അയർലൻഡിൽ കോട്ടയം സ്വദേശിനിയായ യുവതി കാറപകടത്തിൽ മരിച്ചു
Saturday, April 14, 2018 4:52 PM IST
കോർക്ക്: കോട്ടയം സ്വദേശിനിയായ യുവതി കാറപകടത്തിൽ മരിച്ചു. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആയ കുറിച്ചി വട്ടൻചിറയിലായ പാറച്ചേരി വീട്ടിൽ സിനി ചാക്കോ (27) ആണ് മരിച്ചത്.

മാർച്ച് 14ന് ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്കു മടങ്ങും വഴി, റോഡ് മുറിച്ചു കടക്കവേ, കോർക്ക് വിൽട്ടണിലുള്ള പെഡസ്ട്രിയൻ ക്രോസിംഗിൽ വച്ചായിരുന്നു അപകടം. തലക്കു പരിക്കേറ്റു ഒരു മാസത്തോളം ഗുരുതരാവസ്ഥയിൽ ആയിരുന്ന സിനി ഏപ്രിൽ 12 നാണ് മരണത്തിനു കീഴടങ്ങിയത്.

അപകട വാർത്തയറിഞ്ഞയുടനെ തന്നെ യുഎഇയിൽ ഉള്ള സഹോദരനും നാട്ടിലുള്ള മാതാപിതാക്കളും അയർലൻഡിൽ എത്തിയിരുന്നു.

പൊതുദർശനം 14 നു (ശനി) ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം 6 വരെ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ മോർച്ചറിക്കു സമീപമുള്ള ചാപ്പലിലും 15നു (ഞായർ) ഉച്ചകഴിഞ്ഞു 2 മുതൽ 4 വരെ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ചാപ്പലിലും പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം വിലാപയാത്രയായി വിൽട്ടണ്‍ ടെസ്കോക്കു സമീപമുള്ള സെന്‍റ് ജോസഫ് പള്ളിയിലേക്കു കൊണ്ടുപോകും. തുടർന്നു നടക്കുന്ന വിശുദ്ധ കുർബാനയിൽ അയർലൻഡിലെ വിവിധ പള്ളികളിലെ വൈദികർ പങ്കെടുക്കും. സംസ്കാരം മാതൃ ഇടവകയായ കുറിച്ചി വലിയപള്ളിയിലെ കുടുംബ കല്ലറയിൽ നടക്കും.

റിപ്പോർട്ട്: വി. രാജൻ