മണിപ്പുരിൽനിന്നു പ്രധാനമന്ത്രിയെ കാണാൻ ജൂൺ 10ന് ഡൽഹിയിലെത്തിയവർ ഇപ്പോഴും അവിടെ കാത്തിരിക്കുകയാണ്. ഒരു സംസ്ഥാനം കത്തിയെരിയുന്പോൾ ഇതെങ്ങനെ സാധിക്കുന്നു എന്നതാണ് നടുക്കുന്ന കാര്യം. പ്രധാനമന്ത്രി ആഹ്വാനം ചെയ്താലുടനെ മണിപ്പുരിലെ കലാപം അവസാനിക്കുമോയെന്നതല്ല, അദ്ദേഹത്തിന്റെ നിശബ്ദത കലാപകാരികൾക്ക് തെറ്റായ സന്ദേശം കൊടുക്കില്ലേ എന്നതാണു ചോദ്യം.
ഒന്നരമാസമായിട്ടും അണയാത്ത കലാപത്തീയിൽ മണിപ്പുർ കത്തിയെരിയുകയാണ്. 120ൽ അധികം ആളുകൾ കൊല്ലപ്പെട്ടു. 4,000ൽ ഏറെ വീടുകൾ ചാന്പലാക്കി. 50,000ൽ ഏറെ ആളുകൾ നാടും വീടുമുപേക്ഷിച്ചു പലായനം ചെയ്തു.
പതിനായിരങ്ങൾ അഭയാർഥി ക്യാന്പുകളിൽ കഴിയുന്നു. ഭക്ഷണസാധനങ്ങൾ പോലും എത്തിക്കാനാവാത്തവിധം ഹൈവേകൾ ഉൾപ്പെടെയുള്ള പാതകളിൽ ഗതാഗതം മുടങ്ങിയിരിക്കുന്നു. സംസ്ഥാനമൊട്ടാകെ ഇന്റർനെറ്റ് നിരോധനം. 11 ജില്ലകളിൽ നിരോധനാജ്ഞ. ഒരു സമാധാന ആഹ്വാനംപോലും ഇതെഴുതുവോളം പ്രധാനമന്ത്രി നടത്തിയിട്ടില്ല. സമാധാനത്തിനായി ഒരു സർവകക്ഷിയോഗവും വിളിച്ചു ചേർത്തിട്ടില്ല. മണിപ്പുരിൽനിന്ന് ഡൽഹിയിലെത്തിയ 10 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അവസരംപോലും പ്രധാനമന്ത്രി അനുവദിച്ചിട്ടില്ല. എന്താണ് സംഭവിക്കുന്നത്? അസാധാരണവും അവിശ്വസനീയവുമായ ഭരണകൂട നടപടികളിൽ പകച്ചുനിൽക്കുകയാണ് രാജ്യം. മണിപ്പുർ കത്തുന്പോൾ ആദ്യം പൊള്ളലേൽക്കേണ്ട ഡൽഹി നിശബ്ദത പാലിക്കുകയാണെങ്കിൽ അതു രോഗലക്ഷണമാണ്.
മണിപ്പുരിൽ മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിൽ നടക്കുന്ന ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ഒരു നിമിഷം വൈകരുത്. മേയ് മൂന്നിനു കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഹൈന്ദവർ കൂടുതലുള്ള മെയ്തെയ് വിഭാഗവും ക്രൈസ്തവർ കൂടുതലുള്ള കുക്കികളുമായിട്ടുള്ള പൂർവ വിദ്വേഷം കലാപമായി മാറിയതാണെന്നു ജനം കരുതി. പക്ഷേ, മണിക്കൂറുകൾക്കകം അതിന്റെ ദിശ മാറി. മെയ്തെയ് വിഭാഗക്കാർ കുക്കികളിലെ ക്രൈസ്തവരെ മാത്രമല്ല, സ്വന്തം വംശത്തിലെ ക്രൈസ്തവരെയും ആക്രമിച്ചു തുടങ്ങി. ഇംഫാലിലെ ക്രൈസ്തവ സ്ഥാപനങ്ങളെല്ലാം ചാന്പലാക്കി. ഇപ്പോഴിതാ മെയ്തെയ് വിഭാഗക്കാർ ബിജെപിക്കെതിരേയും തിരിഞ്ഞിരിക്കുന്നു.
ബിജെപി മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ വീടുകൾ കലാപകാരികൾ കത്തിച്ചുതുടങ്ങി. തങ്ങൾ ഉദ്ദേശിച്ച രീതിയിൽ കുക്കികളെ ഉന്മൂലനം ചെയ്യാൻ സർക്കാർ സഹായിക്കുന്നില്ലെന്നാണ് മെയ്തെയ് സംഘടനകളുടെ പരാതി. കുക്കികൾക്കെതിരേയും ക്രൈസ്തവർക്കെതിരേയും ആരോപണങ്ങൾ ഉന്നയിച്ചിരുന്ന മുഖ്യമന്ത്രി ബിരേൻ സിംഗും സംഘപരിവാറും മെയ്തെയ്കളിൽനിന്നു തന്നെ തിരിച്ചടി നേരിടുകയാണ്. ഇനിയെങ്കിലും കേന്ദ്രം ഇടപെടുമോയെന്നാണ് അറിയേണ്ടത്.
മെയ്തെയ് വംശജനായ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ കുക്കി വിരുദ്ധ പ്രസ്താവനകൾ പലതും എരിതീയിൽ എണ്ണയൊഴിക്കുന്നതായിരുന്നു. കുക്കികൾ കറുപ്പുകൃഷിക്കാരും വിതരണക്കാരുമാണെന്നും അവർ വിദേശ കൈയേറ്റക്കാരെ മലനിരകളിൽ പാർപ്പിക്കുകയാണെന്നുമൊക്കെ മുഖ്യമന്ത്രി ആവർത്തിക്കുകയാണ്. മണിപ്പുർ മാത്രമല്ല, മിസോറാമും നാഗാലാൻഡും അരുണാചൽ പ്രദേശും മ്യാൻമാറുമായി അതിർത്തി പങ്കിടുന്നുണ്ട്.
മ്യാൻമാറിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളെത്തുടർന്ന് ആയിരങ്ങൾ അതിർത്തി കടന്ന് ഇന്ത്യയിലെത്തി. അവർക്കുവേണ്ടി മണിപ്പുർ സർക്കാർതന്നെ അഭയാർഥി ക്യാന്പുകൾ തുറന്നിട്ടുമുണ്ട്. മെയ്തെയ് തീവ്രസംഘടനകൾ പോലീസ് സ്റ്റേഷനുകളും ആയുധപ്പുരകളും തുടർച്ചയായി കൊള്ളയടിക്കുന്നതുപോലും തടയാൻ കഴിയാത്ത ബിരേൻ സിംഗിന്റെ ബിജെപി സർക്കാരിന് അതിർത്തിയിലെ നുഴഞ്ഞകയറ്റ പ്രശ്നം പരിഹരിക്കാനാകുമോ എന്നതു മറ്റൊരു ചോദ്യമാണ്. കലാപത്തിനു തൊട്ടു മുന്പ് സർക്കാരിന്റെ ആഹ്വാനത്തെ തുടർന്ന് കുക്കി ലിബറേഷൻ ആർമി ആയുധങ്ങൾ വച്ചു കീഴടങ്ങി. പക്ഷേ, മെയ്തെയ്കൾ കലാപത്തിന്റെ തുടക്കത്തിൽ ഇംഫാലിനടുത്തുള്ള പാങെ പോലീസ് ട്രെയിനിംഗ് കോളജിൽനിന്ന് ആയുധങ്ങൾ കവർന്നു.
മേയ് 28നും അവർ പോലീസ് സ്റ്റേഷനുകളിൽനിന്നു തോക്കുകളും തിരകളും കവർന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ഇംഫാൽ വെസ്റ്റ് ജില്ലയിൽ മെയ്തെയ് സംഘടനകൾ പോലീസിന്റെ ആയുധപ്പുര ആക്രമിച്ചു. മണിപ്പുരിൽ സർക്കാരില്ലാത്ത അവസ്ഥയാണ്. അതിർത്തി കാക്കുന്ന ആസാം റൈഫിൾസ് ഇല്ലായിരുന്നെങ്കിൽ മെയ്തെയ് കലാപകാരികൾ ഇതിലേറെ നാശം കുക്കി മേഖലകളിൽ വിതയ്ക്കുമായിരുന്നെന്നാണ് സൂചനകൾ. കലാപത്തെ ക്രൈസ്തവ സഭകളുമായി കൂട്ടിക്കെട്ടുന്ന സംഘപരിവാർ ഭാഷ്യങ്ങളും ആപത്കരമാണ്. ചുരുക്കത്തിൽ, മണിപ്പുരിൽ നടക്കുന്നതു പലതും സമാധാനം പുനഃസ്ഥാപിക്കാനുള്ളതല്ല.
മുഖ്യമന്ത്രിയുടെയും സംഘപരിവാറിന്റെയും നോമിനികൾക്ക് അവിടെ സമാധാനമുണ്ടാക്കാൻ കഴിയില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രാതിനിധ്യമുള്ള സർവകക്ഷി യോഗം വിളിച്ചു കാര്യങ്ങൾ ചർച്ച ചെയ്യണം. എല്ലാ മതങ്ങളിലെയും സമാധാന കാംക്ഷികളായ നേതാക്കളുമായി ആശയവിനിമയം നടത്തണം. വിവേചനമില്ലാതെ കലാപം അടിച്ചമർത്തണം. അനൗദ്യോഗിക കണക്കുകളനുസരിച്ച് ക്രൈസ്തവരായ കുക്കികളാണ് കൊല്ലപ്പെട്ടവരിലേറെയും. തകർക്കപ്പെട്ടതിലേറെയും അവരുടെ വീടുകളും ആരാധനാലയങ്ങളുമാണ്. മെയ്തെയ്കളായാലും കുക്കികളായാലും മരിക്കുന്നത് മനുഷ്യരാണ്.
മണിപ്പുരിൽനിന്നു പ്രധാനമന്ത്രിയെ കാണാൻ ജൂൺ 10ന് ഡൽഹിയിലെത്തിയവർ ഇപ്പോഴും അവിടെ കാത്തിരിക്കുകയാണ്. ഒരു സംസ്ഥാനം കത്തിയെരിയുന്പോൾ ഇതെങ്ങനെ സാധിക്കുന്നു എന്നതാണ് നടുക്കുന്ന കാര്യം. പ്രധാനമന്ത്രി ആഹ്വാനം ചെയ്താലുടനെ മണിപ്പുരിലെ കലാപം അവസാനിക്കുമോയെന്നതല്ല, അദ്ദേഹത്തിന്റെ നിശബ്ദത കലാപകാരികൾക്ക് തെറ്റായ സന്ദേശം കൊടുക്കില്ലേ എന്നതാണു ചോദ്യം.
മെയ്തെയ്കളും കുക്കികളും താന്താങ്ങളുടെ മേഖലകളിൽ മറുവിഭാഗത്തെക്കുറിച്ചുള്ളതെല്ലാം തുടച്ചു നീക്കുകയാണെന്ന് ഇന്നലെ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സ്ഥാപനങ്ങളുടെയും കോളനികളുടെയും നിരത്തുകളുടെയുമൊക്കെ ബോർഡുകളിൽനിന്നുപോലും എതിരാളിയുടെ നാമം തുടച്ചുനീക്കുകയാണ്. വിദ്വേഷം പാരമ്യതയിലെത്തി; അധികാരികളുടെ സംശയകരവും ചരിത്രപരവുമായ നിശബ്ദതയും.