ഗോവിന്ദന്റെ ഇരട്ടത്താപ്പും യെച്ചൂരിയുടെ തൊലിക്കട്ടിയും
സാമൂഹികമാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാരെ നിയന്ത്രിക്കാൻ 1960-ലെ പെരുമാറ്റച്ചട്ടം പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാരെന്നതും മറക്കരുത്. അതിനിടെയാണ് ഏഷ്യനെറ്റിനെതിരേയുള്ള ഗൂഢാലോചന കേസ്. ഇനിയെങ്ങനെയാണ് സിപിഎമ്മിന് ബിജെപിയെ വിമർശിക്കാനാകുന്നത്?
കേ ന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ മാത്രമല്ല, മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരിൽ ആർക്കെതിരേയും വിമർശനം ഉന്നയിക്കാനുള്ള അവകാശം സിപിഎം കൈയൊഴിഞ്ഞിരിക്കുന്നു. മാത്രമല്ല, ഫാസിസത്തോടും ഏകാധിപത്യത്തോടും എത്ര ചേർന്നാണ് തങ്ങൾ നിൽക്കുന്നതെന്ന് അവർതന്നെ വെളിപ്പെടുത്തുകയും ചെയ്തു. ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരേ സർക്കാരെടുത്തിരിക്കുന്ന കേസ് അറിഞ്ഞിടത്തോളം അസംബന്ധമാണ്. ഒരു കോളജിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ വാർത്തയിലെത്തിക്കുക മാത്രമാണ് റിപ്പോർട്ടർ ചെയ്തത്. സിപിഎം അതിന്റെ ജനാധിപത്യ മേക്കപ്പുകൾ കഴുകിക്കളഞ്ഞ് സർവാധിപത്യ മുഖം പ്രദർശിപ്പിക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്. പക്ഷേ, അതേക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത പാർട്ടി ജനറൽ സെക്രട്ടറി മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിൽ മോദിയെ കുറ്റപ്പെടുത്തുന്ന ഡൽഹി ഷോയും രാജ്യം കണ്ടു. എന്തൊരു തൊലിക്കട്ടി!
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന് എറണാകുളം മഹാരാജാസ് കോളജിന്റെ വെബ്സൈറ്റിലുള്ളത് റിപ്പോർട്ട് ചെയ്തതാണ് കുറ്റം. അതിന്റെ ഭാഗമായി റിപ്പോർട്ടർ നടത്തിയ ഫോൺ വിളികളാണ് ഗൂഢാലോചന കേസിന്റെ ആധാരം. അങ്ങനെയല്ലേ എല്ലാ റിപ്പോർട്ടർമാരും വാർത്ത ശേഖരിക്കുന്നത്? ഇതെത്ര പരിഹാസ്യമാണെന്ന് സിപിഎമ്മിന് ഇനിയും മനസിലാകാഞ്ഞിട്ടല്ല പാർട്ടി സംസ്ഥാന സെക്രട്ടറി റിപ്പോർട്ടർക്കെതിരേയുള്ള ഗൂഢാലോചനക്കേസിനെ ന്യായീകരിക്കുന്നതും സർക്കാർ-എസ്എഫ്ഐ വിരുദ്ധ പ്രചാരണവുമായി മാധ്യമങ്ങളുടെ പേരിൽ നടന്നാൽ കേസെടുക്കുമെന്നതിൽ സംശയം വേണ്ടെന്നു ഭീഷണി മുഴക്കുന്നതും. ഇതു മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്തലല്ലെങ്കിൽ പിന്നെന്താണെന്ന് താത്വിക അവലോകനം മാറ്റിവച്ച് സാധാരണക്കാർക്കു മനസിലാകുന്ന ഭാഷയിലൊന്നു പറഞ്ഞാലെന്താ?
ബിജെപിയുടെ അഴിമതി വിരുദ്ധ പോരാട്ടം സ്വന്തം പാർട്ടിക്കാരിലേക്കോ മറ്റു പാർട്ടികളിൽനിന്നു കൂറുമാറിയെത്തുന്നവരിലേക്കോ കാര്യമായി എത്താറില്ല. കേരളത്തിലും ഇതാണോ നടക്കുന്നത്? മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് പ്രസിഡന്റ് കെ. സുധാകരനെതിരേ കേസെടുത്തത്. മന്ത്രി റോഷി അഗസ്റ്റിന്, മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍, മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള മോൻസന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരേ പ്രാഥമിക അന്വേഷണംപോലും ഉണ്ടായിട്ടില്ല. നിലപാടുകൾക്കു വിശ്വാസ്യതയുണ്ടാകേണ്ടതല്ലേ?
കർഷകസമരം റിപ്പോർട്ട് ചെയ്യുന്നവരുടെയും സർക്കാരിനെ വിമർശിക്കുന്നവരുടെയും അക്കൗണ്ടുകൾ ബ്ലോക്കു ചെയ്യണമെന്നും അല്ലാത്തപക്ഷം ഇന്ത്യയിൽ ട്വിറ്റർ നിരോധിക്കുമെന്നും ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുമെന്നും കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തിയെന്ന് ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക് ഡോർസി യുട്യൂബ് ചാനലിൽ വെളിപ്പെടുത്തിയത് ഇന്നലെയാണ്. ജാക്ക് ഡോർസി കള്ളം പറയുകയാണെന്നാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ട്വിറ്ററിലൂടെ ഇതിനോടു പ്രതികരിച്ചത്.
രാജ്യത്തെ സ്വതന്ത്ര മാധ്യമപ്രവർത്തനം കെട്ടുകാഴ്ചയാക്കിയ കേന്ദ്രസർക്കാരിന്റെ ഭാഗമായിരുന്ന് അതിനെ ന്യായീകരിക്കുന്ന, ഏഷ്യാനെറ്റിന്റെ ചെയർമാൻ കൂടിയായിരുന്ന അദ്ദേഹത്തിന് ഇപ്പോഴിതാ ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരേയുള്ള കേരള സർക്കാർ നടപടിയെ വിമർശിക്കേണ്ടി വന്നിരിക്കുന്നു. ഇതേ ഇരട്ടത്താപ്പാണ് ബിബിസിയുടെ മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി കണ്ണീരൊഴുക്കുകയും സ്വന്തം നാട്ടിലെ മാധ്യമപ്രവർത്തകരോടു കടക്കൂ പുറത്തെന്നു പറയുകയും ചെയ്യുന്ന സിപിഎമ്മിന്റേതും. സ്വന്തം പാർട്ടി നഗ്നരായി നിൽക്കുന്പോഴാണ് ബിജെപിക്ക് ഓവർക്കോട്ട് തയ്പിക്കാൻ യെച്ചൂരി തയ്യൽക്കട തപ്പുന്നത്.
2022ൽ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180ൽ 150-ാം സ്ഥാനത്തേക്ക് ഇന്ത്യ അധഃപതിച്ചപ്പോഴും കഴിഞ്ഞ നവംബറിൽ എറണാകുളം റെസ്റ്റ് ഹൗസിൽ കൈരളി, മീഡിയ വൺ റിപ്പോർട്ടർമാരെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാർത്താസമ്മേളനത്തിൽനിന്നു പുറത്താക്കിയപ്പോഴും മാധ്യമങ്ങൾ പ്രതിഷേധിക്കുകയും മുഖപ്രസംഗങ്ങളെഴുതുകയും ചെയ്തിരുന്നു. അപ്പോഴൊന്നും കാണാതിരുന്ന കുറ്റം ഇപ്പോൾ പാർട്ടിയെ വിമർശിച്ചപ്പോൾ സിപിഎം കാണുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം കുഴപ്പമാണ്. സാമൂഹികമാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാരെ നിയന്ത്രിക്കാൻ 1960ലെ പെരുമാറ്റച്ചട്ടം പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാരെന്നതും മറക്കരുത്.
അതിനിടെയാണ് ഏഷ്യനെറ്റിനെതിരേയുള്ള ഗൂഢാലോചന കേസ്. ഇനിയെങ്ങനെയാണ് സിപിഎമ്മിന് ബിജെപിയെ വിമർശിക്കാനാകുന്നത്? മാധ്യമസ്വാതന്ത്ര്യത്തിനെതിരേയുള്ള തങ്ങളുടെ നടപടികളെ ന്യായീകരിക്കാൻ ബിജെപി ഉപയോഗിക്കാനിരിക്കുന്ന ആയുധങ്ങളിൽ ഇനിമുതൽ സിപിഎമ്മിന്റെ ഇപ്പോഴത്തെ നടപടിയുമുണ്ടാകുമെന്നത് എത്ര അപമാനകരമാണ്? സിപിഎം സ്വയം വാരിപ്പുരട്ടിയ അഴുക്കാണിത്; ഫാസിസത്തിന്റെ അഴുക്ക്.
മാധ്യമങ്ങൾ മുഖപ്രസംഗമെഴുതിയാൽ നിലപാടു മാറ്റുമോ ഇല്ലയോ എന്നത് സിപിഎമ്മിന്റെയും സെക്രട്ടറിയുടെയും സ്വാതന്ത്ര്യമാണ്. പക്ഷേ, നിങ്ങളോടുള്ള നിലപാട് മാറ്റാൻ ജനങ്ങൾക്കുമുണ്ട് സ്വാതന്ത്ര്യം; മറക്കണ്ട.