നീതിന്യായത്തിലെ തിരുത്തെഴുത്തുകൾ
അപകീർത്തി കേസിൽ നൽകാവുന്ന പരമാവധി ശിക്ഷയായ രണ്ടു വർഷം തടവു നൽകിയതിൽ സുപ്രീംകോടതി എതിർപ്പ് പ്രകടിപ്പിച്ചു. അത് രാഹുലിന്റെ പൊതുജീവിതത്തെയും അദ്ദേഹത്തിന്റെ ലോക്സഭാ മണ്ഡലമായ വയനാടിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യൻ രാഷ്ട്രീയത്തെ അപചയത്തിന്റെ തൊഴുത്തിൽ കെട്ടാനുള്ള ശ്രമങ്ങൾക്ക് കോടതിയും കുടപിടിക്കുകയാണോയെന്ന അടക്കംപറച്ചിലുകൾക്കിടയിൽ സുപ്രീംകോടതി തിരുത്തൽ ശക്തിയായിരിക്കുന്നു. മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് പരമാവധി ശിക്ഷ നൽകിയ സൂറത്ത് കോടതിയുടെ അസാധാരണ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നു. ഇതോടെ, കീഴ്കോടതി വിധിയെ തുടർന്നു നഷ്ടമായ എംപിസ്ഥാനം രാഹുലിനു തിരികെ ലഭിക്കും.
രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാൻ അന്വേഷണ ഏജൻസികളെ ബിജെപി ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഗുജറാത്തിലെ വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും നിലപാടുകൾ വിവാദങ്ങളിൽ ഇടംപിടിച്ചത്. അത്തരമൊരു കോടതിവിധിയെ സുപ്രീംകോടതി വിമർശിക്കുകയും മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇതു ബിജെപിയുടെയും കോൺഗ്രസിന്റെയും പാർട്ടിക്കാര്യമായി ഒതുങ്ങില്ല. കോടതികൾ രാഷ്ട്രീയ താത്പര്യങ്ങളുടെ ചാലക ശക്തിയാകുന്നതിനെക്കുറിച്ചു ചർച്ചകൾ ഉണ്ടാകുന്പോഴൊക്കെ ഈ കേസ് ഇനിയുള്ള കാലം പരാമർശിക്കപ്പെടും.
2019 ഏപ്രിലിൽ കർണാടകയിലെ കോലാറിൽ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലാണ് മോഷ്ടാക്കൾക്കെല്ലാം മോദിയെന്ന പേര് എന്തുകൊണ്ടാണെന്നു രാഹുൽ ചോദിച്ചത്. ഈ പരാമർശമാണ് കേസിന് കാരണമായത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് രാഹുലിന് എതിരെ പരാതി നൽകിയത്. മാർച്ച് 23ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി ജഡ്ജി എച്ച്. എച്ച്. വർമ രാഹുലിന് രണ്ടു വർഷം തടവും പിഴയും വിധിച്ചു.
ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതിയും തള്ളിയതോടെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. അപകീർത്തി കേസിൽ നൽകാവുന്ന പരമാവധി ശിക്ഷയായ രണ്ടുവർഷം തടവു നൽകിയതിൽ സുപ്രീംകോടതി എതിർപ്പു പ്രകടിപ്പിച്ചു. അത് രാഹുലിന്റെ പൊതുജീവിതത്തെയും അദ്ദേഹത്തിന്റെ ലോക്സഭാ മണ്ഡലമായ വയനാടിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. പരമാവധി ശിക്ഷയിലൂടെ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം ഇല്ലാതാക്കി രാഷ്ട്രീയ പ്രവർത്തനം തടയുക എന്ന ബിജെപി ലക്ഷ്യത്തിനു സൂറത്ത് കോടതി കൂട്ടുനിന്നു എന്ന ആരോപണം കോൺഗ്രസ് മാത്രമായിരുന്നില്ല ഉന്നയിച്ചത്. ആ ആരോപണത്തെ തള്ളിക്കളയുന്നില്ല സുപ്രീംകോടതിയെന്നു വിലയിരുത്തേണ്ടിവരും.
രാഹുലിന്റെ എംപിസ്ഥാനം ഒഴിവാക്കുകയും തൊട്ടുപിന്നാലെ ഔദ്യോഗിക വസതിയിൽനിന്ന് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്ത് വിജയാഹ്ലാദത്തിലായിരുന്ന ബിജെപിയുടെ ഇരട്ടച്ചങ്കിലൊരു പ്രഹരമായിട്ടുണ്ട് സുപ്രീംകോടതിയുടെ സ്റ്റേ. ജോഡോ യാത്രയിലൂടെയും കർണാടക വിജയത്തിലൂടെയും മണിപ്പുർ സന്ദർശനത്തിലൂടെയും ജനഹൃദയങ്ങളെ കീഴടക്കിയ രാഹുൽ, ഗോലിയാത്തിന്റെ പോർവിളിയുയരുന്ന പൊതുതെരഞ്ഞെടുപ്പു ഗോദായിൽ ദാവീദിന്റെ പരിവേഷമണിഞ്ഞിരിക്കുന്നു. സുപ്രീംകോടതിയുടെ ഇടപെടൽ പ്രതിപക്ഷ സഖ്യമായ "ഇന്ത്യ'യുടെ കുതിക്കലിന് കുതിരശക്തിയുമേകിയിട്ടുണ്ട്.
പക്ഷേ, ഈ കോടതിവിധിയുടെ ചരിത്രപരമായ പ്രാധാന്യം മറ്റൊന്നാണ്. രാഷ്ട്രീയ പാർട്ടികളുടെയും, ഭരണകക്ഷിക്കുവേണ്ടി അവർ ആഗ്രഹിക്കുന്നതെല്ലാം നടത്തിക്കൊടുക്കുന്ന സർക്കാർ ഏജൻസികളുടെയും പാതയല്ല കോടതികൾ അവലംബിക്കേണ്ടത് എന്ന പാഠമാണത്. പ്രതിപക്ഷവും മാധ്യമങ്ങളും നിയമവിദഗ്ധരും ചൂണ്ടിക്കാണിച്ച കാര്യങ്ങൾതന്നെയാണ് സുപ്രീം കോടതിയും പരിഗണിച്ചിരിക്കുന്നത്. ഈ കേസിൽ താൻ മാപ്പു പറയില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ രാഹുൽ വ്യക്തമാക്കിയിരുന്നു. നിശ്ചയദാർഢ്യത്തോടെയുള്ള ആ വാക്കുകൾക്കു പിന്നാലെയെത്തിയ വിജയം അദ്ദേഹത്തെ കൂടുതൽ കരുത്തനാക്കിയിട്ടുണ്ട്.
പപ്പുവെന്നു വിളിച്ചും നെഹ്റുവിനെയും ഇന്ദിരയെയും സോണിയയെയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെയെല്ലാം പരിഹസിച്ചും ഒടുവിൽ കേസിൽ പെടുത്തിയും രാഹുൽ ഗാന്ധിയെ അവഹേളിക്കാനും നിസാരവത്കരിക്കാനും നടത്തിയ ശ്രമങ്ങളെല്ലാം ബിജെപി അദ്ദേഹത്തെ ഭയപ്പെടുന്നുണ്ടെന്നതിന്റെ ലക്ഷണമായിരുന്നു. ഒടുവിൽ അദാനിയുമായി ബന്ധപ്പെടുത്തി മോദിയോട് അദ്ദേഹം ആവർത്തിച്ചു ചോദിച്ച ചോദ്യങ്ങൾ ബിജെപിയുടെ വിശ്വാസ്യതയെ വെല്ലുവിളിക്കുന്നതായിരുന്നെങ്കിലും മോദിക്കു മറുപടി നൽകാനായില്ല.
നിർണായക സമയത്താണ് രാഹുലിന്റെ കോടതി വിജയം. തിങ്കളാഴ്ച ലോക്സഭയിലെത്തിയാൽ മണിപ്പുർ വിഷയത്തിലുൾപ്പെടെ രാഹുൽ ആഞ്ഞടിക്കും. വിദ്വേഷത്തിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കുമെന്ന പ്രഖ്യാപനവുമായി മുന്നേറുന്ന രാഹുലിന് വാക്കുകളിൽ കൂടുതൽ പക്വത കാണിക്കാനുള്ള മുന്നറിയിപ്പുകൂടിയാണ് കോടതിവിധി. ഇന്നലെ നടത്തിയ പത്രസമ്മേളനങ്ങളിൽ ബിജെപിക്കോ മോദിക്കോ എതിരേ ഒരക്ഷരം പറയാതെ തന്റെ രാഷ്ട്രതന്ത്രജ്ഞത അദ്ദേഹം പുറത്തെടുത്തു. കോടതിയുടെ ഇടപെടലിനപ്പുറം മറ്റൊരു മറുപടി നൽകാതെ തത്കാലം ബിജെപിയെ രാഹുൽ ജനങ്ങൾക്കു മുന്നിലിട്ടുകൊടുത്തിരിക്കുന്നു.
ഭരിക്കുന്നവർ സർക്കാരെന്ന കുതിരപ്പുറത്തായിരിക്കാം. പക്ഷേ, പ്രതിപക്ഷവും സ്വതന്ത്രമായ മാധ്യമങ്ങളും അന്വേഷണ ഏജൻസികളും എല്ലാത്തിലുമുപരി നിഷ്പക്ഷമായ കോടതികളുമാണ് ജനാധിപത്യത്തെ അടയാളപ്പെടുത്തേണ്ടത്. അതു ബോധ്യപ്പെടുത്തുന്നതാണ് കീഴ്കോടതിയെ തിരുത്തിയ സുപ്രീംകോടതി വിധി. എന്നാൽ, ഗുജറാത്തിലെ കോടതികളുടെ മനോഭാവം രാജ്യത്തെ കൂടുതൽ കോടതികളിലേക്കു വ്യാപിച്ചാൽ എളുപ്പമാകുമോ സുപ്രീംകോടതിയുടെ ഇടപെടലുകൾ എന്ന ചോദ്യം പലരും ഉന്നയിച്ചുതുടങ്ങിയിട്ടുണ്ട്.