കർണാടകത്തിലെ സ്നേഹത്തിന്റെ കട
ബിജെപിയുടെ വിദ്വേഷ പ്രചാരണത്തെയും അഴിമതിയെയും കർണാടക ജനത പരാജയപ്പെടുത്തിയെന്നും വിദ്വേഷത്തിന്റെ ചന്ത പൂട്ടി സ്നേഹത്തിന്റെ കട തുടങ്ങിയെന്നുമാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പു വിജയത്തിനുശേഷം പറഞ്ഞത്. പക്ഷേ, രാജ്യം ഉറ്റുനോക്കുന്ന ആ കട നടത്തിപ്പുകാർതന്നെ തമ്മിലടിച്ചു പൂട്ടിക്കരുത്.
സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കർണാടകത്തിൽ അധികാരമേറ്റ കോൺഗ്രസ് സർക്കാർ കാണികൾക്കു മുന്നിലുള്ള ഒരു സ്റ്റേജിലെന്നതുപോലെ തുടരുകയാണ്. സത്യപ്രതിജ്ഞയ്ക്കുശേഷവും രാജ്യം അവിടേക്ക് ഉറ്റുനോക്കുന്നു. അടുത്ത പൊതുതെരഞ്ഞെടുപ്പുവരെയെങ്കിലും ഈ നിരീക്ഷണം തുടരും. സർക്കാരിന്റെ വിജയമുന്നേറ്റങ്ങൾ മാത്രമല്ല, ഓരോ പിഴവും ചർച്ച ചെയ്യപ്പെടും. കോൺഗ്രസിന്റെ ഭാവിയെ അതു നിർണയിക്കുകയും ചെയ്യും.
പാർട്ടിയുടെ രണ്ടാം വരവിലേക്കും ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിലേക്കും ഒരുപടികൂടി കടക്കാൻ കാരണമായ ഈ വിജയം ദേശീയരാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതായി മാറിക്കഴിഞ്ഞു. തെരഞ്ഞെടുപ്പുവിജയത്തിനു ‘മോദി ബ്രാൻഡ്’ എന്ന ബിജെപി പ്രചാരണം ദക്ഷിണേന്ത്യയിലെങ്കിലും പൊള്ളയാണെന്ന് കർണാടകത്തിലെ കോൺഗ്രസിനു തെളിയിക്കാനായി. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലും അതുയർത്തിയ പ്രകന്പനം ബിജെപിക്കും ബോധ്യമായിട്ടുണ്ട്. അടുത്തവർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ സമവാക്യങ്ങളെ കർണാടകം അഴിച്ചുപണിതെന്നു പറയാതെ വയ്യ.
കോൺഗ്രസ് സർക്കാരിന്റെ തുടക്കം ഉജ്വലമായിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ, വിധാൻസഭയിൽ ചേർന്ന ആദ്യ മന്ത്രിസഭായോഗം കോൺഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് അംഗീകാരം നൽകിക്കഴിഞ്ഞു. ഗൃഹജ്യോതി പദ്ധതിയിലൂടെ എല്ലാ വീടുകളിലും മാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഗൃഹലക്ഷ്മി പദ്ധതിയിലൂടെ സ്ത്രീകൾ നയിക്കുന്ന കുടുംബങ്ങൾക്ക് മാസം 2,000 രൂപ, ശക്തി പദ്ധതിയിലൂടെ ട്രാൻസ്പോർട്ട് ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര, അന്നഭാഗ്യ പദ്ധതിയിലൂടെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ ഓരോ അംഗത്തിനും 10 കിലോ അരി, യുവനിധി പദ്ധതിയിലൂടെ 18നും 25നും ഇടയിൽ പ്രായമുള്ള ബിരുദധാരികൾക്ക് പ്രതിമാസം 3,000 രൂപയും ഡിപ്ലോമ കഴിഞ്ഞവർക്ക് 1,500 രൂപയും എന്നിവയാണ് അംഗീകരിച്ചിരിക്കുന്നത്. 50,000 കോടി രൂപയുടെ ബാധ്യതയാണ് ഇതുമൂലം സർക്കാരിനുണ്ടാകാനിരിക്കുന്നത്. ഇത്തരം ആനുകൂല്യങ്ങൾക്കെതിരേ വിമർശനങ്ങളുമുയർന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പുവിജയം ലക്ഷ്യമിട്ട് രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് നിരോധിക്കണമോയെന്ന വിഷയം സുപ്രീംകോടതിയിലാണ്. അതെന്തായാലും, അതിസന്പന്നരുടെ കോടാനുകോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളുകയും നികുതി കുറച്ചുകൊടുക്കുകയും ചെയ്യുന്നതിലും വലിയ രാഷ്ട്രനിർമിതിയാണ് പാവങ്ങൾക്ക് സൗജന്യങ്ങൾ വാഗ്ദനം ചെയ്യുന്നതെന്നതിൽ തർക്കമില്ല.
കർണാടകത്തിൽ ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 135 സീറ്റാണ് കോൺഗ്രസ് നേടിയത്. സിദ്ധരാമയ്യ തന്നെ വീണ്ടും മുഖ്യമന്ത്രിയായി എന്ന പ്രത്യേകതയുമുണ്ട്. അഴിമതിയുടെ കറ പുരളാത്ത സിദ്ധരാമയ്യ കർണാടകത്തിന്റെ ഭരണം മാതൃകാപരമാക്കുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. അതേസമയം, കോൺഗ്രസിന്റെ കരുത്തും ദൗർബല്യവും ഈ തെരഞ്ഞെടുപ്പിലും തെളിഞ്ഞു. നേതാക്കളുടെ തമ്മിലടിയാണ് ദൗർബല്യം. വിഭാഗീയതയും ഗ്രൂപ്പ് വഴക്കുമില്ലാത്ത ഒരു സംസ്ഥാന ഘടകം പോലും പാർട്ടിക്കില്ല. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ പാർട്ടി അഭിമുഖീകരിക്കാനിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയും അതായിരിക്കും. അന്പരപ്പിക്കുന്ന വിജയം നേടി മിനിറ്റുകൾക്കകം കർണാടകത്തിലും അതുണ്ടായി. ജനകീയനായ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയും ബിജെപിയുടെ വേട്ടയാടലിൽ പതറാതെ പാർട്ടിയെ വിജയിത്തിലേക്കു നയിച്ച ഡി.കെ. ശിവകുമാറിനെ ഉപമുഖ്യമന്ത്രിയുമാക്കി തത്കാലം പരിഹരിച്ച പ്രതിസന്ധി പാർലമെന്റ് തെരഞ്ഞെടുപ്പ് വരെയെങ്കിലും ആവർത്തിക്കരുതെന്ന പ്രവർത്തകരുടെയും അനുഭാവികളുടെയും ആഗ്രഹം സംസ്ഥാന നേതാക്കളും ഹൈക്കമാൻഡും തിരിച്ചറിയുമെന്നു കരുതാം.
വർഗീയതയുടെയും അമിതദേശീയതയുടെയും വൈകാരിക പ്രകടനങ്ങളിലൂടെ എക്കാലവും വോട്ടർമാരെ സ്വാധീനിക്കാനാവില്ലെന്നുകൂടി കർണാടകം തെളിയിച്ചു. പ്രചാരണഘട്ടത്തിൽ പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും പല പരാമർശങ്ങളും വർഗീയച്ചുവയോടെയായിരുന്നെന്ന വിമർശനം ഉയർന്നിരുന്നു. മുസ്ലിം സംവരണം പിൻവലിച്ചതും ബജ്രംഗ്ദൾ നിരോധന സൂചനയെ മതവുമായി കൂട്ടിക്കുഴച്ചതുമൊക്കെ വിവാദമായിരുന്നു. പക്ഷേ, മതത്തെയും രാഷ്ട്രീയത്തെയും വ്യത്യസ്തമായി കാണാനുള്ള പ്രബുദ്ധത വോട്ടർമാർ പ്രകടിപ്പിച്ചു.
ബിജെപിയുടെ വിദ്വേഷ പ്രചാരണത്തെയും അഴിമതിയെയും കർണാടക ജനത പരാജയപ്പെടുത്തിയെന്നും വിദ്വേഷത്തിന്റെ ചന്ത പൂട്ടി സ്നേഹത്തിന്റെ കട തുടങ്ങിയെന്നുമാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പു വിജയത്തിനുശേഷം പറഞ്ഞത്. പക്ഷേ, രാജ്യം ഉറ്റുനോക്കുന്ന ആ കട നടത്തിപ്പുകാർതന്നെ തമ്മിലടിച്ചു പൂട്ടിക്കരുത്. ഈ കടയിൽനിന്നുള്ള സാധനങ്ങളുമായിവേണം കോൺഗ്രസിനു ഡൽഹിയിലേക്കുള്ള അവസാന ബസിൽ കയറാൻ.