്റർ ദൂരത്തുവച്ച് രണ്ട് എൻജിനുകൾ പ്രവർത്തനം നിർത്തി പേടകത്തിന്റെ വേഗം വീണ്ടും കുറച്ചു. 150 മീറ്ററിലെത്തിയതോടെ ഇറങ്ങാനുള്ള പരിസരം നിരീക്ഷിക്കാൻ പേടകം കാമറകളും സെൻസറുകളും പ്രവർത്തിപ്പിച്ചുതുടങ്ങി. വൈകിയില്ല, മാസങ്ങൾക്കു മുന്പ് ശാസ്ത്രജ്ഞർ നിശ്ചയിച്ച പ്രകാരം 6.04ന് ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ കാലുകുത്തി.
ബംഗളൂരുവിലെ ഐഎസ്ആർഒ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സിലിരുന്ന് ഗവേഷകർ ചന്ദ്രയാൻ ദൗത്യത്തിന്റെ ഓരോ നിമിഷവും നിരീക്ഷിക്കുകയായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ പേടകത്തെ ചന്ദ്രനിലിറക്കുന്നത് 27-ാം തീയതിയിലേക്കു മാറ്റുമെന്ന് അറിയിച്ചെങ്കിലും വേണ്ടിവന്നില്ല. നിശ്ചിത സമയത്തുതന്നെയാണ് വിക്രം ശാന്തമായിറങ്ങിയത്.
അങ്ങനെ, മിക്കവാറും നിഴൽമൂടിക്കിടക്കുന്നതിനാൽ ചന്ദ്രനിലെ നിത്യരാത്രിയുടെ പ്രദേശമെന്നറിയപ്പെടുന്ന ദക്ഷിണധ്രുവത്തിൽ ഇന്ത്യ ഭൂമിയുടെ സാന്നിധ്യമറിയിച്ചു. ഇനിയുള്ള 14 ദിനങ്ങൾ ഗവേഷണത്തിനും നിരീക്ഷണത്തിനുമായി ലാൻഡറിലും റോവറിലുമുള്ള മികച്ച ഉപകരണങ്ങൾ ചന്ദ്രനിലെ ധാതുക്കളെയും മൂലകങ്ങളെയുംകുറിച്ച് കൃത്യമായ വിവരങ്ങൾ നൽകും. അതിശൈത്യത്താൽ തണുത്തുറയുന്ന ദക്ഷിണധ്രുവത്തിൽ അതിജീവിക്കാനായാൽ പ്രഗ്യാൻ എന്നു പേരിട്ടിട്ടുള്ള റോവറിനു തുടരാനായേക്കുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലാണ് ഇന്നലെ നാം പിന്നിട്ടിരിക്കുന്നത്. ചന്ദ്രയാൻ 3നു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്കും അവർക്കു പിന്തുണ കൊടുത്ത സർക്കാരിനും അഭിമാനിക്കാൻ ഏറെയുണ്ട്. അതുപോലെ ചെറുതും വലുതുമായ നിരവധി മനുഷ്യരുടെ സ്വപ്നങ്ങളുടെയും ത്യാഗങ്ങളുടെയുമൊക്കെ വിലകൂടിയാണ് ഓഗസ്റ്റ് 23ന്റെ വിജയം.
പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ കീഴിൽ 1962ൽ സ്ഥാപിക്കപ്പെട്ട ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് (INCOSPAR) ആണ് 1969ൽ ഇതുപോലൊരു ഓഗസ്റ്റിൽ ഐഎസ്ആർഒ ആയി മാറിയത്. എന്നാൽ, ഐഎസ്ആർഒ സ്ഥാപിച്ചത് നെഹ്റുവാണെന്നുള്ള ചരിത്രരേഖകൾ ഓൺലൈൻ സൈറ്റുകളിൽനിന്നു നീക്കം ചെയ്യാൻപോലും 2019 തുടക്കത്തിൽ ശ്രമങ്ങളുണ്ടായി. ബഹിരാകാശത്തിന്റെ അനന്തവിഹായസിലേക്കു ശാസ്ത്രം വികസിക്കുന്പോൾ മനസ് ഇടുങ്ങിയ ഗുഹകളിലേക്കു മടങ്ങുന്നത് നമ്മുടെ യഥാർഥ വിജയങ്ങൾക്കുമേൽ കറുത്ത നിഴൽ വീഴ്ത്തും.
ശാസ്ത്രജ്ഞരുടെ വിജയങ്ങൾക്കു വഴിയൊരുക്കാൻ വഴിമാറിക്കൊടുത്ത പാവപ്പെട്ട മനുഷ്യർക്കും അവകാശപ്പെട്ടതാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യ വിജയം. തിരുവനന്തപുരത്തെ മത്സ്യബന്ധന ഗ്രാമമായിരുന്ന തുന്പയിൽ വിക്രം സാരാഭായ് ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ 1962ൽ തങ്ങളുടെ ഗ്രാമംതന്നെ ഒഴിഞ്ഞുകൊടുത്തവരുണ്ട്. അന്നത്തെ തിരുവനന്തപുരം ബിഷപ്പായിരുന്ന പീറ്റർ ബർണാർഡ് പെരേരയുടെ അഭ്യർഥന കേട്ട് 350 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ അവരുടെ വീടുകളും ആരാധനാലയമായിരുന്ന മേരി മഗ്ദലീൻ പള്ളിയും വിട്ടുകൊടുത്തു. അതായിരുന്നു തുന്പ സ്പേസ് സെന്ററിന്റെ ആദ്യത്തെ ഓഫീസ്. 1963ൽ അവിടെനിന്ന് ആദ്യ റോക്കറ്റ് വിക്ഷേപിച്ചു.
1975ൽ ബഹിരാകാശത്തേക്ക് ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട അയച്ചുതുടങ്ങിയ ഗവേഷണമാണ് ചന്ദ്രയാൻ 3 ലെത്തി തുടരുന്നത്. ഇതു മാനവരാശിയുടെ ആകെ നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതാണു ശരി. ഒപ്പം നമ്മുടെ മുൻഗാമികളുടെ മായ്ക്കാനാവാത്ത ദീർഘവീക്ഷണത്തിന്റെയും ശാസ്ത്രബോധത്തിന്റെയും, തുന്പയിലെ മത്സ്യത്തൊഴിലാളികളെപ്പോലെ പാവപ്പെട്ട മനുഷ്യരുടെയും നേട്ടമാണ്. അവരെയും വന്ദിക്കുന്പോഴാണ് നാം ഉയരങ്ങളിലേക്കു കുതിക്കുന്നത്.