കേരളത്തിലെ മലിനീകരണത്തിനു ശാശ്വത പരിഹാരവുമായി സ്വിസ് സംഘം മുഖ്യമന്ത്രിയെ കണ്ടു
Monday, June 11, 2018 2:35 PM IST
ബേണ്‍: ലോകത്തിലെ ഏറ്റവും ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ കേരളത്തില്‍ സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ സ്വിറ്റ്‌സര്‍ലന്റില്‍ നിന്നും ബേണ്‍ നിവാസി സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ എത്തിയ സ്വിസ് പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവന്തപുരത്തു കൂടിക്കാഴ്ച നടത്തി . കേരളത്തിന്റെ ശാപമായ പരിസര മലിനീകരണത്തിന് ശാശ്വത പരിഹാരംതേടിയായിരുന്നു ഈ കൂടിക്കാഴ്ച . ഈ സംരംഭത്തിനും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കും മുന്‍കൈ എടുത്തത് പത്രപ്രവര്‍ത്തകന്‍ റെജി ലൂക്കോസ് ആയിരുന്നു .

ചര്‍ച്ചയ്ക്കു മുന്നോടിയായി റെജി ലൂക്കോസ് സ്വിസ് പ്ലാന്റുകള്‍ ഇവിടെ എത്തി സന്ദര്‍ശിച്ചിരുന്നു . അദ്ദേഹത്തിന്റെ സ്വിസ് യാത്രയ്ക്ക് മുന്‍പും പിന്നീടും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ഈ പദ്ധതിയേക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു. കേരളത്തിന്റെ മലിനീകരണത്തിനു ശാശ്വത പരിഹാരത്തിന് ഉറച്ച നിലപാടുള്ള മുഖ്യമന്ത്രി മറ്റു നിരവധി പരിപാടികള്‍ മാറ്റി വച്ച് സ്വീസ് പ്രോജക്ടിന് അംഗീകാരം നല്‍കി.

വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുമായി ആദ്യഘട്ടത്തിലും പിന്നീട് കേരളത്തിന്റെ ബഹു. മുഖ്യമന്ത്രിയും ആയി ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയും മുഖ്യമന്ത്രി വളരെ വേസ്റ്റ് എനര്‍ജി എന്ന സ്വിസ് മാതൃക ആണ് കേരളത്തിന് അഭികാമ്യം എന്നു അഭിപ്രായപ്പെടുകയുമുണ്ടായി. അതിന്റെ സാധ്യതകള്‍ ആരായാന്‍ ഉന്നത ഉദ്യോഗസ്ഥരെയും അധികാരപ്പെടുത്തുകയും ചെയ്തു . കേരളത്തിന്റെ പ്രതലത്തില്‍ നിന്ന് ഇത് എന്നെന്നേയ്ക്കും നിര്‍മാര്‍ജനം ചെയ്യുക എന്നുള്ളതാണ് സര്‍ക്കാരിന്റെ പരമ പ്രധാനം ആയ ഉദേശം എന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി സൂചിപ്പിച്ചു. കേരളത്തില്‍ ഉടനീളം ഏഴോളം ആധുനിക പ്ലാന്റുകള്‍ സ്ഥാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതിനുള്ള നടപടി ക്രമങ്ങള്‍ക്കു കെഎസ്‌ഐഡിസിയെ ചുമതല പ്പെടുത്തുകയും ചെയ്തു. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സ്വിസ് മലയാളികള്‍ കാണിക്കുന്ന ഉത്സാഹത്തെ മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു. ഇത് ഒരു സ്വിസ് ഗവണ്‍മെന്റ് ടു കേരള ഗവണ്‍മെന്റ് പ്രൊജക്റ്റ് ആയിരിക്കും

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സ്വിസ് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് മരിയ കസാറാസ്, സോളോതൂണ്‍ കന്റോണ്‍ പ്രതിനിധി , മാധ്യമപ്രവര്‍ത്തകന്‍ റെജി ലൂക്കോസ് , ടോം ജോസ് ഐഎഎസ് ,മറ്റു വിവിധ വകുപ്പുതല മേധാവികള്‍,സണ്ണി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം