കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
നിസാരമായി പരിഹരിക്കാവുന്ന ഒരു പ്രശ്നത്തെ ഇച്ഛാശക്തിയില്ലാത്ത ഭരണകൂടങ്ങളും കാലഹരണപ്പെട്ട നിയമങ്ങളും അത്യന്തം ജനദ്രോഹമാക്കി മാറ്റിയ കാഴ്ചയുടെ ആവർത്തനമാണ് തമിഴ്നാട്ടിലെ കന്പം തെരുവീഥികളിൽ അരങ്ങേറിയത്. ഏഴുപേരെ കൊല്ലുകയും ചിന്നക്കനാൽ മേഖലയിൽ അതീവ ഭീതി വിതയ്ക്കുകയും ചെയ്ത അരിക്കൊന്പനെന്ന കാട്ടാനയാണ് ശനിയാഴ്ച മുതൽ തമിഴ്നാടിനെയും മുൾമുനയിലാക്കിയത്. ഉപദ്രവകാരിയായ ഈ ആനയെ ആനപ്പന്തിയിൽ എത്തിച്ചു മെരുക്കാൻ സംവിധാനമുണ്ടായിരിക്കെയാണ് ലക്ഷക്കണക്കിനു രൂപ പൊടിച്ച് കേരളം കാട്ടിൽ തിരിച്ചെത്തിച്ചത്.
ദിവസങ്ങൾക്കകം അത് തമിഴ്നാട്ടിലെ ജനവാസകേന്ദ്രത്തിലിറങ്ങി വാഹനങ്ങളും കൃഷിയും നശിപ്പിച്ച് ലക്ഷക്കണക്കിനു രൂപയുടെ നാശമുണ്ടാക്കി. ഏഴുപേരെ കൊന്നൊടുക്കിയ ഒരു കാട്ടാനയെ ആണ് ഈവിധം താലോലിച്ചുകൊണ്ടിരിക്കുന്നത്. ആനയുടെ അവകാശങ്ങളെക്കുറിച്ച് കണ്ണീരൊഴുക്കുന്ന ഒരാളും ഇതിന്റെ ആക്രമണപരിധിയിലല്ല. പക്ഷേ, അധികാരവും സ്വാധീനവുമെല്ലാം അവരുടെ ചൊൽപ്പടിയിലും വിരൽത്തുന്പിലുമായിപ്പോയി. ആന മാത്രമല്ല, സകലമാന കാട്ടുമൃഗങ്ങളും നാട്ടിലിറങ്ങി മനുഷ്യരെ വേട്ടയാടി കൊന്നു കൊലവിളിക്കുകയാണ്. എന്തൊരു നിസഹായാവസ്ഥയാണിത്.
എന്തായാലും കേരളത്തിലുണ്ടായ പിടിപ്പുകേടും നിഷ്ക്രിയതയുമൊന്നുമല്ല തമിഴ്നാട് സർക്കാർ കാണിച്ചത്. ദ്രുതഗതിയിലായിരുന്നു തീരുമാനങ്ങൾ. ശനിയാഴ്ച ജനവാസകേന്ദ്രത്തിലിറങ്ങിയ ആനയെ തളയ്ക്കാനുള്ള ശ്രമം നൊടിയിടയിൽ തമിഴ്നാട് സർക്കാർ തുടങ്ങി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ താളത്തിനൊത്ത് തുള്ളുന്ന സർക്കാരല്ല അവിടെയുള്ളത്. അവിടെ സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ അതേപടി നടത്തുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. വനാതിർത്തികളിലെ പാവപ്പെട്ട മനുഷ്യരുടെ ജീവിതാവസ്ഥകളെക്കുറിച്ചു യാതൊരു ബോധവുമില്ലാത്ത മൃഗസ്നേഹികൾ മാളത്തിൽനിന്നു പുറത്തിറങ്ങാതിരുന്നതും ആശ്വാസമായിട്ടുണ്ട്.
ഏറെ കൊട്ടിഘോഷിച്ചാണ് മൂന്നു ലക്ഷം രൂപ മുടക്കി സാറ്റലൈറ്റ് റേഡിയോ കോളർ അരിക്കൊന്പന്റെ കഴുത്തിൽ കെട്ടിയത്. അതിനായിത്തന്നെ ആഴ്ചകൾ കേരളത്തിൽ കാത്തിരുന്നു. കോളറൊക്കെ ചുറ്റിയാണ് ആന നടക്കുന്നതെങ്കിലും ആവശ്യസമയത്ത് യാതൊരു പ്രയോജനവും ഉണ്ടായില്ല. പെരിയാർ കടുവാസങ്കേതത്തിൽ അരിക്കൊന്പനെ എത്തിച്ച് മൂന്നാം ദിവസം മുതൽ ഇടയ്ക്കെല്ലാം റേഞ്ച് നഷ്ടപ്പെടുകയായിരുന്നു. പിന്നീട് മേഘമലയിലെ മണലാർ മേഖലയിൽ കണ്ടെത്തിയപ്പോഴാണ് ആന തമിഴ്നാട്ടിലെത്തിയതുപോലും വനംവകുപ്പിന് അറിയാനായത്.
25ന് തമിഴ്നാട്ടിലെ ജനവാസമേഖലയിലെത്തിയപ്പോഴും റേഡിയോ കോളർ പ്രയോജനപ്പെട്ടില്ല. തമിഴ്നാട്ടിലെ കന്പത്തിനടുത്ത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തിനു 150 മീറ്റർ അകലെ അരിക്കൊന്പനെ കണ്ടെന്നു നാട്ടുകാർ അറിയിച്ചപ്പോഴാണ് വനംവകുപ്പ് അറിഞ്ഞത്. ലക്ഷങ്ങൾ മുടക്കിയ റേഡിയോ കോളറാണെങ്കിലും നയാപൈസയുടെ ഗുണം ഇതുവരെ കണ്ടിട്ടില്ലെന്നതാണ് വസ്തുത.
വയനാടിനെ വിറപ്പിച്ചിരുന്ന കാട്ടാനയെ കഴിഞ്ഞ ജനുവരിയിൽ പിടികൂടി മുത്തങ്ങ ആനപ്പന്തിയിലെത്തിച്ച് പരിശീലനം കൊടുത്തതോടെ അതു മെരുങ്ങി. അതിനു തീറ്റ കൊടുക്കാനും കുളിപ്പിക്കാനുമൊക്കെ പരിശീലകർ കൂട്ടിൽ കയറുന്നുമുണ്ട്. പക്ഷേ, മനുഷ്യർ സമാധാനമായി ഉറങ്ങുന്നത് മൃഗസ്നേഹികൾക്കു സഹിക്കില്ലല്ലോ. തമിഴ്നാട്ടിൽ രണ്ടു പേരെ കൊല്ലുകയും നീലഗിരിയിലും വയനാട്ടിലും നാശം വിതയ്ക്കുകയും ചെയ്ത ആനയെ ഇനിയും കൂട്ടിലിട്ടു പീഡിപ്പിക്കരുതെന്ന് മൃഗസ്നേഹികൾ വനംവകുപ്പിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. അവരതു പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
വിവിധ ആനപ്പന്തികളിൽ മെരുങ്ങിക്കഴിയുന്ന നിരവധി ആനകളുണ്ട്. അവയെ കാട്ടിൽ കൊണ്ടുപോയി വിടണമെന്ന് സുഭിക്ഷമായ ഭക്ഷണമൊക്കെ കഴിച്ചിരിക്കുന്പോൾ ഏതെങ്കിലുമൊരു മൃഗസ്നേഹിക്കു തോന്നിയാൽ അതു ചെയ്യേണ്ട സ്ഥിതിയാണ് കേരളത്തിലുള്ളത്. നിയമം അങ്ങനെയായതിനാൽ തങ്ങളെന്തു ചെയ്യാനെന്നു പറഞ്ഞ് കൈമലർത്തിക്കാണിക്കുന്ന സർക്കാരിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുകയും വേണ്ട.
ഏതായാലും ഏട്ടിലെ പശു പുല്ലു തിന്നില്ലെന്നു പറഞ്ഞ സ്ഥിതിയിലായി അരിക്കൊന്പനെക്കുറിച്ച് അധികാരികളും കോടതിയും പറഞ്ഞതെല്ലാം. കേരളത്തിലെ വനങ്ങളിൽ ആന പെരുകുകയാണ്. വരുംകാലങ്ങളിൽ അവയുടെ ആക്രമണം വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വന്യമൃഗശല്യമുള്ളിടത്തു കഴിയുന്ന മനുഷ്യരിലാരോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ മൃഗസ്നേഹികളോടു ചോദിച്ച ചോദ്യം ബാക്കിയാകുന്നു. നമുക്ക് വീടുകൾ വച്ചു മാറിയാലോ? കൊന്നു കൊലവിളിക്കുന്ന മൃഗങ്ങളെ നിസഹായരായ മനുഷ്യരുടെ ചെലവിൽ സ്നേഹിച്ചു കൊതിതീരാത്തവരോടാണ് ചോദ്യം. നിങ്ങളുടെ വീട് ഭയചകിതരായ മനുഷ്യരുടേതുമായി വച്ചുമാറാൻ തയാറുണ്ടോ?